വിതുര ബോണാക്കാട് സ്വദേശിനി ആനിമോൾ ഗിൽഡയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...

ദുബായിൽ കൊല്ലപ്പെട്ട തിരുവനന്തപുരം വിതുര ബോണാക്കാട് സ്വദേശിനി ആനിമോൾ ഗിൽഡ(26)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് സാമൂഹികപ്രവർത്തകരറിയിച്ചു. പ്രോസിക്യൂഷൻ നടപടികൾ പൂർത്തിയായാലുടൻ മൃതദേഹം കൊണ്ടുപോകാൻ കഴിയുമെന്ന് ഇതിനായി ഇടപെടൽ നടത്തുന്ന നിഹാസ്, ശ്യാം എന്നിവർ പറഞ്ഞു. ദുബായ് കരാമയിലെ താമസിക്കുന്ന മുറിയിൽ ഈമാസം നാലിനാണ് ആനിമോൾ കൊല്ലപ്പെട്ടത്. ആനിമോളുടെ സുഹൃത്തായ കൊല്ലം സ്വദേശി അബിൻലാൽ മോഹൻലാൽ അന്നുതന്നെ അബുദാബി വിമാനത്താവളത്തിൽ കേസിൽ അറസ്റ്റിലായിരുന്നു.
കൃത്യം നടത്തിയശേഷം നാട്ടിലേക്ക് കടക്കാൻശ്രമിച്ച പ്രതിയെ അന്നുതന്നെ പോലീസിന്റെ ഊർജിതമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടാനായത്. രണ്ടുവർഷത്തോളമായി െക്രഡിറ്റ് കാർഡ് സെയിൽസ് വിഭാഗത്തിലായിരുന്നു ആനിമോൾ ജോലിചെയ്തിരുന്നത്. അടുത്തിടെയാണ് നാട്ടിൽപ്പോയി തിരിച്ചെത്തിയത്. വിവാഹാലോചനയ്ക്കിടെയാണ് സംഭവമുണ്ടായത്.
അബുദാബിയിലെ ആശുപത്രി ജീവനക്കാരനായിരുന്നു അബിൻ ലാൽ മോഹൻലാൽ. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആനിമോളും യുവാവും തമ്മിൽ പ്രണയത്തിലായത്. ഒന്നര വർഷം മുമ്പ് യുഎഇയിൽ ആനിമോളെ കൊണ്ടുവന്നു.
ഇതിനിടെ ഇവർ ലിവിങ് ടുഗെതരിൽ ആയിരുന്നുവെന്ന ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. പിന്നീട് കരാമയിൽ ജോലി കിട്ടിയപ്പോൾ ആനിമോൾ അങ്ങോട്ടേയ്ക്ക് മാറി.
തുടർന്നാണ് എല്ലാ ഞായറാഴ്ചയും ആനിമോളെ കാണാനായി അബിൻ ഇവിടേയ്ക്ക് എത്തിയത്. ഇതൊക്കെ ചില സുഹൃത്തുക്കൾക്ക് മാത്രമേ അറിവുണ്ടായിരുന്നു.
https://www.facebook.com/Malayalivartha