സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിതീവ്ര മഴ... രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വടക്കന്‍ ജില്ലകളില്‍ അതിജാഗ്രത, കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കടലാക്രമണ സാദ്ധ്യത

സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിതീവ്ര മഴ. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണിത്. തുടക്കത്തില്‍ മദ്ധ്യ വടക്കന്‍ ജില്ലകളിലും തീരദേശ മേഖലയിലും ശക്തമാകുന്ന മഴ, കാറ്റ് ശക്തമാകുന്നതോടെ മലയോര മേഖലയിലും വ്യാപിക്കും. നാല് ദിവസം വരെ ഇത് തുടരും.
ഇന്ന് കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ടാണ്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭ്യമാകും. പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട് ഇന്ന് ഓറഞ്ച് അലര്‍ട്ട്. യെല്ലോ അലര്‍ട്ട് തിരുവനന്തപുരം,കൊല്ലം ജില്ലകളിലാണ്.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കടലാക്രമണ സാദ്ധ്യതയുമുണ്ട്. കാസര്‍കോട് കടല്‍ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.
മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമുണ്ട്.
കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു. വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കി.
അതിനിടെ, തിരുവനന്തപുരത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha