പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ നില ഗുരുതരം...വെന്റിലേറ്ററില്‍ തുടരുന്നു

ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരം. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുന്നു.
പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാനെതിരെ അന്വേഷണസംഘം വെള്ളിയാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് രണ്ടുകേസുകളില്‍ അടുത്തദിവസം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
ഞായറാഴ്ച രാവിലെ 11ഓടെയാണ് സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയില്‍ മുണ്ടുപയോഗിച്ച് അഫാന്‍ തൂങ്ങിയത്. സഹോദരനും കാമുകിയും അടക്കം അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാനെ അതീവസുരക്ഷയുള്ള ബ്ലോക്കിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഞായറാഴ്ച തടവുകാരെ ടി.വി കാണാനായി പുറത്തിറക്കിയപ്പോള്‍ ശുചിമുറിയില്‍ പോകണമെന്ന് സുരക്ഷ ജീവനക്കാരോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ശുചിമുറിയുടെ സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കിയ ഇയാള്‍ നിമിഷനേരംകൊണ്ട് ശുചിമുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങുകയായിരുന്നു. ശബ്ദംകേട്ടെത്തിയ വാര്‍ഡന്‍ ഇത് കാണുകയും ഉടന്‍തന്നെ ജയില്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റ് തടവുകാരുടെ സഹായത്തോടെ അഴിച്ചിറക്കിയ അഫാനെ 11.20ഓടെ മെഡിക്കല്‍കോളജില്‍ എത്തിച്ചു. കഴുത്തില്‍ കുരുക്കു മുറുകിയതിനാല്‍ ബോധം നശിച്ചിരുന്നു. ഇടയ്ക്കിടെ അപസ്മാര ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. മസ്തിഷ്‌കത്തിലേക്കെത്തുന്ന ഓക്സിജന്റെ അളവ് കുറയുന്നതും ചികിത്സയെ ബാധിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍.
അതേസമയം ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അനുജന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് സാമ്പത്തിക ബാധ്യതയുടെ പേരില്‍ അഫാന്‍ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം പൊലീസില്‍ കീഴടങ്ങുമ്പോഴും അഫാന്‍ എലിവിഷം കഴിച്ചിരുന്നു.
"
https://www.facebook.com/Malayalivartha