തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതം: അബോധാവസ്ഥയിലായിരുന്ന അഫാന് മൂന്നിലേറെ തവണ അപസ്മാരം; കഴുത്തിലെ ഞരമ്പുകൾക്ക് മാരകമായ പരിക്ക്: ഓർമ്മശക്തി തിരികെക്കിട്ടാൻ ചികിത്സ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ | അഫാന്റെ ആരോഗ്യ നില കേസുകളെ ബാധിക്കുന്ന അവസ്ഥ...

അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ്. ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന അഫാന് ആശുപത്രിയിലെത്തിച്ചപ്പോൾ മൂന്നുതവണ അപസ്മാരമുണ്ടായി. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ആത്മഹത്യാപ്രവണതയുള്ളതിനാൽ പ്രത്യേക നിരീക്ഷണം വേണ്ടവരെ പാർപ്പിക്കുന്ന ബ്ലോക്കിലാണ് അഫാനെ താമസിപ്പിച്ചിരുന്നത്. അഫാനടക്കം രണ്ടുപേർ മാത്രം ഒരു സെല്ലിൽ. സഹതടവുകാരനോട് അഫാനെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.
ഞായറാഴ്ചയായതിനാൽ രാവിലെ 11ന് ബ്ലോക്കിൽ തന്നെയുള്ള പ്രത്യേക മുറിയിൽ ടിവി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അഫാനെ നിരീക്ഷിക്കുന്ന സഹതടവുകാരൻ ഫോൺ ചെയ്യാൻ പോയപ്പോഴാണ് അലക്കി ഉണങ്ങാനിട്ട മുണ്ടെടുത്ത് ശുചിമുറിയിൽ കയറി അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിൽ ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ‘ജയിലിനുള്ളിലെ ജയിൽ’ എന്നറിയപ്പെടുന്ന യുടിബി ബ്ലോക്കിലാണു അഫാനെ പാർപ്പിച്ചിരുന്നത്. പ്രതി മുൻപും ജീവനൊടുക്കാൻ ശ്രമിച്ചതിനാൽ അതീവ സുരക്ഷ വേണമെന്നു പൊലീസിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നിട്ടും കൃത്യമായ സുരക്ഷ ഒരുക്കാത്ത നടപടിയിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. ജയിലിൽ എത്തിയ ശേഷവും അഫാന്റെ പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ കണ്ടിരുന്നു.
ശാന്തമായാണ് എല്ലാവരോടും പെരുമാറിയിരുന്നതെങ്കിലും ആരോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. അഫാൻ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്നാണ് ജയിൽ അധികൃതർ പറയുന്നത്. വിഷാദ രോഗത്തിന് ഡോക്ടർമാരെ കണ്ടിരുന്നു. ആത്‌മഹത്യാപ്രവണതയും കാണിച്ചിരുന്നു. അതിനാൽ സദാ സമയവും ജയിൽ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു അഫാൻ.
ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്ന അഫാന്റെ ആരോഗ്യനില അതീവ ഗുരുതരാമെന്നാണ് റിപ്പോർട്ട്. തൂങ്ങി മരിക്കാനുള്ള ശ്രമത്തിൽ കഴുത്തിലെ ഞരമ്പുകൾക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. ഇപ്പോൾ അബോധാവസ്ഥയിലാണ്. സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ ഡോക്ടർമാർ തീവ്ര പരിശ്രമം നടത്തുകയാണ്. ഓർമ്മശക്തി തിരികെക്കിട്ടാൻ ചികിത്സ തുടരേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ശാരീരികമായും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകും.
വെന്റിലേറ്ററിൽ നിന്ന് മാറ്റിയാലും മൂന്നോ, നാലോ മാസം ചികിത്സ തുടരേണ്ടിവരും. നാല്പത്തെട്ട്‍ മണിക്കൂർ വെന്റിലേറ്റർ നിരീക്ഷണത്തിനു ശേഷമായിരിക്കും അടുത്ത നടപടികളിലേയ്ക്ക് കടക്കുക. അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജയിൽ അധികൃതർ അഫാന്റെ പിതാവ് റഹീമിനെ വിവരം അറിയിച്ചിരുന്നു. അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ് അബ്ദുല്‍ റഹിം പറഞ്ഞു.
അവന്‍ ചെയ്തതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കട്ടെ. അതില്‍ കൂടുതല്‍ മറ്റൊന്നും പറയാനില്ല. എന്താണ് ചെയ്തതെന്ന് അഫാന് കൃത്യമായി അറിയാമല്ലോ. അപ്പോള്‍ അനുഭവിക്കുക തന്നെ വേണം എന്നായിരുന്നു പിതാവിന്റെ പ്രതികരണം. അഫാന്റെ ആരോഗ്യ നില കേസുകളെ ബാധിക്കുന്ന അവസ്ഥയിലാണ്. കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാൻ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. ഓർമ്മശക്തി നഷ്ടപ്പെട്ടാൽ വിചാരണയെ ബാധിക്കും.
തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാന്‍ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉള്‍പ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാന്‍ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ അഫാനെ കാണാൻ താത്പര്യം ഇല്ലെന്ന് തന്നെയാണ് കുടുംബം നേരത്തെ വ്യക്തമാക്കിയത്. ആ ഉമ്മയുടെയും ഉപ്പയുടെയും അവസ്ഥ ഒരു മകൻ ഇങ്ങനെയായായതിൽ ഖേദിക്കുന്നു... ഇവനെയൊന്നും ജയിലിൽ തീറ്റി പോറ്റാൻ കഴിയില്ല എന്ന് ഓർത്ത് ഏതോ നല്ലവനായവൻ കണ്ണടച്ചതാണെന്നു തോന്നുന്നു... തൂങ്ങി മരിക്കാൻ ശ്രമിച്ചാൽ ഹൃദയത്തിന് ക്ഷതം ഏൽക്കുമോ, ആരെങ്കിലും പെരുമാറിയത് ആണോ? എന്നൊക്കെ പ്രേക്ഷക പ്രതികരണം ഉയരുന്നത്.
https://www.facebook.com/Malayalivartha