സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പാക്കാനും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനം

സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പാക്കാനും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനമായി. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അദ്ധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും മനോഭാവം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ പ്രഥമാദ്ധ്യാപികയെ മാനേജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തു. മന്ത്രി ശിവന്‍കുട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി നടപടി സ്വീകരിച്ചത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണം. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം തേവലക്കര സ്‌കൂള്‍ മാനേജ്മെന്റിനെതിരെ നടപടിയെടുക്കാവുന്നതാണ്. സുരക്ഷാവീഴ്ച വരുത്തുന്ന മാനേജ്‌മെന്റുകളില്‍ നിന്ന് സ്‌കൂളുകള്‍ ഏറ്റെടുക്കാനും അംഗീകാരം റദ്ദാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മിഥുന്റെ കുടുംബത്തിന് മൂന്നുലക്ഷം നല്‍കും. ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പി.ഡി അക്കൗണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റും ധനസഹായം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി കൂടുതല്‍ ധനസഹായം പ്രഖ്യാപിക്കുന്നതാണ്. സഹോദരന് പന്ത്രണ്ടാം ക്ലാസുവരെ പരീക്ഷാഫീസ് അടക്കമുള്ള ചെലവുകള്‍ ഒഴിവാക്കി വിദ്യാഭ്യാസം നല്‍കുന്നതാണ്.
https://www.facebook.com/Malayalivartha
























