മഹാപ്രളയത്തിനും ഉരുള്‍പൊട്ടലിനും സാദ്ധ്യത; ഓഗസ്റ്റും സെപ്റ്റംബറും വീണ്ടും കേരളത്തിന് ആശങ്ക!

വരാനിരിക്കുന്നത് മഹാപ്രളയമോ ഉരുള്‍ദുരന്തമോ. 2018ലേതിനു സമാനമായ മഹാപ്രളയത്തിനും ചൂരമല ഉരുള്‍ ദുരന്തത്തിനു സമാനമായ മഹാദുരന്തങ്ങള്‍ക്കോ ഉള്ള ഉള്ള സാധ്യത ഇക്കൊല്ലവും തള്ളിക്കളയാനാവില്ല. കേരളത്തില്‍ മിക്ക പ്രകൃതിദുരന്തങ്ങളും ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി കേരളത്തെ നടുക്കിയ ഒരു ദുരന്തമെങ്കിലും ഈ മൂന്നു മാസങ്ങളില്‍ ആവര്‍ത്തിക്കുന്നു എന്നിരിക്കെ കേരളം കരുതലോടെയിരിക്കണ്ട ദിവസങ്ങളാണ് അടുത്തുകൊണ്ടിരിക്കുന്നത്.
വരുദിവസങ്ങളില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാവിഭാഗം പ്രവചിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ടു മൂന്നു ദിവസം പെരുമഴ പെയ്യുകയും ഏതെങ്കിലുമൊരു പ്രദേശം അപ്പാടെ ഇല്ലാതാകുകയും ചെയ്യുന്ന പ്രതിഭാസമാണ് കേരളത്തില്‍ പതിവായിരിക്കുന്നത്. നാലു ദിവത്തെ തോരാത്ത മഴയില്‍ 2018ല്‍ കേരളത്തിലെ ആറു ജില്ലകള്‍ ഏറെക്കുറെ മുങ്ങിപ്പോയി. ആലപ്പുഴ ജില്ല പൂര്‍ണമായി മുങ്ങിയ സാഹചര്യം ഇക്കൊല്ലവും ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
2018ല്‍ മഹാപ്രളയത്തെ മുന്നില്‍ കണ്ട വര്‍ഷത്തില്‍ കേരളത്തില്‍ 10 ജില്ലകളിലായി 341 മണ്ണിടിച്ചിലുകളാണ് ഉണ്ടായത്. കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. 2015 നും 2024 നും ഇടയില്‍ ഇന്ത്യയില്‍ നാലായിരം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതില്‍ രണ്ടായിരത്തി അഞ്ഞൂറ് എണ്ണവും കേരളത്തിലായിരുന്നു. മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വര്‍ഷമായിരുന്നു 2018. അതിശക്തമായ മഴയെത്തുടര്‍ന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി.
അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി കേരളത്തിലെ 54 അണക്കെട്ടുകളില്‍ 35 എണ്ണവും ഒരേ സമയം തുറന്നുവിടേണ്ടിവന്നു. 26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകള്‍ എട്ടു മീറ്റര്‍ ഉയരത്തില്‍ ഒരുമിച്ചു തുറന്നു. ആലുവ പൂര്‍ണമായി മുങ്ങി. നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിലായി.
കനത്ത മഴയിലും പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏകദേശം 483 പേര്‍ മരിച്ചതായാണ് കണക്കുകകള്‍. സംസ്ഥാനത്ത് 14 പേരെ കാണാതായി. ഓഗസ്റ്റില്‍ 15 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജിവിക്കേണ്ട അവസ്ഥയിലെത്തി. ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് സംഭവിച്ചത്. 2001 നവംബര്‍ ഒന്‍പതിനാണ് തിരുവനന്തപരത്തെ കുടിയേറ്റ ഗ്രാമമായ തിരുവനന്തപുരം അമ്പൂരിയില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. പൊട്ടിയൊഴികിയെത്തിയ ഉരുള്‍ കവര്‍ന്നെടുത്തത് 39പേരുടെ ജീവനായിരുന്നു. അന്നോളം കേരളം കണ്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലായിരുന്നു അമ്പൂരില്‍ ഉണ്ടായത്. പിന്നീടിങ്ങോട്ട് ഓരോ വര്‍ഷവും ഒരു മഹാദുരന്തം ഈ മാസങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
2019ലായിരുന്നു കരളത്തെ മുഴവന്‍ വിറപ്പിച്ച കവളപ്പാറയും പുത്തുമലയും ദുരന്തഭൂമിയായയത്. 2019 ഓഗസ്റ്റ് എട്ടിനാണ് വയനാട്ടിലെ പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഉരുള്‍പൊട്ടിയത്. 17 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ ഇനിയും അഞ്ച് പേരെ കണ്ടെത്താനായിട്ടില്ല. മലവെള്ളപാച്ചിലില്‍ കവളപ്പാറയില്‍ ഇല്ലാതായത് 59 ജീവനുകളാണ്. അതില്‍ 11 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ആദിവാസി കുടുംബങ്ങളായിരുന്നു അന്ന് അപകടത്തില്‍പെട്ടവര്‍ ഏറെയും. അന്ന് ദുരന്തമുണ്ടായ പുത്തുമലയില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ. മൂന്നാറിന് സമീപം പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അന്ന് ജീവന്‍ നഷ്ടമായത് 66 പേര്‍ക്കായിരുന്നു.
2020 ഓഗസ്റ്റ് ആറിന് രാത്രിയിലായിരുന്നു പെട്ടിമുടിയിലെ തോട്ടം തൊഴിലാളികളുടെ ലയങ്ങളിലേക്ക് മല പൊട്ടി ഒലിച്ചിറങ്ങിയത്. നാല് പേരുടെ മൃതദേഹങ്ങള്‍ ഇനിയും കിട്ടിയിട്ടില്ല. ഇവരെ പിന്നീട് സര്‍ക്കാര്‍ മരിച്ചവരായി പ്രഖ്യാപിച്ചിരുന്നു. 2021 ഒക്ടോബര്‍ 16ന് ഉച്ചയോടെയാണ് കോട്ടയം ജില്ലയിലെ കൂട്ടിക്കലും സമീപ പഞ്ചായത്തായ കൊക്കെയാറിലും ഉരുള്‍പൊട്ടലുണ്ടാകുന്നത്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലായാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇരുപത്തിയൊന്ന് ജീവനുകളാണ് അന്ന് മണിമലയാറിന്റെ തീരത്തുള്ള ആ ഗ്രാമത്തില്‍ നിന്ന് നഷ്ടമായത്.
സാധാരണ പെയ്യുന്നതിന്റെ ഇരട്ടി മഴവരെ ഉണ്ടായ സമയങ്ങളിലാണ് കേരളത്തിലെ ഉരുള്‍പൊട്ടലുകള്‍ എല്ലാം നടന്നത്. കഴിഞ്ഞ 30 വര്‍ഷമായി കേരളത്തില്‍ ജൂണിലും, ജൂലൈയിലും മഴ കുറയുകയും ഓഗസ്റ്റിലും, സെപ്റ്റംബറിലും കൂടുകയും ചെയ്യുകയാണ്. മഴ കൂടുന്ന ഓഗസ്റ്റ് മാസങ്ങളിലാണ് ഉരുള്‍പൊട്ടലില്‍ ഏറെയും ഉണ്ടാകുന്നത്. 1961 മുതല്‍ 5874 ഉരുള്‍പൊട്ടലുകളാണ് പശ്ചിമഘട്ട മലനിരകളില്‍ ഉണ്ടായത്. ഇടുക്കി വെള്ളത്തൂവലില്‍ കൃത്യം 50 വര്‍ഷം മുന്‍പ് 1974 ജൂലൈ 28ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ അന്‍പതു പേരാണ് മരിച്ചത്.
2018ന് ശേഷം ഉരുള്‍പൊട്ടലുകളുടെ തീവ്രത കൂടുകയാണ്. ഒപ്പം ജീവഹാനി കൂടുകയും നാശനഷ്ടം ഏറുകയും ചെയ്യുന്നു. 2018ലെ അതി വര്‍ഷത്തിന് ശേഷം തീവ്ര ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ എണ്ണവും ഏറിയിരിക്കുന്നു. 2018 ലെ അതിവര്‍ഷത്തില്‍ കേരളത്തിലാകെ 341 ഉരുള്‍പൊട്ടലുകളുണ്ടായി. ഇടുക്കിയില്‍ മാത്രം 104 പേരുടെ ജീവനെടുത്ത 143 ഉരുള്‍പൊട്ടലുകള്‍ ഈ കാലയളവിലുണ്ടായി. 2020ല്‍ പെട്ടിമുടി 2021 ല്‍ കൂട്ടിക്കല്‍ എന്നിങ്ങനെ ഓരോ വര്‍ഷവും കേരളത്തിന്റെ നോവായി ഉരുള്‍ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha