സിനിമ സ്‌റ്റൈലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു. വീട്ടില്‍ പുതിയ ടൈല്‍ പാകിയതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുംബൈയിലെ നല്ലസൊപാരയിലെ ഗംഗ്‌നിപാഡ പ്രദേശത്തെ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന വിജയ് ചൗഹാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. 34കാരനായ ഇദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലെ തറയില്‍ ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏകദേശം രണ്ടാഴ്ച്ച മുമ്പ് കുഴിച്ചിട്ടതായി കരുതുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ സാന്നിധ്യത്തില്‍ പോലീസ് തിങ്കളാഴ്ച മൃതദേഹം പുറത്തെടുത്തു.
ഭാര്യ ചമന്‍ ദേവിയും (28) ഇവരുടെ അയല്‍വാസിയും കാമുകനുമായ മോനു ശര്‍മ്മയുമാണ് (20) കൊലപാതകത്തിനുപിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ട് പ്രതികള്‍ക്കുമെതിരെ ഭാരതീയ നിയമ സംഹിതയിലെ കൊലപാതകം (സെക്ഷന്‍ 103), തെളിവ് നശിപ്പിക്കല്‍ (238), പൊതു ഉദ്ദേശ്യം (3(5)) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ചമന്‍ ദേവിയെയും കാമുകന്‍ ശര്‍മ്മയെയും കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ചൗഹാന്റെ രണ്ട് സഹോദരന്മാര്‍ അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ പുതിയ ടൈല്‍ പാകിയതായി ശ്രദ്ധയില്‍പ്പെട്ടതാണ് സംശയത്തിന് കാരണമായതും പോലീസില്‍ അറിയിച്ചതും.
https://www.facebook.com/Malayalivartha