സഖാക്കളായ തടവുകാർക്ക് രാത്രികളിൽ സുഖവാസം : ക്വട്ടേഷൻ , മോഷണം കൊലപാതകം ... ഗോവിന്ദച്ചാമി ദ്യക്സാക്ഷി

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുപുള്ളികൾക്ക് എല്ലാ സൗകര്യവും ലഭിക്കുമെന്ന് ജയിൽ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി സമ്മതിച്ചു . കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സുലഭമാണ്. ഇത് എത്തിച്ചു നൽകുന്നതിന് ആളുകളുണ്ട്. മൊബൈൽ ഉപയോഗിക്കാനും ജയിലിൽ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകി. കണ്ണൂരിൽ തടവുകാർക്ക് യഥേഷ്ടം ലഹരി വസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ മൊഴി. ഇത് സി പി എം തടവുകാർക്ക് വേണ്ടി ജയിലിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്.
എല്ലാത്തിനും പണം നൽകണമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളാണ് ജയിൽ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും നൽകിയ മൊഴിയും.
ജയിലിലാകുന്ന സിപിഎം പ്രവർത്തകർക്ക് വഴിവിട്ട സഹായങ്ങൾ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേയുണ്ട്. സിപിഎം നേതാക്കളായ ജയിൽ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണ് ജയിലിൽ വഴിവിട്ട കാര്യങ്ങൾ നടക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി കണ്ണൂർ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതുവരെ പുറത്തു വന്നിരുന്നു. കൊടി സുനി പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വർണക്കടത്തും നിയന്ത്രിച്ചതും വരെ പുറത്തുവന്നിരുന്നു. കൊടി സുനി സി പിഎമ്മിന്റെ മാർപാപ്പയാണ്.
നല്ല ഭക്ഷണവും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകളും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിലിൽ പ്രശ്നമുണ്ടാക്കിയിരുന്നു. ചില തടവുകാർക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നതുകൊണ്ടായിരിക്കാം ഗോവിന്ദച്ചാമിയും ലഹരി മരുന്ന് വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നത്. ഒടുവിൽ നിഷ്പ്രയാസം ഗോവിന്ദച്ചാമി ജയലിനു പുറത്തുചാടി. ജയിലിലെ അരാജകത്വത്തിന്റെ തെളിവാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും തുടർന്ന് പൊലീസിന് നൽകിയ മൊഴിയും. ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടിക്കാനായെങ്കിലും ജയിലിലെ സുരക്ഷാവീഴ്ച, വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഎമ്മിനു വലിയ നാണക്കേടായി. ജയിലിൽ സിപിഎം തടവുകാരുടെ ഭരണമാണെന്ന ആക്ഷേപം നിരന്തരം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് ജയിൽച്ചാട്ടം മറ്റൊരായുധമായി. ജയിൽ ചാടാനുള്ള എല്ലാ സൗകര്യങ്ങളും ഗോവിന്ദച്ചാമിക്കു കിട്ടിയെന്നാണു വ്യക്തമാകുന്നത്.
ജയിലിലും സിസ്റ്റത്തിന്റെ തകരാറോയെന്ന പരിഹാസം സിപിഎമ്മിനുനേരെ ഉയർന്നു. ജയിലിലാകുന്ന സിപിഎം പ്രവർത്തകർക്കു വഴിവിട്ട സഹായങ്ങൾ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേയുണ്ട്. അതു ശരിവയ്ക്കുന്ന സംഭവങ്ങൾ ജയിലിൽ പതിവാണ്. സെല്ലുകളിൽനിന്നു മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടുന്ന സംഭവങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സിപിഎം നേതാക്കളായ ജയിൽ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണു ജയിലിൽ വഴിവിട്ട കാര്യങ്ങൾ നടക്കുന്നതെന്നാണു പ്രതിപക്ഷ ആരോപണം. പി ജയരാജൻ ഉപദേശക സമിതി അംഗമാണ്.
ഏറ്റവുമൊടുവിൽ കാരണവർ വധക്കേസിലെ ഷെറിന്റെ ജയിൽ മോചനത്തിനു പിന്നിലും ഇത്തരം ആക്ഷേപങ്ങൾ ഉയർന്നു. വനിതാ ജയിലിൽ ഷെറിനു ലഭിച്ച പരിഗണന ചർച്ചയായി. ഇതിൽ ഒരു മന്ത്രിയും ഡി.ഐ ജിയും ആരോപണവിധേയരായി. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം കൂടിയായതോടെ സെൻട്രൽ ജയിലിൽ കാര്യങ്ങൾ നേരായ രീതിയിലല്ലെന്നാണു വെളിപ്പെടുന്നത്. ജയിൽ ചാടാൻ ഗോവിന്ദച്ചാമി നടത്തിയ ദീർഘനാളത്തെ ആസൂത്രണവും അതിന്റെ നിർവഹണവും ജയിൽവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടെന്നതിനു തെളിവാണ്. ദിവസങ്ങളെടുത്ത് അഴികൾ മുറിച്ചിട്ടും ആരും അറിഞ്ഞില്ല. സ്വാതന്ത്ര്യവും ഒത്താശയും ലഭിക്കാതെ അംഗപരിമിതനായ ഒരാൾക്കു ജയിൽ ചാടാൻ സാധിക്കില്ലെന്നു വ്യക്തം.കാരണം സി.പി. എമ്മുകാർ ഇത്തരത്തിൽ പല കലാപരിപാടികളും കണ്ണൂരിൽ ഒപ്പിക്കാറുണ്ട്.
ആസൂത്രണത്തിനുള്ള അവസരം എങ്ങനെയുണ്ടായെന്ന ചോദ്യം പ്രസക്തമാണ്. പിടിയിലാകുമ്പോൾ ഗോവിന്ദച്ചാമിയുടെ കയ്യിൽ ചെറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തൽ. ഏഴര മീറ്റർ ഉയരമുള്ള മതിൽചാടിയത് തുണികൾ കൂട്ടിക്കെട്ടി വടംപോലെയാക്കിയാണ്. അഴികൾ മുറിക്കാനുള്ള ഹാക്സോ ബ്ലേഡ് ജയിലിലെ വർക്‌ഷോപ്പിലേതാണ്. സിസിടിവി നിരീക്ഷണമുണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നു പറയുന്നത് ജയിലിലെ അരാജകത്വത്തിനു തെളിവാണ്. അതായത് ഇത്തരത്തിൽ പ്രതികൾ ചാടിപോകുന്നതും പിന്നീട് വരുന്നതുമെല്ലാം പതിവായിരിക്കണം.
പ്രത്യേക നിരീക്ഷണത്തോടെ പാർപ്പിക്കേണ്ട കുറ്റവാളി തടവുചാടിയത്, ജയിൽ നിയന്ത്രണം ഉദ്യോഗസ്ഥർക്കല്ലെന്ന ആരോപണം ശരിവയ്ക്കുന്നു. ഗോവിന്ദച്ചാമിയെപ്പോലൊരു കുറ്റവാളി ജയിൽ ചാടിയ സാഹചര്യം സർക്കാർ സ്ത്രീസുരക്ഷ പരിഗണിക്കുന്നില്ലെന്നതിനു തെളിവായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. ഉത്തരവാദിത്തത്തിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന് ഒഴിയാനാവില്ലെന്നും അവർ പറയുന്നു. പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുകയാണെന്ന വാദവുമായാണ് സിപിഎം ഇതിനെ നേരിടുന്നത്.
ദീർഘനാളത്തെ ആസൂത്രണത്തിലൂടെയാണ് ജയിൽചാട്ടത്തിനുള്ള സൗകര്യങ്ങൾ ഗോവിന്ദച്ചാമി ഒരുക്കിയതെന്നാണു മനസ്സിലാകുന്നത്. അതൊന്നും തിരിച്ചറിയാൻ ജയിൽ അധികൃതർക്കു കഴിഞ്ഞില്ല എന്നതു ഗുരുതര പിഴവാണ്. ജയിൽചാട്ടത്തിനു മാസങ്ങൾക്കുമുൻപേ തുടങ്ങിയ സൗകര്യസജ്ജീകരണം അധികൃതർ അറിഞ്ഞില്ലെന്നുമാത്രമല്ല, ഇന്നലെ പുലർച്ചെ ജയിൽ ചാടി ഇയാൾ ഏറെദൂരം നടന്നുപോയശേഷമാണ് അസാന്നിധ്യം കണ്ടെത്തുന്നതുപോലും.
സെല്ലുകളിൽ നടത്തേണ്ട പതിവു പരിശോധനപോലും നടത്തിയിരുന്നില്ലെന്നു വ്യക്തം. അതിസുരക്ഷയുള്ള പത്താം ബ്ലോക്കിലെ സിസിടിവി കൃത്യമായി നിരീക്ഷിച്ചിരുന്നെങ്കിൽ ഇയാൾ നടന്നുപോകുന്നത് തത്സമയം കാണാമായിരുന്നു.
പൊലീസിനെ ജയിൽ അധികൃതർ വിവരം അറിയിച്ചത് ചാമി ജയിൽ ചാടിയെന്നറിഞ്ഞ് ഒരു മണിക്കൂറിനുശേഷമാണ് . ഇത്തരം അനാസ്ഥകൾ കാരണം ഗോവിന്ദച്ചാമിയെ പിടികൂടാനാവാതെ പോയിരുന്നെങ്കിലോ?
അതീവ സുരക്ഷാ തടവുമുറിയുടെ അഴി മുറിക്കാൻ ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചതും മീശയും താടിയും നീട്ടി രൂപം മാറിയതും മതിൽ ചാടാൻവേണ്ട കാര്യങ്ങൾ തയാറാക്കിവച്ചതുമൊന്നും അധികൃതർ അറിയാത്തതോ അതോ കണ്ണടച്ചതോ എന്ന ചോദ്യം പ്രസക്തമാണ്. കുറ്റവാളികളുടെ ഇത്തരം ആസൂത്രണങ്ങൾ തിരിച്ചറിയാൻ പ്രാപ്തരല്ല നമ്മുടെ ജയിൽ കാവൽക്കാർ എന്നു പറയുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാകും.
അപ്പോൾ, എവിടെയൊക്കെയോ നേരത്തേതന്നെ രൂപപ്പെട്ട സുരക്ഷാപ്പഴുതുകളിലൂടെയാണ് ഗോവിന്ദച്ചാമി പുറത്തുചാടിയതെന്നുവേണം വിചാരിക്കാൻ. ചിലരുടെയെങ്കിലും ഒത്താശ കൊണ്ടാണ് ജയിൽചാട്ടം സാധ്യമായതെങ്കിൽ ഈ സംഭവം കൂടുതൽ ഗുരുതരമാനം കൈവരിക്കും.
ജയിൽചാടിയത് ലഘുവായ അടിപിടിക്കേസിലോ കഞ്ചാവു കേസിലോ അകത്തായ പ്രതിയല്ല. കേരളത്തിലെ റെയിൽപ്പാതയിലുണ്ടായ ഏറ്റവും ക്രൂരമായ മനുഷ്യക്കുരുതിയാണ് 14 വർഷംമുൻപ് ഗോവിന്ദച്ചാമി നടത്തിയത്. 2011 ഫെബ്രുവരി ഒന്നിന് പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളിയിട്ടു പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കീഴ്ക്കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി അതു റദ്ദാക്കി ജീവപര്യന്തമാക്കുകയായിരുന്നു. ആ പെൺകുട്ടി ഇപ്പോഴും നമ്മുടെ വേദനയാണ്.
എത്രയോ കേസുകളിൽ പ്രതിയായ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഇതുപോലൊരു നരാധമൻ ജയിൽചാടി സമൂഹമധ്യത്തിലേക്കിറങ്ങിയാൽ എന്തുവേണമെങ്കിലും ചെയ്യുമെന്നറിയാത്തവരാണോ ജയിലിന്റെ ചുമതലക്കാർ?
വിവരം ലഭിച്ചു മൂന്നര മണിക്കൂറിനകം പ്രതിയെ പിടികൂടി എന്നതിൽ പൊലീസിന് ആശ്വസിക്കാം. വിവരം കിട്ടിയ ആദ്യനിമിഷം മുതൽ പഴുതടച്ചുള്ള തിരച്ചിലാണ് പൊലീസ് നടത്തിയത്. ഒപ്പം, നാട്ടുകാരുടെ ജാഗ്രതയും എടുത്തുപറയണം. റോഡിലൂടെ നടന്നുപോകുന്നയാൾ ഗോവിന്ദച്ചാമിയാണെന്ന് അവരിലൊരാൾക്കു സംശയം തോന്നിയതിലാണു തുടക്കം.
സംഭവത്തിൽ അന്വേഷണം നടത്തുന്നതുകൊണ്ടോ ഏതാനും ജയിൽ ഉദ്യോഗസ്ഥർക്കെതിരെ പതിവുനടപടി എടുത്തതുകൊണ്ടോ ഗോവിന്ദച്ചാമിയെ ജയിൽമാറ്റുന്നതുകൊണ്ടോ ഇപ്പോൾ സംഭവിച്ച കുറ്റകരമായ അനാസ്ഥയ്ക്കു മറയിടാനാവില്ല.
സംസ്ഥാനത്തെ ജയിലുകളിൽ തടവിൽ കഴിയുന്നവരിൽ ഇയാളെപ്പോലെ എത്രയോ കൊടുംകുറ്റവാളികളുണ്ടെന്നുകൂടി അധികൃതർ ഓർക്കേണ്ടതുണ്ട്. സുരക്ഷാപ്പഴുതുകളിലൂടെ ഇവരിലൊരാൾക്കുപോലും ഇനിയെങ്കിലും പുറത്തുകടക്കാനാവാത്തവിധം ജാഗ്രതാനില ഉയർത്തുകയാണ് അടിയന്തരമായി വേണ്ടത്.
പൊതുസമൂഹത്തെ ഞെട്ടിക്കുകയും നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്ന സംഭവമാണിത്. നമ്മുടെ ജയിലുകൾ ഒരുവിഭാഗം തടവുകാരുടെ സ്വൈരവിഹാര കേന്ദ്രങ്ങളായിത്തീരുകയാണെന്ന യാഥാർഥ്യത്തിന് പിന്നിൽ സി.പി.എമ്മാണുള്ളത്.
ചില ഉദ്യോഗസ്ഥരും തടവുകാരും തമ്മിലുള്ള ബന്ധംതന്നെയാണ് ആപൽക്കരമായ ഈ സാഹചര്യത്തിനു കാരണം. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഉപകരണങ്ങളില്ലാതായതു ഗുരുതര പ്രതിസന്ധിയായി മാറിയത് സിസ്റ്റത്തിന്‍റെ പ്രശ്നമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് തന്നെ പറയുകയുണ്ടായി. എന്തായാലും ഈ "സിസ്റ്റം തകരാർ' ജയിലുകളെയും ബാധിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിലെ അതിലേറെ സുരക്ഷയുണ്ടെന്നു പറയുന്ന സെല്ലിന്‍റെ ഇരുമ്പു കമ്പികൾ മുറിച്ച്, ഏഴര മീറ്റർ ഉയരമുള്ള മതിലിൽ തുണികെട്ടി അതിലൂടെ ഊർന്നിറങ്ങി, ഒറ്റക്കൈയനായ കൊടുംക്രിമിനൽ ഗോവിന്ദച്ചാമി ജയിൽ ചാടിയത് മറ്റാരുടെയും സഹായമില്ലാതെയാണെന്നു വന്നാൽ തന്നെയും സംവിധാനത്തിൽ ഉണ്ടായിരിക്കുന്ന വളരെ വലിയ പാളിച്ചകൾ അയാളെ സഹായിച്ചിട്ടുണ്ട്.
ഇത് കണ്ണൂർ ജയിലിലെ മാത്രം പ്രശ്നമാണ് എന്ന മുൻവിധി ആർക്കും വേണ്ട. കേരളത്തിലെ മുഴുവൻ ജയിലുകളിലെയും സുരക്ഷ പരിശോധിക്കേണ്ടതുണ്ട്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത് എന്നാണു പറയുന്നത്. സെല്ലിന്‍റെ ഇരുമ്പു കമ്പികൾ മുറിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഉദ്യോഗസ്ഥരുടെ മുഴുവൻ കണ്ണു വെട്ടിച്ച് അതു ചെയ്തു എന്നതാണ് അതിശയമായിട്ടുള്ളത്. മറ്റു തടവുകാർ ഒന്നും കണ്ടില്ല, അറിഞ്ഞില്ല എന്നു വിശ്വസിക്കാനും പ്രയാസം. കമ്പികൾ മുറിക്കണമെങ്കിൽ അതിന് ആയുധം വേണം. അത് എവിടെ നിന്നു കിട്ടി എന്നതും വിഷയം. ജയിലിലുള്ള മറ്റാരെങ്കിലും സംഘടിപ്പിച്ചു കൊടുത്തതാണെങ്കിൽ അവർ അറിഞ്ഞില്ലെന്നു പറയാനാവുമോ.
സെല്ലിനകത്ത് പ്രതികളുണ്ടോയെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, ആ പരിശോധന നടന്നിട്ടില്ല എന്നാണു കരുതേണ്ടത്. രാത്രി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥർ ജോലി കൃത്യമായി ചെയ്തിട്ടില്ലെന്നു സംശയിച്ചാൽ തെറ്റു പറയാനാവില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. എന്നാൽ, ഇതുകൊണ്ട് തീരുന്നില്ല. ഗോവിന്ദച്ചാമിയുടെ ഏറെ ദിവസങ്ങളെടുത്തുള്ള ആസൂത്രണം ഉദ്യോഗസ്ഥരാരും അറിയാതെ പോയി എന്നതിൽ വിശദമായ അന്വേഷണം തന്നെ നടക്കണം. പുതിയ വിഷയങ്ങൾ വന്ന് ഈ സംഭവത്തിന്‍റെ ചൂടാറുമ്പോൾ അന്വേഷണവും നടപടിയുമൊക്കെ പ്രഹസനമായി മാറുന്ന അവസ്ഥയുണ്ടാവരുത്. ഏതെങ്കിലും സ്വാധീനങ്ങളുടെ പേരിൽ അന്വേഷണം അട്ടിമറിക്കപ്പെടുകയുമരുത്. ഗോവിന്ദച്ചാമി രക്ഷപെട്ടിരുന്നെങ്കിൽ അത് എത്ര വലിയ വിഷയമാവുമായിരുന്നുവെന്ന് ആലോചിച്ചാൽ മാത്രം മതി, കർശന നടപടികൾ സ്വീകരിക്കാൻ.
ജയിലിൽ താടിയും മുടിയും വളർത്താൻ ഗോവിന്ദച്ചാമിക്ക് അനുമതി കിട്ടിയെന്നതു അത്ഭുതമണ്. ഷേവിങ് അലർജിയാണെന്നു പറഞ്ഞാണത്രേ താടി വളർത്താൻ പ്രത്യേക അനുമതി വാങ്ങിയത്. തടവുപുള്ളികൾ പറയുന്നത് അതുപോലെ വിശ്വസിക്കുകയാണോ ഉദ്യോഗസ്ഥർ എന്നതടക്കം സംശയങ്ങൾ ഇതിലുണ്ട്. പുറത്തിറങ്ങിയാൽ തിരിച്ചറിയാതിരിക്കാൻ താടിയും മുടിയും ഉപകരിക്കുമെന്ന് അയാൾ കണക്കുകൂട്ടിയിരുന്നു. പക്ഷേ, അതിലൊന്നും ഒരു സംശയവും ഉദ്യോഗസ്ഥർക്കു തോന്നിയില്ല. ശരീരഭാരം കുറയ്ക്കാനായി അരി ഭക്ഷണം ഉപേക്ഷിച്ചുവെന്നും പറയുന്നുണ്ട്. മതിൽ ചാടിക്കടക്കാനുള്ള തുണിയും കയറും നേരത്തേ സംഘടിപ്പിച്ചു വച്ചതും ആരും അറിഞ്ഞില്ല. ചാടിക്കടക്കാതിരിക്കാൻ ജയിലിലെ മതിലിനു മുകളിൽ വൈദ്യുതി ഫെൻസിങ് ഉണ്ട്. പക്ഷേ, അതിൽ വൈദ്യുതി ഉണ്ടായിരുന്നില്ല! ഗോവിന്ദച്ചാമിക്ക് ജയിൽചാടാൻ അനുകൂലമായി വന്ന എല്ലാ ഘടകങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവനക്കാരുടെ വലിയ കുറവുണ്ടെന്നും അതു ജയിലിന്‍റെ സുരക്ഷയെ ബാധിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതു പറഞ്ഞ് ഉദ്യോഗസ്ഥരുടെ വീഴ്ചയെ ന്യായീകരിക്കാനാവില്ല. എങ്കിലും ജയിലുകളിൽ ആവശ്യത്തിനു ജീവനക്കാരെ ഉറപ്പു വരുത്തിയേ മതിയാവൂ. കണ്ണൂർ ജയിലിനെക്കുറിച്ച് നേരത്തേയും നിരവധി പരാതികൾ ഉയർന്നിട്ടുള്ളതാണ് എന്നതും മറക്കാനാവില്ല.
ജയിൽച്ചട്ടങ്ങളൊന്നും കണ്ണൂർ സെൻട്രൽ ജയിലിൽ അതേപടി പാലിക്കാറില്ല. ഭരിക്കുന്ന പാർട്ടിയുടെ പിൻബലമുള്ള രാഷ്ട്രീയത്തടവുകാരുള്ള കണ്ണൂരിൽ അവർക്കുവേണ്ടി പല ചട്ടങ്ങളിലും ഇളവ് പതിവ്. ഇത്തരം സൗകര്യം ഒരുക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇവിടെ കൂടുതലായും നിയമിക്കുക. സ്ഥലംമാറ്റപ്പട്ടികയിലും ഈ താത്പര്യം കാണും. ജയിൽച്ചട്ടപ്രകാരം തടവുകാർ ആഴ്ചയിലൊരിക്കൽ താടിവടിക്കണമെന്നുണ്ടെങ്കിലും കണ്ണൂർ സെൻട്രൽ ജയിലിൽ അത് നിർബന്ധമല്ല. പിടിപാടുള്ള രാഷ്ട്രീയത്തടവുകാർക്ക് ഇളവ് നൽകിയിരുന്നത് മറ്റുതടവുകാരും ഉപയോഗിച്ചു. ഉദ്യോഗസ്ഥർ തടഞ്ഞതുമില്ല. ഇതൊന്നും നിയന്ത്രിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്കും കഴിഞ്ഞില്ല.
തടവുശിക്ഷ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടപ്പോഴും ഗോവിന്ദച്ചാമിയുടെ ശരീരം അല്പം ശോഷിച്ചെന്നല്ലാതെ കരുത്തിനും ക്രൂരമനസ്സിനും ഒരു ഇളക്കവും തട്ടിയിട്ടില്ലെന്ന് ഇയാളുടെ വാക്കിൽനിന്ന് മനസ്സിലാകുന്നതായി ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ പോലീസ് പുറത്തുവിട്ട ഫോട്ടോയിൽ കുറ്റിമുടിയും കുറ്റിത്താടിയുമാണെങ്കിൽ പിടികൂടിയപ്പോൾ വളർന്ന താടിയും മുടിയും. പോലീസ് പുറത്തുവിട്ട ചിത്രത്തിൽ താടിയില്ലാത്ത ഗോവിന്ദച്ചാമിക്ക് തടിയും തോന്നിക്കും. താടിനീട്ടി, മെലിഞ്ഞ ഇപ്പോഴത്തെ രൂപവുമായി ഒറ്റനോട്ടത്തിൽ ഈ ചിത്രത്തിന് സാദൃശ്യമൊന്നുമില്ല.
ജയിൽ ചാടിയ ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം കിട്ടുന്നവർ അറിയിക്കണമെന്ന് കാണിച്ചാണ് പോലീസ് അയാളുടെ ചിത്രം പുറത്തുവിട്ടത്. പോലീസിനെ വിവരമറിയിക്കാനുള്ള ഫോൺനമ്പർ സഹിതമായിരുന്നു അത്. ആ ചിത്രമാണ് മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലുമെല്ലാം ഉപയോഗിച്ചത്. ജയിൽ ചാടിയശേഷം ഗോവിന്ദച്ചാമി നടന്നുപോകുന്നത് പലരും കണ്ടെങ്കിലും തിരിച്ചറിയാത്തതിന് അതും കാരണമായി.
ശിക്ഷാതടവുകാരുടെ മുടിമുറിക്കുകയോ വെട്ടിനിർത്തുകയോ ചെയ്യണമെന്നും താടിരോമങ്ങൾ വടിച്ചുകളയുകയോ വെട്ടുകയോ ചെയ്യണമെന്നുമാണ് ജയിൽചട്ടത്തിൽ പറയുന്നത്. ഷേവ് ചെയ്യുകയോ അല്ലെങ്കിൽ 2.5 സെന്റീമീറ്റർ നീളത്തിൽ കത്രിക്കുകയോ ചെയ്യണമെന്നാണ് ചട്ടം.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷാ കാലാവധി ഏതാണ്ട് അവസാനിക്കാറായിട്ടും ഇയാൾക്ക് മാനസാന്തരമുണ്ടായിട്ടില്ല. 2011 നവംബർ 11-നാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്. അതീവ സുരക്ഷയുള്ള 10-ാം നമ്പർ ബ്ലോക്കിലെ ഡി സെല്ലിലാണ് പാർപ്പിച്ചിരുന്നത്. കേരളം നടുങ്ങിയ കൊടും ക്രൂരതയെപ്പറ്റി സഹതടവുകാരും ജയിൽ ജീവനക്കാരും കുറ്റപ്പെടുത്തുമ്പോഴൊക്കെ അവരോട് കയർത്തും ക്ഷുഭിതനായും പൊട്ടിത്തെറിക്കുന്ന ഗോവിന്ദച്ചാമിയെ കാണാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. മറ്റു ചിലപ്പോൾ ചിരിച്ചുകൊണ്ടായിരിക്കും പ്രതികരണം. കുറ്റബോധത്തിൻറെ കണികപോലും ആ മുഖത്ത് കാണാറില്ല. ഒരുപാട് അന്ധവിശ്വാസങ്ങൾ ഇപ്പോഴും മുറുകെപ്പിടിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഒരു മന്ത്രവാദിയുടെ അനുഗ്രഹമുണ്ടെന്നും തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ലെന്നും ഗോവിന്ദച്ചാമി പറയും. ജയിൽ ജീവനക്കാരോട് നിരന്തരം കലഹിക്കുന്ന സ്വഭാവമാണെങ്കിലും അടുത്തകാലത്തായി ശാന്തനായിരുന്നു. ജയിൽ ചാടുകയെന്ന ആഗ്രഹം എപ്പോഴും പ്രകടിപ്പിക്കാറുണ്ടായിരുന്നു.
ഗോവിന്ദച്ചാമി സുഖസൗകര്യങ്ങൾക്കും നല്ല ഭക്ഷണത്തിനുംവേണ്ടി ജയിൽ ജീവനക്കാരുമായി നിരന്തരം കലഹിച്ചിരുന്നു. തനിക്ക് കൃത്രിമ കൈ വേണമെന്ന് അന്നത്തെ ജയിൽ ഡിജിപിയോട് നേരിട്ട് ആവശ്യപ്പെടുകയും നിവേദനം നൽകുകയും ചെയ്തു. ബീഡി വലിക്കുന്ന ശീലമുള്ള തനിക്ക് ദിവസവും ബീഡി നൽകണമെന്നതായിരുന്നു മറ്റൊരാവശ്യം. പറ്റില്ലെന്ന് പറഞ്ഞ ജീവനക്കാരോട് തമിഴ്നാട്ടിലെ ജയിലിൽ ഇതൊക്കെ കിട്ടുമെന്നും ജയിൽ ചട്ടങ്ങൾ തനിക്ക് ബാധകമല്ലെന്നും ഭീഷണിപ്പെടുത്തി.
മറ്റു തടവുകാരെപ്പറ്റി നിരന്തരം പരാതിയുമായി അധികൃതരെ സമീപിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. ദിവസവും ബിരിയാണി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഒരുദിവസം നിരാഹാരം കിടന്നു. പിറ്റേന്ന് ഉച്ചയ്ക്ക് സെല്ലിനുമുന്നിലെ വരാന്തയിൽ നിരത്തിവെച്ച പാത്രങ്ങളിൽ മട്ടൻകറി വിളമ്പുന്നത് കണ്ടതോടെ അയഞ്ഞു. മണപ്പിച്ച് പ്രകോപിപ്പിക്കാനായി കറി പാത്രത്തിൽ നിറയ്ക്കുന്നത് ഇയാളുടെ സെല്ലിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. മണമടിച്ചതോടെ ഗോവിന്ദച്ചാമി ലോഹ്യം പറയാനെത്തി. നിരാഹാരം അവസാനിപ്പിച്ചതായി എഴുതിനൽകണമെന്ന് ജീവനക്കാർ പറഞ്ഞതനുസരിച്ച് മട്ടൻകറി കഴിച്ച് സമരമവസാനിപ്പിച്ചു. എല്ലാ ശനിയാഴ്ചയും 210 ഗ്രാം ആട്ടിറച്ചി തടവുകാർക്ക് നൽകാറുണ്ട്. അതേ ഇയാൾക്കും നൽകാറുള്ളൂ. രാത്രി പൊറോട്ടയും കോഴിക്കറിയും കഞ്ചാവും വേണമെന്ന് ഇയാൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇടയ്ക്ക് ആത്മഹത്യാശ്രമവുമുണ്ടായി. പ്രഭാതകർമങ്ങൾക്കും മറ്റും പുറത്തിറക്കിയപ്പോൾ എല്ലാവരും കാൺകെ മേൽക്കൂരയിലെ കഴുക്കോലിൽ ഒറ്റക്കൈകൊണ്ട് മുണ്ട് കെട്ടാൻ ശ്രമിച്ചപ്പോൾ ജയിൽജീവനക്കാരും മറ്റു തടവുകാരും ചേർന്ന് മുണ്ട് പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് ധരിക്കാൻ ബർമുഡ നൽകി.
ഒറ്റയ്ക്ക് പാർക്കുന്ന സെല്ലിൽ ആദ്യകാലത്ത് മൂന്ന് പൂച്ചകളായിരുന്നു ഗോവിന്ദച്ചാമിയുടെ കൂട്ട്- അമ്മു, കുട്ടാപ്പി, മുരുകൻ. 2014-ൽ ജയിലിൽ നിന്ന് പൂച്ചകളെ ഒഴിവാക്കാനുള്ള നടപടിയിലേക്ക് കടന്നപ്പോഴാണ് ഇവയെ ഒഴിപ്പിച്ചത്. ഗോവിന്ദച്ചാമി എതിർത്തതോടെ ബലപ്രയോഗത്തിലൂടെയാണ് മൂന്നെണ്ണത്തെയും പിടികൂടിയത്. മുരുകനെയെങ്കിലും വിട്ടുതരണമെന്ന അപേക്ഷ പരിഗണിക്കാതെ പൂച്ചവിമുക്ത ജയിലിനായുള്ള നടപടി തുടർന്നു. ഒറ്റയ്ക്കൊരു സെല്ലിൽ കഴിയുന്നവരിൽ പലർക്കും അന്ന് പൂച്ചയെ വളർത്തുന്ന ശീലമുണ്ടായിരുന്നു.
ഗോവിന്ദച്ചാമിക്ക് സന്ദർശകരുണ്ടാകാറില്ല. നാട്ടിലുള്ള സഹോദരൻ രണ്ടുതവണ ജയിലിൽവന്ന് കണ്ടിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ എത്തുന്ന തടവുകാർക്കുണ്ടാകുന്ന മാനസിക സമ്മർദങ്ങളൊന്നും തുടക്കംമുതലേ ഗോവിന്ദച്ചാമിയിൽ കണ്ടിരുന്നില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. വധശിക്ഷയിൽനിന്ന് രക്ഷപ്പെടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റാൽ സ്വന്തം വസ്ത്രങ്ങൾ അലക്കുന്ന ശീലമുണ്ട്. ഇടയ്ക്ക് ടിവി കാണും. ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് മാത്രമാണ് കണ്ണൂർ ജയിലിൽ ബർത്ത് ലഭിക്കുക.കണ്ണൂർ സെൻട്രൽ ജയിലിലെത്തിയാൽ രക്ഷപ്പെട്ടു എന്നാണ് രാഷ്ട്രീയ തടവുകാർ സ്ഥിരമായി പറയുന്നത്. കണ്ണൂരിലെ ജീവനക്കാർക്ക് ഒരു റോളും ഇല്ലെന്നതാണ് സത്യം. കാരണം സെൻട്രൽ ജയിൽ ഭരിക്കുന്നത് തടവുകാരാണ്. സി പി എമ്മുകാരായ തടവുകാർ.ഇതാണ് ഗോവിന്ദച്ചാമിക്ക് ഉത്തേജനമായത്.
https://www.facebook.com/Malayalivartha