വനപാലകരെയും നാട്ടുകാരെയും വട്ടംചുറ്റിച്ച ഒറ്റയാന്‍ ഒന്‍പത് മണിക്കൂറിന് ശേഷം കാടു കയറി

ഒന്‍പത് മണിക്കൂര്‍ വനപാലകരെയും നാട്ടുകാരെയും വട്ടംചുറ്റിച്ച് കാട്ടാന കാടു കയറി. വെള്ളിയാഴ്ച രാത്രി 7ന് ആരംഭിച്ച പരക്കംപാച്ചില്‍ അവസാനിച്ചത് ഇന്നലെ പുലര്‍ച്ചെ 4ന്. കുമ്പളത്താമണ്‍ മണപ്പാട്ട് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ ഒറ്റയാനാണ് മലയോരവാസികളുടെ ഉറക്കം കളഞ്ഞത്. ദിവസങ്ങളായി കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തില്‍ മേയുകയാണ്. പടക്കം പൊട്ടിച്ചാലും വിരട്ടിയാലും അവയ്ക്കു കൂസലില്ല. ഇടയ്ക്ക് ആനക്കുട്ടികളുമായും കൂട്ടം എത്താറുണ്ട്.
വീട്ടുമുറ്റം വരെ ആനകളെത്തുന്നു. വീടുകള്‍ക്കുള്ളില്‍ ശുചിമുറി സൗകര്യമില്ലാത്തവര്‍ക്കു പുറത്തിറങ്ങാനാകുന്നില്ല. തുടരെയുള്ള ആന ശല്യത്തില്‍ രോഷാകുലരായ നാട്ടുകാര്‍ കഴിഞ്ഞ ദിവസം വനപാലകരെ തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് ആനകളെ കണ്ടെത്തി ഉള്‍ക്കാട്ടിലേക്കു തുരത്താന്‍ 40 അംഗ വനപാലക സംഘം വെള്ളിയാഴ്ചയെത്തിയെങ്കിലും അവയെ കാണാതെ മടങ്ങി.
തുടര്‍ന്നാണ് രാത്രി പെട്രോളിങ് ഊര്‍ജിതമാക്കിയത്. വടശേരിക്കര വനം റേഞ്ച് ഓഫിസര്‍ ജി.എസ്.രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ സേനയടക്കം ഇരുപതോളം വനപാലകരാണ് പട്രോളിങ്ങിനെത്തിയത്. 7 മണിക്കുശേഷം മണപ്പാട്ട് രാമചന്ദ്രന്‍ നായരുടെ പുരയിടത്തിലാണ് ഒറ്റയാന്‍ എത്തിപ്പെട്ടത്. വെടിയൊച്ച കേള്‍പ്പിച്ച് വനപാലകര്‍ ആനയെ ഓടിച്ചു. മണപ്പാട്ട് അമ്പലത്തിനു സമീപമാണ് പിന്നീട് ആന നിലയുറപ്പിച്ചത്.
തുടര്‍ന്ന് മണപ്പാട്ട് മണ്ണില്‍ തങ്കപ്പന്‍ നായരുടെ പുരയിടത്തില്‍ കയറി. അവിടെനിന്ന് വീണ്ടും ഓടിച്ചു. ശ്രീധരന്‍ നായരുടെ പുരയിടത്തിലാണ് പിന്നീടെത്തിയത്. അവിടെനിന്ന് ഓടിച്ചപ്പോള്‍ ഒറ്റയ്ക്കു താമസിക്കുന്ന അമ്മിണിയുടെ വീടിന്റെ മുറ്റത്തെത്തി. അടുത്ത നടത്തം മണപ്പാട്ട് ജംക്ഷനിലേക്കായിരുന്നു. 2 റോഡുകള്‍ സന്ധിക്കുന്ന ജംക്ഷനില്‍ ഏറെനേരം നിലയുറപ്പിച്ച ശേഷം പുലര്‍ച്ചെ 4 മണിക്ക് കാടു കയറി.
https://www.facebook.com/Malayalivartha