രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താമെന്ന സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി....

രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താമെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. ആനിമല്‍ ഹസ്ബന്‍ഡറി പ്രാക്ടീസസ് ആന്‍ഡ് പ്രൊസീജേര്‍സ് റൂള്‍സ് സെക്ഷന്‍ 8 (എ) പ്രകാരമാണ് കോടതി ദയാവധം തടഞ്ഞത്. സുപ്രീം കോടതി, ഹൈക്കോടതി മുന്‍ ഉത്തരവുകളുടെയും എബിസി നിയമത്തിന്റെയും അടിസ്ഥാനത്തില്‍ ദയാവധം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി കോടതി .
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കാമെന്ന തീരുമാനമുണ്ടായത്.
ഏതെങ്കിലും മൃഗത്തിന് രോഗം പടര്‍ത്താന്‍ കഴിയുന്ന തരത്തില്‍ അസുഖമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ ബോധ്യപ്പെട്ടാല്‍ അത്തരം രോഗം നിയന്ത്രിക്കുന്നതിനായി വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ നായകളെ ദയാവധത്തിന് വിധേയമാക്കാമെന്നും, ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും യോഗം തീരുമാനിച്ചിട്ടുണ്ടായിരുന്നു.
എന്നാല്‍ 2023ലെ എബിസി നിയമത്തില്‍ പറഞ്ഞിരിക്കുന്നത് പേവിഷബാധയുണ്ടെന്ന് കണ്ടാല്‍ നായകള്‍ക്ക് സ്വാഭാവികമായി ജീവന്‍ നഷ്ടമാകുന്നതു വരെ ഏകാന്തമായി പാര്‍പ്പിക്കണമെന്നാണ്. സാധാരണ ഗതിയില്‍ 10 ദിവസങ്ങള്‍ കൊണ്ട് അവയ്ക്ക് ജീവന്‍ നഷ്ടപ്പെടും. ഇക്കാര്യവും ഇതു സംബന്ധിച്ച കോടതിയുടെ മുന്‍ ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ദയാവധം തടഞ്ഞത്.
"
https://www.facebook.com/Malayalivartha