ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍

മലയാള താരസംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് സ്ത്രീകള്‍ വരട്ടേയെന്ന് നടന്‍ സലിം കുമാര്‍. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെ. അങ്ങനെ വന്നാല്‍ സമൂഹത്തിന് സംഘടന നല്‍കുന്ന നല്ലൊരു സന്ദേശമാകുമതെന്നും നടന്‍ പറഞ്ഞു. അതേസമയം, ആരോപണവിധേയര്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് സലിം കുമാര്‍ പ്രതികരിച്ചില്ല. അമ്മയിലെ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെയാണ്. നാളെ നാല് മണിക്ക് അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ്.
ശ്വേതാ മേനോന്‍, ദേവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. പത്രിക നല്‍കിയെങ്കിലും ജഗദീഷ്, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവര്‍ പിന്മാറിയതായാണ് വിവരം. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. വനിതാ പ്രസിഡന്റ് വരട്ടെ എന്ന നിലപാടിലാണ് ജഗദീഷ്. മോഹന്‍ലാലും മമ്മൂട്ടിയും സമ്മതിച്ചാല്‍ പത്രിക പിന്‍വലിക്കുമെന്നാണ് ജഗദീഷ് നേരത്തെ അറിയിച്ചത്. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കരുതെന്നാണ് കൂടുതല്‍ താരങ്ങളും ആവശ്യപ്പെടുന്നത്. എന്നാല്‍ മത്സരരംഗത്തുനിന്ന് പിന്മാറില്ലെന്നാണ് ബാബുരാജിന്റെ നിലപാട്.
പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്നാണ് ദേവന്‍ വ്യക്തമാക്കുന്നത്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അദ്ദേഹമില്ലാത്തതിനാലാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും നടന്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ഉണ്ടായത് ചെറിയ പ്രശ്‌നങ്ങളാണ്. അമ്മ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണെന്നും ദേവന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha