ഫോൺ വിളിക്കാത്ത പരിഭവത്തിൽ ഇരുന്ന മകൾക്ക് മുന്നിലേയ്ക്ക് അതുല്യയുടെ ചേതനയറ്റ ശരീരം: ആൾക്കൂട്ടത്തിനിടയിൽ ആ കാഴ്ച കണ്ട് അമ്മയെന്ന് നിലവിളിച്ച് കുഞ്ഞ് ആരാധ്യ: ഒടുവിൽ ചിതയ്ക്ക് തീ കൊളുത്തി പത്ത് വയസുകാരി...

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ച പുലർച്ചെ 4.30നാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. രാവിലെ ഒമ്പതിന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം പകൽ മൂന്നിന് തേവലക്കര കോയിവിള അതുല്യ നിവാസിൽ എത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മരണശേഷം ഭർത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായ ക്രൂരപീഡനം മൂലമാണ് അതുല്യ മരിച്ചതെന്ന് അച്ഛന്‍ എസ് രാജശേഖരൻപിള്ളയും അമ്മ തുളസീഭായിയും പറഞ്ഞു. അതുല്യയുടെ അച്ഛന്‍ ചവറ തെക്കുംഭാഗം പൊലീസിന് നൽകിയ പരാതിയിൽ സതീഷ് ശങ്കറിനെതിരെ കേസെടുത്ത് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നിവയ്‌ക്കെതിരായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ദുബായിൽ നിർമാണ കമ്പനിയിൽ എന്‍ജിനിയറാണ് സതീഷ് ശങ്കർ.
സംഭവത്തിൽ ഷാർജയിലെ അൽ ഖർബ് പൊലീസും കേസെടുത്തിട്ടുണ്ട്. വികാര നിറപറ കാഴ്ചകളായിരുന്നു അതുല്യയോട് മൃതദേഹം വീട്ടിലേയ്ക്ക് എത്തിച്ചപ്പോൾ. അമ്മയുടെ മരണമറിയാതെ എ വീടിനുളിൽ ദിവസങ്ങൾ തള്ളിനീക്കിയ മകൾ അവസാനം അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തി. മിഠായിയും കളിപ്പാട്ടങ്ങളുമായി പടികടന്നെത്തുന്ന അമ്മയ്ക്കായി കാത്തിരുന്ന ആരാദ്ധ്യയ്ക്ക് മുന്നിൽ ഇന്നലെ അതുല്യ എത്തിയത് ചേതനയറ്റ ശരീരമായി. മരണവാർത്ത അറിഞ്ഞ ദിവസം മുതൽ അമ്മൂമ്മ കരയുന്നതെന്തിനെന്നായിരുന്നു പത്ത് വയസുകാരി ആരാദ്ധ്യയുടെ ചോദ്യം.
ആദ്യദിവസങ്ങളിൽ ആരാദ്ധ്യയെ വിവരം ആരും അറിയിച്ചിരുന്നില്ല. തന്നെ തേടിയെത്തുന്ന അമ്മയുടെ പതിവ് ഫോൺ കോൾ മുടങ്ങിയതോടെ എന്തോ സംഭവിച്ചുവെന്ന് അവൾ മനസിലായി. ഒടുവിൽ കഴിഞ്ഞ ദിവസമാണ് അമ്മയുടെ മരണം അറിഞ്ഞത്. അമ്മേയെന്ന് നിലവിളിച്ച് കയരുന്ന ആരാദ്ധ്യയെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കുമായില്ല.
അമ്മ തുളസിഭായി മകളുടെ മുഖം അവസാനമായി കണ്ടപ്പോൾ അലമുറയിട്ട് പൊട്ടിക്കരഞ്ഞു. പിന്നീട് തളർന്നുവീണു. ഇതോടെ നിർവികാരനായി നിന്ന അച്ഛൻ രാജശേഖരൻ പിള്ളയും വിങ്ങിപ്പൊട്ടി. മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ ഉൾപ്പെടെയുള്ളവർ അതുല്യയുടെ വീട്ടിലെത്തി ബന്ധുകളെ ആശ്വസിപ്പിച്ചു. വൈകിട്ട് 3.45ഓടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ആരാദ്ധ്യയാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
https://www.facebook.com/Malayalivartha