ആറുലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ്

ഈ ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ വിപുലമായി പരിപാടികളുമായി സപ്ലൈകോ. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സപ്ലൈകോ വ്യക്തമാക്കി.
ഓണത്തോടനുബന്ധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനില്‍ക്കുന്ന ഓണം മെഗാഫെയറുകളും 140 നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. സംസ്ഥാന തല ഓണം ഫെയര്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളില്‍ മറ്റു ജില്ലാ കേന്ദ്രങ്ങളിലും ജില്ലാ ഫെയറിന് തുടക്കമാകും.
ഉത്രാടം നാളായ സെപ്തംബര്‍ നാലു വരെയാണ് ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട്‌ലെറ്റിനോടനുബന്ധമായി ഓണം ഫെയര്‍ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകള്‍ ഓഗസ്റ്റ് 31 മുതല്‍ സ്‌റ്റെപംബര്‍ 4 വരെയാണ്. വിപണിയിടപെടല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്ത് 25 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കും. അരിയും ഭക്ഷ്യവസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഇതിലൂടെ ഉള്‍പ്രദേശങ്ങളിലടക്കം എത്തിക്കാനാകും.
അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിന് 8 കിലോ ഗ്രാം അരിയാണ് സബ്‌സിഡി നിരക്കില്‍ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/ രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും.
വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തില്‍, സാധാരണക്കാര്‍ക്ക് മിതമായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാന്‍ സപ്ലൈകോ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് പുതിയ ടെന്‍ഡര്‍ വിളിക്കുകകയും വിതരണക്കാരുമായി ചര്‍ച്ച ചെയ്ത് വില സംബന്ധിച്ച ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് ശബരി ബ്രാന്‍ഡില്‍ സബ്‌സിഡിയായും നോണ്‍ സബ്‌സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റര്‍ പായ്ക്കറ്റിന് 179 രൂപയിലും, സബ്‌സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും അധികരിക്കാതെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ മറ്റു ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും എം.ആര്‍.പിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ ലഭിക്കും. സണ്‍ഫ്‌ളവര്‍ ഓയില്‍ , പാം ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.
എ.എ.വൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നല്‍കും. ഓഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha