കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ..ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി..സിസ്റ്റര്‍മാരായ പ്രീതിയുടെയും വന്ദനയുടെയും എട്ടു ദിവസം നീണ്ട അനാവശ്യ ജയില്‍വാസം അവസാനിച്ചേക്കും..

അങ്ങനെ നാഴികയ്ക്ക് നാൽപ്പതു വട്ടം അമിത്ഷായെ തള്ളിപ്പറയുന്ന കേരളത്തിലെ നേതാക്കള്‍ക്ക് അമിത്ഷാ തന്നെ വേണ്ടി വന്നു. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി. എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു.
അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടു ഛത്തീസ്ഗഡില്‍ ജയിലില്‍ അടയ്ക്കപ്പെട്ട സിസ്റ്റര്‍ പ്രീതി മരിയ, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്ക് ഉടന്‍ ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ. ഇരുവര്‍ക്കും ഉടന്‍ ജയില്‍ മോചിതരാക്കണമെന്നും അവര്‍ക്കു നീതി ലഭ്യമാക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോട് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തന്നെ സന്ദര്‍ശിച്ച രാജീവ് ചന്ദ്രശേഖറിനോടാണു മേജര്‍ ആര്‍ച്ച്ബിഷപ് ഈ ആവശ്യം ഉന്നയിച്ചത്.
സമൂഹനന്മയ്ക്കായി സേവനനിരതരായ സിസ്റ്റര്‍മാര്‍ അഭിമുഖീകരിക്കേണ്ടിവന്ന അക്രമസംഭവങ്ങളില്‍ സഭാവിശ്വാസികള്‍ മാത്രമല്ല, പൊതുസമൂഹം മുഴുവനും ആശങ്കാകുലരാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന സന്ദേശം സഭയ്ക്ക് ബിജെപി നേതാക്കള്‍ നല്‍കിയിട്ടുണ്ട്. ഛത്തീസ് ഗഡില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ചില ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ അത് ഫലം കണ്ടില്ല. ഇതോടെയാണ് ഡല്‍ഹിയില്‍ എത്തി രാജീവ് ചന്ദ്രശേഖര്‍ നീക്കങ്ങള്‍ നടത്തിയത്.
മോദിയെ നേരിട്ട് കാണുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതോടെയാണ് സാഹചര്യം മാറിയത്. പിന്നാലെയാണ് ആര്‍ച്ച് ബിഷപ്പിനെ കാണാന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തിയത്.രണ്ടു കോടതികളില്‍നിന്നും ജാമ്യം ലഭിക്കാതെ ഇവര്‍ ജയിലില്‍ തുടരേണ്ടിവരുന്നതില്‍ സഭയുടെ മുഴുവന്‍ ആശങ്കയും വേദനയും പ്രതിഷേധവും പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കണം. ഈ വിഷയത്തില്‍ ക്രിയാത്മകമായ പ്രായോഗിക നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ആള്‍ക്കൂട്ട വിചാരണ നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കൂടിക്കാഴ്ചയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരും ബിജെപിയും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന അനുകൂലനിലപാടുകളെക്കുറിച്ചും സന്യസ്തരെ ഉടന്‍ ജയില്‍മോചിതരാക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ചും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നല്‍കിയിരിക്കുന്ന ഉറപ്പും രാജീവ് ചന്ദ്രശേഖര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ധരിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോര്‍ജും രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഉണ്ടായിരുന്നു. ഏതായാലും വളരെ വേഗത്തിൽ തന്നെ ജയിലിന് പുറത്തേക്ക് അവർ വരുമെന്ന് പ്രതീക്ഷിക്കാം
https://www.facebook.com/Malayalivartha