ബെവ്‌കോ മദ്യക്കുപ്പികള്‍ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു

കേരളത്തില്‍ ബെവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ) മദ്യക്കുപ്പികള്‍ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. ഗ്ലാസ് പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് 20 രൂപ അധികം ഈടാക്കുന്ന 'ഡെപ്പോസിറ്റ്' പദ്ധതിയാണ് ബെവ്‌കോയില്‍ നടപ്പാക്കുകയെന്ന് തദ്ദേശ എക്‌സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കുപ്പി തിരികെ നല്‍കിയാല്‍ ഈ തുക തിരികെ ലഭിക്കും. ബെവ്‌കോ സ്റ്റിക്കര്‍ പതിച്ച കുപ്പികള്‍ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നല്‍കും, വാങ്ങിയ ആള്‍ തന്നെ കൊണ്ടുവരണമെന്ന് നിര്‍ബന്ധമില്ലെന്നും മന്ത്രി അറിയിച്ചു.
ബെവ്‌കോ സ്റ്റിക്കര്‍ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്‌കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് വിവരിച്ചു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോള്‍ ലഭിക്കുമെന്നും അതിനാല്‍ മദ്യ വിലയില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രി വിവരിച്ചു. സെപ്തംബര്‍ ആദ്യം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാകും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക. ശേഷം സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനാണ് തീരുമാനമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി.
800 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. 900 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം വില്‍ക്കുന്ന നിലയില്‍ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ എല്ലാ ജില്ലകളിലും തുടങ്ങാനും തീരുമാനമുണ്ട്. തൃശൂരിലായിരിക്കും ഇത്തരത്തിലുള്ള ആദ്യ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റ് തുടങ്ങുക.
https://www.facebook.com/Malayalivartha