എസ്.എസ്.സി. പരീക്ഷ നടത്തിപ്പിലെ അഴിമതി വിശദമായി അന്വേഷിക്കുക: യുവജനങ്ങളോടുള്ള കേന്ദ്ര സർക്കാർ വഞ്ചന അവസാനിപ്പിക്കുക

കേന്ദ്ര സർവ്വീസിലേക്കുള്ള സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ssc ) നടത്തുന്ന ) പരീക്ഷയിൽ വ്യാപകമായ ക്രമക്കേട് നടന്നതിനെതുടർന്ന് പരീക്ഷാർത്ഥികൾ ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സമരത്തിലാണ്. അതെ സമയം ഈ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ന്യായമായ ഈ സമരത്തിന് ഡി.വൈ.എഫ്.ഐ. എല്ലാവിധ ഐക്യദാർഢ്യവും അറിയിക്കുകയാണ്.
ജൂലായ് 24 മുതൽ ആഗസ്ത് 1 വരെയുള്ള പരീക്ഷകളിൽ ക്രമക്കേട് നടന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാർത്ഥികൾ സമരത്തിനിറങ്ങിയത്. ചോദ്യ പേപ്പർ ചോർച്ചയുടെ പേരിൽ ബ്ലാക്‌ലിസ്റ്റ് ചെയ്യപ്പെട്ട എഡ്യുക്യറ്റി( EDUQUITY) എന്ന സ്വകാര്യ ഏജൻസിക്കാണ് ഇക്കുറി പരീക്ഷ നടത്തിപ്പിനുള്ള കരാർ കേന്ദ്ര സർക്കാർ നൽകിയത്. കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പരീക്ഷാ നടത്തിപ്പിൽ നിന്നും 2020 ൽCentral Directorate General of Training ഒഴിവാക്കിയ കമ്പനിയായായ എഡ്യുക്യറ്റിക്ക് വീണ്ടും എങ്ങനെ കരാർ കിട്ടി എന്ന ചോദ്യമാണ് സർക്കാരിന് നേരെ ഉയരുന്നത്. കൃത്യമായി പരീക്ഷ നടത്താനുള്ളോ മികവോ സംവിധാനമോ ഇല്ലാത്ത ഇത്തരമൊരു കമ്പനിക്ക് കരാർ നൽകിയത് തന്നെ അഴിമതിയുടെ ഭാഗമാണ്. ഷിഫ്റ്റുകളായി നടന്ന SSC ഫേസ് 13 പരീക്ഷയിൽ പകുതിയിൽ അധികം ചോദ്യങ്ങൾ അടുത്ത ഷിഫ്റ്റുകളിൽ വീണ്ടും ചോദിക്കുന്ന സാഹചര്യമുണ്ടായി. ഇത് ഗുരുതരമായ വീഴ്ചയാണ്.
കൃത്യമായ സെക്യൂരിറ്റി ചെക്കോ, സമയ കൃത്യത പാലിക്കുകയോ ചെയ്യാതെയാണ് ഭൂരിഭാഗം പരീക്ഷ സെന്ററുകളും പ്രവർത്തിച്ചത് എന്നാണ് പരീക്ഷ എഴുതിയ അനുഭവസ്ഥരായ പരീക്ഷാർത്ഥികൾ പറയുന്നത്. . പരീക്ഷ സെന്ററുകൾ യാതൊരു മാനദണ്ഡവും പാലിക്കാതെ ദീർഘദൂരത്ത് നിശ്ചയിച്ചു നൽകി എന്ന് മാത്രമല്ല പല പരീക്ഷാർത്ഥികൾക്കും രണ്ടോ മൂന്നോ ദിവസം മുന്നേ മാത്രമാണ് ഇതുസംബന്ധിച്ചു വിവരം ലഭിച്ചത്. അഞ്ഞൂറും-അറന്നൂറും കിലോമീറ്ററുകൾ യാത്ര ചെയ്ത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയ പലർക്കും മോശം സൗകര്യങ്ങളും സാങ്കേതിക പ്രശ്നങ്ങളും മൂലം പരീക്ഷ എഴുതാൻ അവസരം ലഭിച്ചില്ല. ചില സെന്ററുകളിൽ ഒരു പരീക്ഷ പോലും നടന്നതു പോലുമില്ല.
തെക്കൻ കേരളത്തിലെ ഒരുപാട് വിദ്യാർത്ഥികൾക്ക് മംഗലാപുരം , ഉഡുപ്പി പോലെ വളരെ ദൂരത്തുള്ള സെന്ററുകൾ അനുവദിച്ച് നൽകിയതും ആദ്യമായാണ്. കേരളത്തിന് പുറത്ത് ഉൾഗ്രാമങ്ങളിലെ പരീക്ഷ സെന്ററുകൾ കണ്ടെത്താൻ കഴിയാത്തത് കൊണ്ട് തന്നെ പലരും പരീക്ഷ എഴുതുന്നതിൽ നിന്നും പിന്മാറുകയും ചെയ്തിട്ടുണ്ട്.
പരീക്ഷ കേന്ദ്രം അനുവദിച്ചതിലെ പ്രശനങ്ങൾ, പല കേന്ദ്രങ്ങളിലും മൗസും കീബോർഡും പ്രവർത്തിക്കാത്ത പ്രശ്നങ്ങൾ, പരീക്ഷാ ഇൻവിജിലേറ്റർമാരിൽ നിന്നുള്ള മര്യാദയില്ലാത്ത പെരുമാറ്റം, അവസാന നിമിഷത്തില് പരീക്ഷ കേന്ദ്രം മാറ്റൽ, അവസാന നിമിഷത്തിലെ പരീക്ഷ റദ്ദ് ചെയ്യൽ - ഈ വിധത്തിൽ എസ്.എസ്.സി. പരീക്ഷാ നടത്തിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രമക്കേടും അഴിമതിയുമാണ് ഇക്കുറി നടന്നിരിക്കുന്നത്. സ്വകാര്യ ഏജൻസിയെ മാത്രം കുറ്റം പറഞ്ഞു ഈ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്ര സർക്കാരിന് പിന്മാറാനാകില്ല. തങ്ങളെ വഞ്ചിച്ച മോദി സർക്കാരിനെതിരെ കർഷകർ നടത്തിയ സമരവും അതിന്റെ വിജയവും മോഡി സർക്കാർ മറന്നു പോകരുത്. ഈ സമീപനമാണ് കേന്ദ്ര സർക്കാർ തുടരുന്നതെങ്കിൽ തങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന സർക്കാരിനെതിരെ യുവജനങ്ങളുടെ വൻ പ്രതിഷേധത്തിനാകും രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരിക.
മാസങ്ങളോളം കഷ്ട്ടപെട്ടു പഠിച്ചു പരീക്ഷയെഴുതാൻ തയ്യാറെടുത്ത തൊഴിലന്വേഷകരായ യുവജനങ്ങങ്ങളോടുള്ള ഈ വഞ്ചന കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം. ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി എസ്.എസ്.സി. അഴിമതിയിൽ പങ്കാളികളായ മുഴുവൻ കുറ്റക്കാർക്കും ശിക്ഷ ഉറപ്പാക്കുകയും. ഇനിമുതലുള്ള പരീക്ഷകൾ കാര്യക്ഷമമായി നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha