അവസാനമായി ഒരു നോക്ക് കാണാൻ പറ്റില്ലല്ലോയെന്ന ദുഃഖം, മനസ്സിൽ മാറി മാറി വരുന്നത് രഹ്നയുടെയും, നവാസിന്റെയും മുഖം - ദുഃഖം പങ്കുവച്ച് സീമ ജി നായർ

അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ നവാസ് യാത്രയായ ദുഃഖം പങ്കുവച്ചിരിക്കുകയാണ് സീമ ജി നായർ.നവാസിന്റെ മരണം അറിയുന്നത് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണെന്നും ആ നഷ്ടത്തെ നികത്താൻ ഈശ്വരൻമാർക്കു പോലും സാധിക്കില്ലെന്നും സീമ സമൂഹ മാധ്യമത്തിൽ കുറിച്ചു. ‘‘എന്റെ പേജിൽ ഒരു പോസ്റ്റിടുമ്പോൾ എന്റെ ഫോട്ടോ ആണല്ലോ ഇടേണ്ടത്. അതുകൊണ്ടു മാത്രം ഈ ഫോട്ടോ ഇട്ടു എഴുതുന്നു. രണ്ട് ദിവസങ്ങളായി മരണങ്ങളുടെ ഘോഷയാത്ര. നവാസിൽ അത് തുടങ്ങി, നവാസിന്റെ മരണം അറിയുന്നത് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ..അവസാനമായി ഒരു നോക്ക് കാണാൻ പറ്റില്ലല്ലോയെന്ന ദുഃഖം, മനസ്സിൽ മാറി മാറി വരുന്നത് രഹ്നയുടെയും,നവാസിന്റെയും മുഖം.
രഹ്ന എങ്ങനെ ഇതിനെ അതി ജീവിക്കും എന്നറിയില്ല..അത്രയ്ക്കും പാവം ഒരു കുട്ടി. ഈ കഴിഞ്ഞ ‘അമ്മ’യുടെ ജനറൽ ബോഡിയിലും, ഞാൻ അതുവഴി നടക്കുമ്പോൾ എന്റെ സ്വരത്തിൽ വിളിച്ചു കളിയാക്കും. രണ്ട് ദിവസമായി ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല. അതുകഴിഞ്ഞപ്പോൾ മകൻ വിളിക്കുന്നു അവന്റെ ഒരു ഫ്രണ്ട് ആക്‌സിഡന്റായി മരണപ്പെട്ടു എന്ന്, അപ്പോൾ തന്നെ അറിയുന്നു കലാഭവൻ മണിച്ചേട്ടന്റെ സന്തത സഹചാരിയായിരുന്ന പ്രദീപ് മരിച്ചുെവന്ന്.
ഇന്നലെ വൈകിട്ട് അറിയുന്നു സാനു മാഷ് അന്തരിച്ചു എന്ന്. എല്ലാവരും അറിയുന്നവർ ..നമ്മുടെ കൂടെ എപ്പോളും യാത്ര ചെയ്യുന്ന ഒന്നേ ഉള്ളു, അത് ഓർക്കാപുറത്തെത്തുന്ന, ഒരുപാട് ജീവിതങ്ങളെ ഉലക്കുന്ന, മനസ്സാക്ഷിയുടെ കണിക പോലും ഇല്ലാത്ത, ദയാ ദാക്ഷിണ്യങ്ങൾ ഇല്ലാത്ത ‘മരണം’ എന്ന് പേരിട്ടു വിളിക്കുന്ന രംഗ ബോധം ഇല്ലാത്ത കോമാളി ..ഇന്നലെ ഫിലിം കോൺക്ലേവ് തിരുവനന്തപുരത്ത് നടക്കുമ്പോളും, കാണുന്നവർ എല്ലാം നവാസിനെക്കുറിച്ചാണ് പറഞ്ഞത് ..അപ്രതീക്ഷിതമായ വിടവാങ്ങലുകൾ ജീവിതത്തിൽ നികത്താനാവാത്ത നഷ്ടങ്ങൾ ഉണ്ടാക്കുമ്പോൾ ..ആ നഷ്ടത്തെ നികത്താൻ ഈശ്വരൻമാർക്കു പോലും സാധിക്കില്ലല്ലോ.. ഒരു മുഖവും മനസ്സിൽ നിന്നും മായുന്നില്ല.’’–സീമ ജി. നായരുടെ വാക്കുകൾ.
https://www.facebook.com/Malayalivartha