ട്രാന്‍സ്‌ഫോമറിലെ ലൈനില്‍ തട്ടി ഷോക്കേറ്റു വീണ തിരുവനന്തപുരം സ്വദേശിക്ക് രക്ഷകനായത് ആംബുലന്‍സ് ഡ്രൈവര്‍

പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ സമീപത്തെ ട്രാന്‍സ്‌ഫോമറിലെ ലൈനില്‍ തട്ടി ഷോക്കേറ്റു വീണ തിരുവനന്തപുരം സ്വദേശി രാജേഷിനെ (28) ആണ് പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ എന്‍.എസ്.അഭിലാഷ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. ഇന്നലെ ഡ്രൈവര്‍ ഡ്യൂട്ടി കഴിഞ്ഞ് തെങ്ങണയിലെത്തിയതായിരുന്നു അഭിലാഷ്.
തെങ്ങണ ജംക്ഷനിലായിരുന്നു അപകടം നടന്നത്. ഇരുമ്പു പൈപ്പില്‍ പരസ്യ ബോര്‍ഡ് ഉറപ്പിക്കുന്നതിനിടെ ശക്തമായ കാറ്റു വീശി. ബോര്‍ഡ് ചെരിഞ്ഞ് തൊട്ടടുത്തുള്ള ട്രാന്‍സ്‌ഫോമറില്‍ തട്ടി. രാജേഷും കൂടെയുണ്ടായിരുന്ന ജിത്തുവും (26) ഷോക്കേറ്റ് തെറിച്ചു വീണു. രാജേഷ് റോഡിലേക്കും ജിത്തു ട്രാന്‍സ്‌ഫോമറിന്റെ ചുറ്റുമുള്ള വേലിയുടെ ഉള്ളിലേക്കുമാണു വീണത്. അബോധാവസ്ഥയിലായ രാജേഷിന്റെ ശരീരത്തില്‍ വൈദ്യുതി പ്രവാഹം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അഭിലാഷ് സിപിആര്‍ നല്‍കി. അതോടെ ബോധം തിരിച്ചുകിട്ടി.
ട്രാന്‍സ്‌ഫോമറിന്റെ വേലിക്കുള്ളിലേക്കു വീണ ജിത്തുവിനെ രക്ഷിക്കാന്‍ തന്നെക്കൊണ്ടു മാത്രം കഴിയില്ലെന്ന് അഭിലാഷിനു മനസ്സിലായി. ഈ സമയം വന്ന അഗ്‌നിരക്ഷാസേനയുടെ വാഹനം അഭിലാഷ് കൈകാണിച്ചു നിര്‍ത്തി. കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വൈദ്യുതിബന്ധം വിഛേദിച്ച് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ചേര്‍ന്ന് ജിത്തുവിനെ പുറത്തെത്തിച്ചു. കൈ ഷോക്കേറ്റ് പൊള്ളിയിരുന്നു. ഉടനെ ഓട്ടോറിക്ഷയില്‍ കയറ്റി ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലേക്കു വിട്ടു. ഇപ്പോള്‍ രാജേഷ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
https://www.facebook.com/Malayalivartha






















