പി. ജയരാജന്‍ സി.ബി.ഐ കസ്റ്റഡിയില്‍

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് തലശേരി സെഷന്‍സ് കോടതി ഉത്തരവിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ തീരുമാനം. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് ജയരാജന്‍.
ജയരാജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. നേരത്തേ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഈ മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയായ പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നു ഫെബ്രുവരി 11നാണ് അദ്ദേഹം കോടതിയില്‍ ഹാജരായത്. കോടതി ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയതെങ്കിലും ജയരാജന്‍ ഒരു ദിവസം പോലും ജയിലില്‍ കഴിഞ്ഞിട്ടില്ല. ചികില്‍സയ്ക്കായി പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജിലുമായി കഴിയുകയായിരുന്ന ജയരാജന്റെ റിമാന്‍ഡ് കാലാവധി 11 തീരാനിരിക്കെയാണു മൂന്നു ദിവസത്തേക്കു ചോദ്യം ചെയ്യാന്‍ കോടതി അനുവദിക്കുന്നത്. 9,10,11 തീയതികളില്‍ രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് ആറുവരെ ചോദ്യം ചെയ്യാനാണ് അനുമതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha