ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്. രാവും പകലും തുടരുന്ന അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു. ഗാസ നഗരത്തില്‍ ബാക്കിയുള്ള മൂവായിരം ഹമാസ് തീവ്രവാദികളെ വകവരുത്താതെ പിന്നോട്ടില്ലെന്നും എന്തു വില കൊടുത്തും ബന്ദികളെ തിരികെപ്പിടിക്കുമെന്നും ഇസ്രായേല്‍ പ്രഖ്യാപനം നടത്തി. ഹമാസ് പോരാളികള്‍ ഒളിച്ചിരിക്കുന്ന എല്ലാ കെട്ടിടങ്ങളും ഇന്നും നാളെയുമായി തകര്‍ക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.
ഇന്നലെ ആരംഭിച്ച കരസേന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 120 പലസ്തീനികള്‍ കൊല്ലപ്പെട്ടു.ഗാസയിലെ ഹമാസിന്റെ പ്രധാന ശക്തികേന്ദ്രത്തിലേക്ക് സൈന്യം പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ പ്രധാന ശക്തികേന്ദ്രമായ ഗാസ ലക്ഷ്യമാക്കി കരസേനയുടെ ടാങ്കുകള്‍ നീങ്ങുകയാണ്. ഇനിയുള്ള ഏതു നിമിഷവും ഗാസ നഗരം ഇസ്രായേല്‍ പിടിക്കുമെന്നും എട്ടു ലക്ഷത്തോളം പലസ്തീനികള്‍ അവിടെനിന്നും ഒഴിഞ്ഞുപോകേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും അഭയാര്‍ഥികള്‍ എവിടേക്കു പോകുമെന്നോ എവിടെ പുനരധിവസിപ്പിക്കുമെന്നോ വ്യക്തമല്ല.
രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് ഇന്നലെ മുതല്‍ നടന്നുവരുന്നത്. കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ ഗാസ സിറ്റിയില്‍ കനത്ത ബോംബ് ആക്രമണമാണ് നടക്കുന്നത്.ആക്രമണത്തിനു പിന്നാലെ ഗാസ സിറ്റിയില്‍ നിന്ന് പതിനായിരക്കണക്കിന് പേരാണ് തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്യുന്നത്. പലായനം ചെയ്യാന്‍ തുറന്നു നല്‍കിയ അല്‍-റഷീദ് സ്ട്രീറ്റില്‍ ഇന്നലെ രാത്രി മുതല്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇസ്രയേലിന്റെ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ മൂന്നരലക്ഷം പേര്‍ തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇത് ഗാസയിലെ ആകെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരും.ഗാസ സിറ്റിയിലെ 17 കെട്ടിടങ്ങളാണ് ഇന്നലെ രാത്രി ഇസ്രായേല്‍ ബോംബിംഗില്‍ തരിപ്പണമാക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ 76 വന്‍കിട കെട്ടിടങ്ങള്‍ ഇസ്രായേല്‍ നിലംപരിശാക്കി. യുദ്ധം തുടങ്ങിയശേഷം ഇതോടകം 65,000 പേര്‍ ഇതിനോടകം ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒന്നര ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇപ്പോഴും നിരവധി ഇസ്രയേലി ടാങ്കുകളും കവചിത വാഹനങ്ങളും ഗാസ പട്ടണത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. കരസേനയുടെ മൂന്നാമത് ഡിവിഷന്‍ കൂടി ഉടന്‍ ഗാസയിലേക്കെത്തുമെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്.
വര്‍ഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും കഠിനമായ ആക്രമണങ്ങള്‍ക്കാണ് ഇസ്രായേലി സൈന്യം ഗാസ നഗരത്തെ വിധേയമാക്കിയത്. ഒരിക്കലും തിരിച്ചുവരാന്‍ കഴിഞ്ഞേക്കില്ലെന്ന ഭയത്തില്‍ ആയിരക്കണക്കിന് ഗാസക്കാര്‍ ബോംബുകള്‍ക്കും വെടിയുണ്ടകള്‍ക്കും നടുവിലൂടെ പലായനം ചെയ്യുകയാണ്.തകര്‍ന്ന നഗരത്തില്‍ നിന്ന് കറുത്ത പുക ഉയരുന്ന പശ്ചാത്തലത്തില്‍, വീട്ടുപകരണങ്ങള്‍ കയറ്റിയ വാനുകളും കഴുതവണ്ടികളുമായി തങ്ങളുടെ അവസാന സമ്പാദ്യങ്ങളും ചുമന്ന് കാല്‍നടയായി പോകുന്ന ആളുകളും തീരദേശപ്രദേശത്തുകൂടി നീങ്ങുകയാണ്.
ഈ സാഹചര്യത്തില്‍ ഗാസ കത്തുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് എക്സില്‍ കുറിക്കുകയും ചെയ്തു.ഇസ്രായേലിന്റെ യുദ്ധവിമാനങ്ങള്‍ ഗാസയുടെ ആകാശത്ത് താഴ്ന്നുപറക്കുകയാണ്. നിരന്തരമുള്ള ബോംബ് വര്‍ഷത്തില്‍ നൂറുകണക്കിനാളുകളാണ് പരിക്കേറ്റ് വീഴുകയാണ്. ഷെല്ലാക്രമണം, ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍, എഫ്-16 വിമാനങ്ങള്‍ എന്നിവ കാരണം രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി മുടങ്ങിയിരിക്കുകയാണ്.കരസേനയുടെ ആക്രമണം ആരംഭിച്ചതുമുതല്‍ ചുരുങ്ങിയത് 106 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും അവരില്‍ 91 പേര്‍ ഗാസ സിറ്റിയില്‍ മാത്രമാണെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഇസ്രയേലിന്റെ കരയാക്രമണം വംശഹത്യാ പദ്ധതികളുടെ പുതിയ ഘട്ടമാണെന്നാണ് തുര്‍ക്കി വിശേഷിപ്പിച്ചത്. ഇത് കൂടുതല്‍ കൂട്ടപ്പലായനത്തിന് കാരണമാകുമെന്നും തുര്‍ക്കി മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍ തീമഴ പെയ്യിക്കുമ്പോള്‍ പലായനത്തിന് പോലും വഴിയില്ലാതെ പരക്കം പായുകയാണ് ജനം. ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ അനുവദിച്ച അല്‍ റഷീദ് പാതയില്‍ നടന്ന് നീങ്ങാന്‍ പോലും സാധ്യമാവാത്തത്ര തിരക്കാണ്. പീരങ്കിയും ഡ്രോണും, വെടിവെപ്പും ബോംബുവര്‍ഷവും കാരണം ആയിരങ്ങള്‍ മരണം മുഖാമുഖം കാണുകയാണ്.ഭക്ഷണം കിട്ടാതെ ഗാസയില്‍ മരിച്ചവരുടെ എണ്ണം 428 കടന്നു. യുകെയും ജര്‍മ്മനിയും ഇറ്റലിയും ഉള്‍പ്പെടെ രാജ്യങ്ങള്‍ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിക്കുമ്പോഴും ഹമാസിനെ കൂടെ കൂട്ടുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന മാര്‍ക്കോ റൂബിയയുടെ പ്രതികരണം ഇസ്രയേലിന് അമേരിക്കയുടെ മൗനസമ്മതമാണ്. ഗാസയിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനാണ് ഇസ്രയേല്‍ നീക്കം.
ഗാസയില്‍ നിന്ന് പിന്‍വാങ്ങണമെന്ന അറബ് - ഇസ്ലാമിക് ഉച്ചകോടിയുടെ കൂട്ടായ മുന്നറിയിപ്പും മറികടന്നാണ് ഗാസയില്‍ ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ആരൊക്കെ ഉപരോധിച്ചാലും എല്ലാം തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെല്ലുവിളി നടത്തിയത്. ഇതിന് തൊട്ടു പിന്നാലെയാണ് ഗസയില്‍ പൂര്‍വാധികം ശക്തിയില്‍ കരയാക്രമണം തുടങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























