യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...

ഗസ്സയിൽ എങ്ങും ചോരപ്പുഴ മാത്രം. ഇന്നലെ മാത്രം 106 പേരുടെ ജീവൻ എടുത്ത് ഇസ്രായേൽ ആക്രമണം, യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് ഇസ്രായേൽ. കര, കടൽ, ആകാശം – എല്ലാ ദിശകളിലൂടെയും ഗസ്സ നഗരം തകർന്നടിയുമ്പോൾ പതിനായിരങ്ങൾ ഭയത്താൽ സ്വന്തം നാടുവിട്ട് ഓടുന്നു. മനുഷ്യരാശിയുടെ കണ്ണീർ കഥയായിത്തീരുന്ന ഗസ്സയിലെ കൊടുംക്രൂരതയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്…" ഗസ്സയിൽ കരയാക്രമണത്തിന്റെ നിർണായക ഘട്ടം ആരംഭിച്ചെന്ന മുന്നറിയിപ്പോടെയാണ് ഇസ്രായേൽ ഇന്നലെ ആക്രമണം ആരംഭിച്ചത്.
3,000ത്തോളം ഹമാസ് പോരാളികൾ ഗസ്സ നഗരത്തിലുണ്ടെന്ന പേരിലാണ് സിവിലിയൻ പ്രദേശങ്ങളിൽ പോലും ബോംബാക്രമണം തുടർന്നത്. ആകാശത്തുനിന്നും, കടലിൽ നിന്നുമാണ് തുടർച്ചയായ ആക്രമണം. നഗരത്തിൽ പലായനം ചെയ്യാൻ ശ്രമിക്കുന്ന നിരവധിപേരുടെ മൃതദേഹങ്ങൾ വഴികളിലുടനീളം ചിതറിക്കിടക്കുന്നതായി ദൃക്സാക്ഷികൾ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ആക്രമണമാണിതെന്ന് വിദഗ്ധരും വിലയിരുത്തുന്നു.
ഗസ്സയിൽ നടക്കുന്ന വംശഹത്യക്ക് അമേരിക്ക തുറന്ന പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. "ഹമാസിന് ഇനി ദിവസങ്ങൾക്കകം പാഠം പഠിക്കേണ്ടി വരും" – യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഗസ്സ ആക്രമണത്തിന്‍റെ ഫലത്തെ ഉറ്റുനോക്കുകയാണെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. ഇതിനിടെ, നെതന്യാഹുവിനെതിരെ തന്നെ ഇസ്രായേലിൽ നിന്ന് വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
ജറൂസലമിൽ ബന്ദികളുടെ ബന്ധുക്കൾ വൻ റാലി സംഘടിപ്പിച്ച് സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധിച്ചു. അതേസമയം, ഗസ്സയിലെ ക്രൂരതകളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ ഇന്നലെ റിപ്പോർട്ട് പുറത്തുവിട്ടു.
ഗസ്സയിൽ വംശഹത്യ നടത്തിയതായി ഇസ്രായേലിനെതിരെ നേരിട്ടുള്ള ആരോപണമാണ് റിപ്പോർട്ടിൽ ഉയർന്നത്. അന്തർദേശീയ സമൂഹം ശക്തമായ ഇടപെടൽ നടത്തണമെന്ന ആവശ്യവും യു.എൻ മുന്നോട്ട് വെച്ചു. എന്നാൽ റിപ്പോർട്ട് തള്ളുന്നതായാണ് ഇസ്രായേലിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha