ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്....സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ രക്തകറ ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചു

ഏറ്റുമാനൂര്‍ ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ക്രൈം ബ്രാഞ്ചിന് നിര്‍ണായക തെളിവ് ലഭ്യമായി. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ രക്തകറ ജെയ്‌നമ്മയുടേത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഫോറെന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം വന്നത്. ഡിഎന്‍എ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല.
പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ പലപ്പോഴായി നടത്തിയ പരിശോധനയില്‍ കേസിന്റെ ചുരുളഴിക്കുന്ന വിധത്തിലുള്ള ചില തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടുണ്ട്. ജെയ്‌നമ്മ ഉള്‍പ്പെടെ 2006 നും 2025 നും ഇടയില്‍ കാണാതായത് നാല്പതിനും 50 നും ഇടയില്‍ പ്രായമുള്ള 4 സ്ത്രീകളാണ്.
ഇവരില്‍ മൂന്നുപേരുടെ തിരോധാനം നേരിട്ട് വിരല്‍ച്ചൂണ്ടുന്നത് സെബാസ്റ്റ്യനെന്ന 68 കാരനിലേക്കാണ്. 2006 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012 ല്‍ കാണാതായ ഐഷ, 2020 ല്‍ കാണാതായ സിന്ധു, 2024 ഡിസംബറില്‍ കാണാതായ ജെയ്‌നമ്മ, ഈ നാല് സ്ത്രീകള്‍ക്കും പിന്നീട് എന്ത് സംഭവിച്ചെന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ ജെയ്‌നമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
അതേസമയം മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുന്‍പ് 2020 ഒക്ടോബര്‍ 19 ന് വൈകീട്ട് അമ്പലത്തില്‍ പോയതാണ് തിരുവിഴ സ്വദേശി സിന്ധു. പിന്നീട് സിന്ധുവിനെ ആരും കണ്ടിട്ടില്ല. അര്‍ത്തുങ്കല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും സിന്ധുവിന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
സെബാസ്റ്റുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടില്ല. ഈ കേസ് ഉള്‍പ്പടെ ചേര്‍ത്തലയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളുടെ തിരോധാന കേസുകള്‍ വീണ്ടും അന്വേഷിക്കുകയാണ് പൊലീസ്.
"
https://www.facebook.com/Malayalivartha