സങ്കടക്കാഴ്ചയായി... സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലില്‍ പോകുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

തിരുവനന്തപുരത്ത് നിന്ന് സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലില്‍ പോകുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം തിരുമല രാമമംഗലത്ത് ബംഗ്ലാവ് വീട്ടില്‍ അജയന്‍ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍) -ശ്രീലത ദമ്പതികളുടെ ഏക മകന്‍ ആദര്‍ശാണ് (29) മരിച്ചത്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഫെറിഡിയം ടെക്‌നോളജി കമ്പനിയില്‍ എന്‍ജിനിയറാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് മലയോര ഹൈവേ മടത്തറ - കുളത്തൂപ്പുഴ പാതയില്‍ വേങ്കോല്ല ശംഖിലി ഫോറസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.
വനത്തില്‍ നിന്ന് ഹൈവേ പാതയിലേക്ക് പാഞ്ഞെത്തിയ കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. ആദര്‍ശ് ദൂരേക്ക് തെറിച്ചു വീണു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്കുള്‍പ്പടെ ഗുരുതര പരിക്കേറ്റു.ശക്തമായ മഴയായിരുന്നു. ആംബുലന്‍സ് വിളിച്ചെങ്കിലും എത്താന്‍ വൈകുമെന്ന് അറിയിച്ചതിനാല്‍ ഏറെനേരം രക്തം വാര്‍ന്ന് റോഡില്‍ കിടക്കേണ്ടി വന്നു.
സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ ശംഖിലി സെക്ഷന്‍ വനപാലകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശവാസിയുടെ ജീപ്പില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഒറ്റയാന്‍ ഇനത്തിലെ നൂറ് കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയും അപകടത്തില്‍ ചത്തു. ആദര്‍ശിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്ന് സംശയിക്കുന്ന കാര്‍ ചിതറ പൊലീസ് തിരുവനന്തപുരത്തെ ഹോണ്ടാ ഷോറൂമില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഡോര്‍ ചളുങ്ങിയ നിലയിലും ബംബറും നമ്പര്‍ പ്‌ളേറ്റും തകര്‍ന്ന നിലയിലുമാണ്. പന്നി ഇടിച്ചപ്പോള്‍ ആദര്‍ശ് ബൈക്കില്‍ നിന്ന് തെറിച്ച് കാറിലിടിച്ചിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. പന്നിയുടെ ദേഹത്തിലൂടെ കാര്‍ കയറിയിറങ്ങിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് വനപാലകര്‍. സുഹൃത്തിന്‍റെ അപകടമരണത്തിന്‍റെ ആഘാതത്തിലാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍.
https://www.facebook.com/Malayalivartha






















