സമയം നീട്ടി ചോദിച്ച് കോടതിയെ കബളിപ്പിച്ച രേഖ പുറത്ത് വന്നു

2024 സെപ്റ്റംബര്‍ 20 ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനാല്‍ സെപ്റ്റംബര്‍ 26 ന് അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്ഒക്ടോബര്‍ 1ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
ഒക്ടോബര്‍ 1ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1 ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും അതിനാല്‍ നാഗരാജിന്റെ ഹര്‍ജി തള്ളണമെന്നും ആവശ്യപെട്ടു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം കോടതി തള്ളിക്കൊണ്ട് ഡിസംബര്‍ 10 ന് അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഒക്ടോബര്‍ 1 ന് ജഡ്ജി എം.വി. രാജകുമാര ഉത്തരവിട്ടു. നാഗരാജിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന മതിയായ തെളിവുകള്‍ ഉളള ഹര്‍ജി തള്ളാനാവില്ലെന്നും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നെഗറ്റീവ് ആയാല്‍ ഹര്‍ജിക്കാരന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആവശ്യം തള്ളിയത്. എന്നാല്‍ നവംബര്‍ 26 ന് അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആയി ഡിവൈഎസ്പി ഷിബു പാപ്പച്ചനും എസ്പി ജോണിക്കുട്ടിയും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി പിണറായി ഒപ്പിട്ട് രഹസ്യമായി വച്ചു. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനാണ് ഇപ്രകാരം ചെയതത്.
ലീഗല്‍ അഡൈ്വസറെ പോലും കാണിച്ച് ലീഗല്‍ ഒപ്പീനിയന്‍ വാങ്ങാതെ രഹസ്യമായാണ് ഫയല്‍ നീക്കം നടന്നത്. അന്തിമ റിപ്പോര്‍ട്ട് നല്‍കും മുമ്പ് തന്നെ വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടെ പക്കല്‍ നിന്നും ലീഗല്‍ ഒപ്പീനിയന്‍ വാങ്ങണമെന്ന ചട്ടം പോലും ലംഘിച്ചാണ് വിജിലന്‍സ് കൃത്യ വിലോപം കാട്ടിയത്. എന്നാല്‍ നവംബറില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിവരം കോടതിയില്‍ മറച്ചുവെച്ച് ഡിസംബര്‍ 10 ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം സമയം നീട്ടി ചോദിച്ചു.
തുടര്‍ന്ന് 2025 ജനുവരി 24 ന് വീണ്ടും 60 ദിവസം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് മാര്‍ച്ച് 25 ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ വീണ്ടും കോടതിയെ കബളിപ്പിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേക്കായി 45 ദിവസത്തെ സാവകാശം കൂടി കോടതി അനുവദിച്ച് ഉത്തര വുണ്ടാകണമെന്ന് കാണിച്ച് മാര്‍ച്ച് 25 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് മെയ് 6ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ അജിത് കുമാറിനും മറ്റുമെതിരായ ആരോപണങ്ങള്‍ സാധൂകരിക്കുന്ന യാതൊരു തെളിവുകളും അന്വേഷണത്തില്‍ വെളിവായില്ലെന്നും അതിനാല്‍ നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും കാണിച്ച് മെയ് 6 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപ്പോള്‍ തന്നെ കോടതി അന്വേഷണ റിപ്പോര്‍ട്ട് എവിടെയെന്ന് ചോദിച്ചു.
സര്‍ക്കാരിന്റെ പക്കല്‍ നല്‍കിയെന്ന മറുപടിയാണ് വിജിലന്‍സ് നല്‍കിയത്. ഈ റിപ്പോര്‍ട്ട് നിരാകരിച്ച കോടതി വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിക്കുകയും കോടതി പരിഗണിക്കുന്ന കേസില്‍ സര്‍ക്കാരിനെന്ത് കാര്യമെന്നും റിപ്പോര്‍ട്ട് കോടതിയിലല്ലേ സമര്‍പ്പിക്കേണ്ടതെന്നും ചോദിച്ച് സര്‍ക്കാരിനെയും വിജിലന്‍സിനെയും ശാസിക്കുകയും റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിടുകയും ചെയ്തു. മെയ് 31 ന് മുന്‍ ജഡ്ജി റിട്ടയര്‍ ചെയ്തതിനെ തുടര്‍ന്ന് സ്ഥാനമേറ്റ വിജിലന്‍സ് ജഡ്ജി എ. മനോജിന്റെ ശക്തമായ നിയമ നടപടികളിലൂടെയാണ് മുഖ്യമന്ത്രിയുടെയും വിജിലന്‍സിന്റെയും നിയമവിരുദ്ധ പ്രവൃത്തികള്‍ പുറം ലോകം അറിഞ്ഞത്.
"
https://www.facebook.com/Malayalivartha