പരസ്യപ്രതികരണം വേണ്ട മുന്നറിയിപ്പുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

ഡോ.ഹാരിസ് ചിറയ്ക്കൽ നടത്തിയ വെളിപ്പെടുത്തൽ ഉയർത്തിയ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പേ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസ് നടത്തിയ ഗുരുതര വെളിപ്പെടുത്തലുകൾ ചർച്ചയാവുകയാണ്. മരണാനന്തര അവയവദാന പദ്ധതിയായ 'കെ സോട്ടോ'യിൽ (പഴയ മൃതസഞ്ജീവനി) ശസ്ത്രക്രിയകൾ ഒന്നും നടക്കുന്നില്ലെന്നാണ് നെഫ്രോളജി മേധാവി ഡോ.എം.കെ.മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുൻ യൂറോളജി മേധാവിയായിരുന്ന ഡോ.വേണുഗോപാലിന്റെ നിര്യാണത്തിൽ അനുശോചിച്ചെഴുതിയ കുറിപ്പിലാണ് ആക്ഷേപം. യൂറോളജി മേധാവിയായിരുന്ന ഡോ.വേണുഗോപാലും നെഫ്രോളജി മേധാവിയായിരുന്ന ഡോ.രാംദാസ് പിഷാരടിയുമാണ് കെ സോട്ടാ പദ്ധതിയെ ജനകീയമാക്കിയത്. 2017ൽ ഡോ.രാംദാസിന്റെ മരണശേഷം വിരളിലെണ്ണാവുന്ന ശസ്ത്രക്രിയകൾ മാത്രമേ നടന്നിട്ടുള്ളു. കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോലിചെയ്യുന്ന ആലപ്പുഴ മെഡിക്കൽ കോളേജിലും മരണാനന്തര അവയമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
വിഷയം വിവാദമായതോടെ ഡോ.മോഹൻദാസ് പോസ്റ്റ് പിൻവലിച്ചിരുന്നു. കെ സോട്ടോയെ വിമർശിച്ച ഡോ.മോഹൻദാസിന് പ്രിൻസിപ്പൽ പി.കെ.ജബ്ബാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. ആഭ്യന്തര വിഷയങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാക്കിയത് അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇപ്പോൾ ഇതാ ജീവനക്കാർക്ക് പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് നിർദേശം. പരാതിയുണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം. പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ ഡോ.പി കെ ജബ്ബാർ മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha























