കതിരൂര്‍ മനോജിനെ അറിയില്ലെന്ന് പി.ജയരാജന്‍, സിബിഐയുടെ ചോദ്യം ചെയ്യലില്‍ മറുപടി പറയുകയായിരുന്നു ജയരാജന്‍

കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ അറിയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. തന്നെ ആക്രമിക്കാന്‍ വന്ന സംഘത്തില്‍ മനോജ് ഉണ്ടായിരുന്നോ എന്നും അറിയില്ല. സിബിഐയുടെ ചോദ്യം ചെയ്യലില്‍ മറുപടി പറയുകയായിരുന്നു ജയരാജന്‍. പാര്‍ട്ടി നേതാവിന് അണികളോടുള്ള ബന്ധമാണ് കേസിലെ ഒന്നാം പ്രതി വിക്രമനുമായുള്ളതെന്നും ജയരാജന്‍ സിബിഐയോട് പറഞ്ഞു. കോടതി ഉത്തരവിന് വിരുദ്ധമായി ജയില്‍ സൂപ്രണ്ടും ജയരാജനൊപ്പമിരുന്നു. ഇതില്‍ സിബിഐ അതൃപ്തി രേഖപ്പെടുത്തി.
കതിരൂര്‍ മനോജ് വധക്കേസില്‍ 25-ാം പ്രതിയായ പി. ജയരാജനെ മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സിബിഐക്ക് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയരാജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രതിയെ പൂര്‍ണമായും പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യം നിരാകരിച്ച കോടതി ജയരാജനെ 9, 10, 11 തീയതികളില്‍ രാവിലെ ഒന്‍പതിനും വൈകിട്ട് ആറിനുമിടയില്‍ ചോദ്യം ചെയ്യാവുന്നതാണെന്ന് ഉത്തരവിട്ടു.
ജയരാജനെ ബുധനാഴ്ച മുതല്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി ഹരി ഓംപ്രകാശും സംഘവും ചോദ്യം ചെയ്തു തുടങ്ങി. മറ്റാരുടെയും ഇടപെടലുകളൊന്നുമില്ലാത്ത സ്ഥലത്ത് അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനു കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha