ഒരു കോടി രൂപ ലോട്ടറിയടിച്ച ബംഗാളി യുവാവിന് സമ്മാനത്തുക ലഭിക്കണമെങ്കില്‍ കടമ്പകളേറെ

ഒരു കോടിയുടെ ലോട്ടറിയടിച്ച ബംഗാളി യുവാവിന് പക്ഷേ, സമ്മാനത്തുക ലഭിക്കണമെങ്കില്‍ ഇനിയും കടമ്പകളേറെ കടക്കണം. ബംഗാളി യുവാവ് കേരളത്തിലെത്തിയതിന്റെ മൂന്നാം ദിവസമാണ് ലോട്ടറിയെടുത്തത്. കെട്ടിടനിര്‍മാണ ജോലിക്കായി കേരളത്തിലെത്തിയ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലക്കാരനായ മൊഫിജുല്‍ റഹിമ ഷെയ്ഖ് (22) ആണു കാരുണ്യ ലോട്ടറിയിലൂടെ ഭാഗ്യവാനായത്. ജോലി അന്വേഷിച്ചു കേരളത്തില്‍ എത്തിയ മൊഫിജുല്‍ വെള്ളിയാഴ്ച ആദ്യ കൂലിയുമായി വരുന്ന വഴി ലോട്ടറിക്കച്ചവടക്കാരനില്‍ നിന്നു കാരുണ്യ ലോട്ടറിയെടുക്കുകയായിരുന്നു.
ലോട്ടറി തട്ടിപ്പു തടയാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വകുപ്പ് നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് ബംഗാള്‍ സ്വദേശിയായ മൊഫിജുലിനു വേഗം സമ്മാനത്തുക ലഭിക്കുന്നതിനു തടസമാകുക. കേരളത്തില്‍ എത്തി ലോട്ടറി വാങ്ങിയെന്നു തെളിയിക്കുകയാണ് മൊഫിജുലിനു മുന്നിലെ ആദ്യ കടമ്പ. ബംഗാളില്‍ നിന്നു കോഴിക്കോട്ട് എത്തിയതിന്റെ ട്രെയിന്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ ഇതു തെളിയിക്കാമെങ്കിലും മൊഫിജുല്‍ ടിക്കറ്റ് സൂക്ഷിച്ചിട്ടില്ലെങ്കില്‍ മറ്റേതെങ്കിലും തെളിവുകള്‍ ഹാജരാക്കേണ്ടി വരും. ടിക്കറ്റ് വിറ്റ ഏജന്റിന്റെയും ഇയാളെ കോഴിക്കോട്ട് എത്തിച്ച കരാറുകാരന്റെയും സത്യവാങ്മൂലമാണ് മറ്റൊരു മാര്‍ഗം. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാല്‍ ഒരു മാസത്തിനുള്ളില്‍ സമ്മാനത്തുക കൈപ്പറ്റാം.
കേരളത്തില്‍ ലോട്ടറിയടിക്കുന്നവര്‍ നികുതി ഒഴിവാക്കുന്നതിനായി സംസ്ഥാനത്തിനു പുറത്തെ കള്ളപ്പണക്കാര്‍ക്കു ടിക്കറ്റ് മറിച്ചു വിറ്റ്, മുഴുവന്‍ സമ്മാനത്തുകയും കൈപ്പറ്റുന്നുവെന്നു കണ്ടെത്തിയതോടെയാണ് അഞ്ചു വര്‍ഷം മുന്‍പ് ഇതര സംസ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത്. സംസ്ഥാനത്തിനു പുറത്ത് കേരളാ ലോട്ടറി വില്‍ക്കാന്‍ പാടില്ലെന്നു നിബന്ധനയുമുണ്ട്. അതിനാലാണ് ലോട്ടറിയടിക്കുന്ന ഇതര സംസ്ഥാനക്കാര്‍ ഇവിടെയെത്തി ലോട്ടറി വാങ്ങിയെന്നു തെളിയിക്കേണ്ടി വരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha