ജയിലില്‍ പോകേണ്ടി വന്നാലും പിഴയടക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍, പിന്തുണയുമായി കേന്ദ്രസര്‍ക്കാര്‍

പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടി യമുനാ നദീതീരത്ത് സാംസ്‌കാരിക പരിപാടി നടത്തുവാന്‍ അഞ്ച് കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
ട്രൈബ്യൂണല്‍ വിധിയില്‍ അതൃപ്തിയുണ്ടെന്നും സത്യം ജയിക്കുമെന്നും ശ്രീശ്രീ രവിശങ്കര്‍ ട്വിറ്റ് ചെയ്തു. ജയിലില്‍ പോകേണ്ടി വന്നാലും പിഴയടക്കില്ലെന്ന് ശ്രീ ശ്രീ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അഞ്ച് വര്‍ഷം മുമ്പ് ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും അന്നൊന്നും ഇങ്ങനെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്‌കാരികോത്സവത്തിന് ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് അഞ്ചു കോടി രൂപ പിഴയും ചുമത്തി.
സാംസ്‌കാരിക സമ്മേളനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ ഹരിത ട്രൈബ്യൂണല്‍ പരിസ്ഥിതി മന്ത്രാലയത്തോടും ജലവിഭവ മന്ത്രാലയത്തോടും നിര്‍ദേശിച്ചിരുന്നു. പരിപാടി നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലേയെന്നും ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു. പാരിസ്ഥിതിക ആഘാത പഠനപ്രകാരം താല്‍ക്കാലിക നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
5060 ഹെക്ടര്‍ പ്രദേശമാണ് സാംസ്‌കാരിക മേളയ്ക്ക് വേദി ഒരുക്കാന്‍ വേണ്ടി ഉപയോഗിച്ചത്. യമുനയുടെ തീരത്തുള്ള വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലം, ചതുപ്പ് പ്രദേശങ്ങള്‍, സസ്യജാലം എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടു. ഇത്തരം ഒരു പരിപാടി നടത്താന്‍ സംഘാടകര്‍ ഈ പ്രദേശം തെരഞ്ഞെടുക്കരുതായിരുന്നു എന്നും യമുനാ തീരത്ത് പരിപാടി നടത്താന്‍ കേന്ദ്രം അനുമതി നല്‍കാന്‍ പാടില്ലായിരുന്നു എന്നും സിആര്‍ ബാബുവിന്റെ നിരീക്ഷണങ്ങളില്‍ പറയുന്നു.
അതേസമയം സാസ്‌കാരിക സമ്മേളനത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പരിസ്ഥിതി മന്ത്രിയും പ്രധാനമന്ത്രിയും പങ്കെടുത്തതാണ്. എന്നിട്ട് രാജ്യത്ത് നദി മലിനമാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
എന്നാല്‍ ശ്രീ ശ്രീ രവിശങ്കറിന് പിന്തുണയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഗംഗയുടെയും, യമുനയുടെയും സംരക്ഷണത്തിന് മുന്‍പന്തിയിലുള്ള ആളാണ് രവിശങ്കറെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പരിപാടിക്ക് അനുമതി നല്‍കണമോ എന്ന് ഹരിത ട്രിബ്യൂണല്‍ തീരുമാനിക്കുമെന്നും കേന്ദ്രം മറുപടി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha