ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്കുള്ള അംഗീകാരം ; 'ആയുഷ് മേഖലയില്‍ നടപ്പിലാക്കിയ വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍' എന്ന വിഷയത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്കുള്ള അംഗീകാരമാണ് 'ആയുഷ് മേഖലയില്‍ നടപ്പിലാക്കിയ വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍' എന്ന വിഷയത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നീതി ആയോഗ് വിളിച്ചു ചേര്‍ത്ത നാലാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിലാണ് കേരളത്തെ നോഡല്‍ സംസ്ഥാനമായി തെരഞ്ഞെടുത്തത്. അതിന്റെയടിസ്ഥാനത്തിലാണ് കേരളത്തിന്റെ നേതൃത്വത്തില്‍ ദേശീയ ശില്പശാല സംഘടിപ്പിക്കാനുള്ള വേദിയൊരുങ്ങിയത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും ആരോഗ്യ സംരക്ഷണ നവീകരണത്തിലും സംസ്ഥാനത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റങ്ങളെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. കോട്ടയം കുമരകത്ത് നടക്കുന്ന 'ആയുഷ് മേഖലയില്‍ വിവരസാങ്കേതിക മുന്നേറ്റം' ദ്വിദിന ദേശീയ ശില്പശാല ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആഗോള തലത്തില്‍ ഗുണനിലവാരമുള്ളതും വിശ്വസനീയവും താങ്ങാനാവുന്നതുമായ ആയുഷ് സ്ഥാപനങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ആയുഷ് ചികിത്സാ മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിന് നൂതന വിവരസാങ്കേതിക വിദ്യാ ഇടപെടലുകള്‍ അനിവാര്യമാണ്. ആയുഷ് സ്ഥാപനങ്ങള്‍ക്ക് ദേശവ്യാപകമായി ഏകീകൃത മാനദണ്ഡം കാലഘട്ടത്തിന്റെ ആവശ്യമാണ്. 3500 വര്‍ഷങ്ങള്‍ പിന്നിട്ട പൗരാണിക വിജ്ഞാനവും ആധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്നതോടെ ഈ രംഗത്ത് മികച്ച മുന്നേറ്റം നടത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ആയുഷ് ചികിത്സാ രീതികള്‍ക്ക് രാജ്യവ്യാപകമായി പ്രചാരം ലഭിക്കുന്നതിന് സംസ്ഥാനങ്ങളുടെ സഹകരണവും ഡിജിറ്റല്‍ വിടവ് നികത്തുന്നതും അനിവാര്യമാണെന്ന് കുമരകത്ത് ആരംഭിച്ച ദേശീയ ശില്‍പശാല അഭിപ്രായപ്പെട്ടു. ദേശീയ ആയുഷ് മിഷന്‍ കേരളയും സംസ്ഥാന ആയുഷ് വകുപ്പും കേന്ദ്ര ആയുഷ് മന്ത്രാലയവും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. 29 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നു.
കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേച, കേന്ദ്ര ആയുഷ് മന്ത്രാലയ ജോ. സെക്രട്ടറി കവിത ജെയിന്‍, മന്ത്രാലയ ഉപദേശകന്‍ ഡോ. എ രഘു, ഉത്തര്‍പ്രദേശ് ആയുഷ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രഞ്ജന്‍ കുമാര്‍, ആയുഷ് മന്ത്രാലയ ഡയറക്ടര്‍ സുബോധ് കുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു, ഹോമിയോപതി മെഡിക്കല്‍ എജ്യുക്കേഷന്‍ കണ്‍ട്രോളിംഗ് ഓഫീസറും പ്രിന്‍സിപ്പലുമായ ഡോ. ടി കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha