‘പൂജ നടന്നത് എന്റെ വീട്ടിലല്ല; പൊട്ടിത്തെറിച്ച് ജയറാം..! സത്യം വിളിച്ച് പറഞ്ഞ് ജയറാം പോറ്റിക്കെതിരെ വമ്പൻ തെളിവുകൾ

ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് 2019ൽ ചെന്നൈയിൽ വച്ച് നടന്ന പൂജയിൽ പങ്കെടുത്തതെന്ന് നടൻ ജയറാം. ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ചെന്നൈയിൽ ചടങ്ങ് നടത്തിയത് വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി ജയറാം രംഗത്തെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയിൽ പങ്കെടുത്തതെന്നും ചിലർ പ്രചരിപ്പിക്കുന്നതു പോലെ തന്റെ വീട്ടിൽ വച്ചല്ല പൂജ നടന്നതെന്നും അദ്ദഹം പറഞ്ഞു. ചെന്നൈയിലെ അമ്പത്തൂരിൽ വാതിൽ നിർമിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും ജയറാം വ്യക്തമാക്കി.
‘‘ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വെച്ച് കാണാറുണ്ട്. മകരവിളക്കിനൊക്കെ ഉണ്ടാകാറുണ്ട്. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഗായകൻ വീരമണിയും ഉണ്ടായിരുന്നു. എന്നോടു പൂജ പോലെ ചെയ്യാൻ പറഞ്ഞു. ഫാക്ടറിയുടെ വാതിലിനു മുന്നിലെ ഓഫിസ് മുറിയിൽ വെച്ചാണ് പൂജ നടന്നത്. ശബരമിലയ്ക്ക് ഒരു വസ്തു കൊണ്ടുപോകുമ്പോൾ അതിന്റെ പൂജയ്ക്ക് പങ്കെടുക്കുന്നത് മഹാഭാഗ്യമായാണ് കരുതിയത്.
ഉണ്ണികൃഷ്ണൻ പോറ്റി പല കാര്യങ്ങൾക്കും വിളിക്കാറുണ്ട്. 2018 മുതൽ പരിചയമുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള പല വിവിഐപികളും അദ്ദേഹത്തോടൊപ്പമുണ്ടാകാറുണ്ട്. ഈയടുത്ത് ശബരിമലയിൽ മേളം ചെയ്യാമോയെന്നു ചോദിച്ച് വിളിച്ചിരുന്നു. ചെന്നൈയിലെ അന്നത്തെ പൂജ മഹാഭാഗ്യമായാണ് കരുതിയത്. അത് ഇങ്ങനെയാകുമെന്നു കരുതിയില്ല’’ –ജയറാം പറഞ്ഞു.
ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയുമെന്ന നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി വാതിൽ ചെന്നൈയിൽ പ്രദർശിപ്പിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന് ജയറാം പറയുന്നുണ്ട്. ശബരിമലയിലേക്കുള്ള വാതിൽ തൊട്ടുതൊഴാൻ ഉണ്ണികൃഷ്ണൻ പോറ്റി കാരണം തനിക്ക് ഭാഗ്യം ലഭിച്ചെന്നും ജയറാം പറയുന്നുണ്ട്. 2019ലെ ചടങ്ങിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്.
അതേസമയം, പാളികൾ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ കാര്യം ഉണ്ണികൃഷ്ണൻ പോറ്റി സ്ഥിരീകരിച്ചു. ശബരിമലയിൽ നിന്നിറങ്ങുന്നവർ നേരെ വീട്ടിൽ പോയിട്ടാണ് മറ്റിടങ്ങളിലേക്ക് പോകുന്നതെന്നും അതുകൊണ്ടാണ് പാളികൾ ബെംഗളൂരുവിലേക്ക് കൊണ്ടു വന്നതെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിശദീകരണം. അധികാരികൾ തന്നിട്ടാണ് പാളികൾ കൊണ്ടുപോയതെന്നും ഇതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണം പൂശുന്നതിനായി പാളികൾ 45 ദിവസം കൈവശം വെച്ചതിനും അദ്ദേഹം വിശദീകരണം നൽകി. സെപ്റ്റംബർ 19-നകം തിരികെ ഏൽപ്പിക്കാനായിരുന്നു ദേവസ്വം നിർദേശം. ഉടൻതന്നെ ചെന്നൈയിൽ സ്വർണം പൂശി എത്തിക്കണമെന്ന് ദേവസ്വം ബോർഡ് പറയാതിരുന്നതിനാലാണ് പാളികൾ 45 ദിവസം കൈവശം വെച്ചത്.
ശബരിമല സ്വർണം പൂശൽ വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച വിജിലൻസ് ചോദ്യംചെയ്യുമെന്നാണ് വിവരം. 1998ൽ വിജയ് മല്യ സ്വർണ പൊതിഞ്ഞതു മുതൽ 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയതു വരെയുള്ള വിവരങ്ങൾ അന്വേഷിക്കും. ഉണ്ണികൃഷ്ണൻ പോറ്റി ആരോടൊക്കെ പണം പിരിച്ചെന്ന കാര്യവും വിജിലൻസ് അന്വേഷിക്കും.
https://www.facebook.com/Malayalivartha