മോദിയെ എനിക്കറിയാം... റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മര്‍ദ ശ്രമങ്ങള്‍ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍

യുഎസ് പ്രസിഡന്റ് ട്രംപിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ മുന്നറിയിപ്പ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മര്‍ദ ശ്രമങ്ങള്‍ തിരിച്ചടിയാകുമെന്നാണ് പുട്ടിന്റെ മുന്നറിയിപ്പ്. ഇത്തരം ശ്രമങ്ങള്‍ സാമ്പത്തികമായി തിരിച്ചടിക്കുമെന്നാണ് അമേരിക്കയെ പുട്ടിന്‍ ഓര്‍മിപ്പിച്ചത്. റഷ്യയുടെ വ്യാപാര പങ്കാളികള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയാല്‍ അത് രാജ്യാന്തര തലത്തില്‍ വില വര്‍ധനയ്ക്ക് കാരണമാവും. ഒപ്പം പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതരാവും. റഷ്യയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് പുട്ടിന്‍ തങ്ങളുടെ സൗഹൃദ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യുഎസ് താരിഫ് ഭീഷണിക്ക് മറുപടി നല്‍കിയത്.
റഷ്യന്‍ എണ്ണ ഉപേക്ഷിക്കണമെന്ന യുഎസ് ആവശ്യത്തെ ഇന്ത്യയും ചൈനയും സ്വയം അപമാനിക്കാന്‍ അനുവദിക്കില്ല എന്നാണ് പുട്ടിന്‍ വിശേഷിപ്പിച്ചത്. 'ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ ജനങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ നിരീക്ഷിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും അത്തരം നടപടികള്‍ സ്വീകരിക്കില്ലെന്നും' - പുട്ടിന്‍ പറഞ്ഞു.
അതേസമയം റഷ്യയുമായുള്ള യുഎസിന്റെ യുറേനിയം ബന്ധത്തെക്കുറിച്ചും പുട്ടിന്‍ തുറന്നടിച്ചു. റഷ്യയില്‍നിന്ന് അമേരിക്ക യുറേനിയം വാങ്ങുമ്പോള്‍ മറ്റു രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നെന്നായിരുന്നു പുട്ടിന്‍ പറഞ്ഞത്. മുന്‍പ് ഇന്ത്യയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് അതിനെ കുറിച്ച് പ്രതികരിക്കാന്‍ ട്രംപ് തയാറായിരുന്നില്ല.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ കല്ലുകടിയായി മാറിയത് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയാണ്. ഇന്ത്യ എണ്ണവാങ്ങുമ്പോള്‍ നല്‍കുന്ന തുക ഉപയോഗിച്ചാണ് റഷ്യ, യുക്രെയ്‌നില്‍ യുദ്ധം നടത്തുന്നതെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. പലപ്പോഴും ചൈനയെയും ഈ ആരോപണത്തില്‍ ഇന്ത്യയ്‌ക്കൊപ്പം പാശ്ചാത്യ രാജ്യങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നു. എന്നാല്‍ ഇന്ത്യയും ചൈനയുമല്ല മറ്റൊരു ഏഷ്യന്‍ രാജ്യമായ തായ്‌വാനും റഷ്യയില്‍നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെട്രോ കെമിക്കല്‍ ഉല്‍പ്പന്നമായ നാഫ്തയുടെ ഇറക്കുമതിയിലാണ് തായ്‌വാന്‍ ഇന്ത്യയെ മറികടന്ന് റഷ്യന്‍ ഇറക്കുമതി പട്ടികയില്‍ ഒന്നാമതെത്തിയത്. അമേരിക്കയുമായി സൗഹൃദബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് തായ്‌വാന്‍.
താരിഫ് ഏര്‍പ്പെടുത്തിയപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ മാത്രം 25 ശതമാനമാണ് അധികമായി ഇന്ത്യയ്ക്ക് എതിരെ ട്രംപ് പിഴചുമത്തിയത്. എന്നാല്‍ സൗഹൃദ രാജ്യമായ തായ്‌വാനെതിരെയും ട്രംപ് അധിക താരിഫ് ചുമത്തുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. നാഫ്ത ഇറക്കുമതിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 1.3 ബില്യന്‍ യുഎസ് ഡോളറിന്റെ ഇടപാടുകളാണ് തായ്‌വാന്‍ റഷ്യയുമായി നടത്തിയത്. മുന്‍വര്‍ഷത്തെ ആദ്യപകുതിയെ അപേക്ഷിച്ച് 44 ശതമാനമാണ് വര്‍ധന. പ്ലാസ്റ്റിക്, ഫൈബര്‍, സെമികണ്ടക്ടര്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ നാഫ്ത പങ്കുവഹിക്കുന്നു. ഇറക്കുമതിയില്‍ റഷ്യയെ ഉപയോഗിക്കുമ്പോഴും യുദ്ധത്തിന്റെ കാര്യത്തില്‍ തായ്‌വാന്‍ യുക്രെയ്‌നെയാണ് പിന്തുണയ്ക്കുന്നത്.
തീരുവ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യ യുഎസ് ബന്ധം ഉലഞ്ഞതിനു പിന്നാലെ യുഎസ് പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ ദൃഢമാകുന്നതില്‍ ആശങ്കയോടെ ഇന്ത്യ. മേയില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനു ശേഷം നാലു മാസത്തിനിടെ മൂന്നു തവണയാണ് പാക്കിസ്ഥാന്‍ സേനാമേധാവി അസിം മുനീര്‍ യുഎസ് സന്ദര്‍ശിച്ചത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സെപ്റ്റംബര്‍ അവസാനം ട്രംപിനെ സന്ദര്‍ശിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ജൂണില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് യുഎസിലെത്തിയ അസിം മുനീറിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വകാര്യവിരുന്നും ഒരുക്കി. ആദ്യമായാണ് പാക്കിസ്ഥാന്റെ ഒരു സൈനിക മേധാവിയെ യുഎസ് വിരുന്നിന് ക്ഷണിച്ചത്. രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങള്‍ വഹിക്കാത്തൊരാളെ ഇത്തരത്തില്‍ ക്ഷണിച്ചതും സ്വകാര്യവിരുന്നു നല്‍കിയതും അസാധാരണ നീക്കമായി വലയിരുത്തപ്പെട്ടിരുന്നു. പിന്നാലെ പാക്ക് തീരത്തെ എണ്ണ പര്യവേക്ഷണമടക്കം വ്യാപാരക്കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. തുടര്‍ന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ മൈക്കിള്‍ എറിക് കുറില്ല ജൂലൈ 26 മുതല്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് പാക്കിസ്ഥാനില്‍ എത്തിയിരുന്നു.
ഓഗസ്റ്റില്‍ അസിം മുനീര്‍ വീണ്ടും യുഎസ് സന്ദര്‍ശിച്ചു. ഫ്‌ലോറിഡയിലെ ടാമ്പയില്‍ ജനറല്‍ മൈക്കിള്‍ എറിക് കുറില്ലയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസ് സന്ദര്‍ശിക്കുന്നുവെന്നായിരുന്നു ഔദ്യോഗികഭാഷ്യം. എന്നാല്‍ യുഎസ് സംയുക്ത സേനാമേധാവി ജനറല്‍ ഡാന്‍ കെയ്ന്‍ ഉള്‍പ്പെടെയുള്ള സൈനിക നേതൃത്വവുമായും ഉന്നത ഉദ്യോഗസ്ഥരുമായും അസിം മുനീര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായുധസംഘമായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ (ബിഎല്‍എ) വിദേശ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചു.
തുടര്‍ന്ന് സെപ്റ്റംബര്‍ 26ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സേനാമേധാവി അസിം മുനീറും യുഎസ് സന്ദര്‍ശിച്ചു. ആറ് വര്‍ഷത്തിനിടെ വൈറ്റ് ഹൗസ് സന്ദര്‍ശിച്ച ആദ്യ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷരീഫ്. യുഎസ് പ്രസിഡന്റിന് അത്യപൂര്‍വ ധാതുക്കള്‍ സമ്മാനിക്കുന്ന ചിത്രങ്ങള്‍ പിന്നാലെ പുറത്തുവന്നിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ പങ്കെടുത്ത കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. സമാധാനദൂതനായി ട്രംപിനെ അടുത്തിടെ വിശേഷിപ്പിച്ച ഷെഹ്ബാസ് ഷരീഫ്, സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സഹായിച്ചതിന് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ട്രംപ് സമാധാന നൊബേല്‍ അര്‍ഹിക്കുന്നുവെന്ന് അസിം മുനീറും പറഞ്ഞു.
പാക്കിസ്ഥാനിലെ കൃഷി, ഐടി, ഖനി, ധാതുമേഖല, ഊര്‍ജം എന്നിവിടങ്ങളില്‍ നിക്ഷേപം നടത്താന്‍ യുഎസ് കമ്പനികളെ ക്ഷണിച്ചതായി പാക്ക് പ്രധാനമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ അപൂര്‍വ ധാതുക്കളില്‍ യുഎസിനു താല്‍പര്യമുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഖനന കമ്പനിയായ ഫ്രോണ്ടിയര്‍ വര്‍ക്‌സ് ഓര്‍ഗനൈസേഷന്‍ യുഎസ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഊര്‍ജ, ഖനന, കാര്‍ഷിക മേഖലകളിലെ യുഎസ് നിക്ഷേപത്തിന് പകരമായി, പാകിസ്ഥാന് കുറഞ്ഞ തീരുവ ട്രംപ് ഉറപ്പുനല്‍കി. പാക്കിസ്ഥാനില്‍ നിന്നുള്ള വസ്ത്രം, കൃഷി ഉല്‍പ്പന്നങ്ങള്‍, ഐടി സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് കുറവ് തീരുവയാണ് യുഎസ് ഈടാക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയോടുള്ള ഹമാസിന്റെ പ്രതികരണം വരാനിരിക്കേ, ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ടിവരുമെന്നു മധ്യസ്ഥരായ ഖത്തറും ഈജിപ്തും വ്യക്തമാക്കി. അറബ് രാജ്യങ്ങള്‍ക്കിടയില്‍ പദ്ധതിയെക്കുറിച്ചു ഭിന്നാഭിപ്രായങ്ങളുണ്ടെന്ന സൂചനയാണിത് നല്‍കുന്നത്.
സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി അംഗീകരിക്കാന്‍ ഹമാസിനെ പ്രേരിപ്പിക്കാന്‍ ഖത്തറും തുര്‍ക്കിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നും പദ്ധതി ഹമാസ് നിരസിച്ചാല്‍ സംഘര്‍ഷം വ്യാപിക്കുമെന്നു വ്യക്തമാണെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി ബദര്‍ അബ്ദെലത്തി പറഞ്ഞു. പ്രതികരണം ചര്‍ച്ച ചെയ്തശേഷം അറിയാക്കമെന്നാണു ഹമാസ് വ്യക്തമാക്കിയിട്ടുള്ളത്.
ഹമാസ് ബന്ദികളെ മോചിപ്പിക്കണം, ഗാസയില്‍ അധികാരമൊഴിയുകയും ആയുധം ഉപേക്ഷിക്കുകയും വേണം, പകരം തടവിലുള്ള പലസ്തീന്‍കാരെ ഇസ്രയേല്‍ വിട്ടയയ്ക്കും എന്നിവയാണ് പദ്ധതിയിലെ പ്രധാന വ്യവസ്ഥകള്‍. മൂന്നോ നാലോ ദിവസത്തിനകം ഇവ ഹമാസ് അംഗീകരിക്കണമെന്നാണു ട്രംപ് ആവശ്യപ്പെടുന്നത്.
അതിനിടെ, ഗാസ സിറ്റിയില്‍ ശേഷിക്കുന്ന മുഴുവന്‍ പലസ്തീന്‍കാരും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ അന്ത്യശാസനം നല്‍കി. ഇല്ലെങ്കില്‍ അവരെ ഹമാസ് അനുഭാവികളായി കണക്കാക്കുമെന്നും അവര്‍ക്കു നാശമായിരിക്കുമെന്നും മുന്നറിയിപ്പു നല്‍കി. ഗാസ സിറ്റിയില്‍നിന്നു പുറത്തേക്കുള്ള പ്രധാനപാത അടയ്ക്കുമെന്നും ഇസ്രയേല്‍ സേന അറിയിച്ചു.
ട്രംപിന്റെ ഗാസ സമാധാനപദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പെടെ ആഗോളപിന്തുണ ലഭിച്ചെന്നു വൈറ്റ് ഹൗസ് പറഞ്ഞു. മോദിയുടെ സമൂഹമാധ്യമകുറിപ്പും വൈറ്റ് ഹൗസ് പങ്കിട്ടു. യുഎസ് പദ്ധതി ഹമാസ് അംഗീകരിക്കണമെന്ന് ലിയോ മാര്‍പാപ്പ അഭ്യര്‍ഥിച്ചു.
ഉപരോധം ലംഘിച്ച് ഗാസയില്‍ സഹായമെത്തിക്കാനുള്ള ഗ്ലോബല്‍ സുമോഡ് ഫ്‌ലോട്ടില ദൗത്യം ഇസ്രയേല്‍ തടഞ്ഞു. 46 രാജ്യങ്ങളില്‍നിന്നുള്ള 450 ആക്ടിവിസ്റ്റുകളാണ് കഴിഞ്ഞ മാസം ആദ്യം ബാര്‍സിലോനയില്‍നിന്ന് ഗാസ ലക്ഷ്യമാക്കി പുറപ്പെട്ടത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ച കപ്പലുകളെല്ലാം ഒരെണ്ണമൊഴിച്ച് ഗാസ തീരത്തു നിന്ന് 300 കിലോമീറ്റര്‍ ദൂരെവച്ച് കസ്റ്റഡിയിലെടുത്തു. സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുന്‍ബെര്‍ഗ് അടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഈ ആക്ടിവിസ്റ്റുകള്‍ക്ക് ഇനി എന്താണ് സംഭവിക്കുക എന്നതും ചര്‍ച്ചയായി.
കസ്റ്റഡിയില്‍ എടുത്തവരെ സ്വന്തം രാജ്യങ്ങളിലേക്കു മടക്കി അയക്കുകയാണ് ഇസ്രയേല്‍ ചെയ്യുക. അതേസമയം ഇതിനായി കുറച്ച് നടപടികള്‍ അവര്‍ നേരിടേണ്ടതായും വരും. വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയ പ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ ഇക്കുറി ഫ്‌ലോട്ടില ദൗത്യത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഇവരില്‍ സ്വീഡിഷ് കാലാവസ്ഥാ പ്രചാരകയായ ഗ്രേറ്റ ട്യുന്‍ബെര്‍ഗ് അടക്കമുള്ള ചിലര്‍ മുന്‍പും ഇതുപോലെ ഗാസയെ ലക്ഷ്യമിട്ട് സമുദ്ര സഞ്ചാരം ചെയ്തവരാണ്. ഉപരോധം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അന്നും ഇസ്രയേല്‍ അധികൃതര്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്ന് ക്രിമിനല്‍ വിചാരണ കൂടാതെയാണ് നാടുകടത്തിയത്. അതേസമയം ഗാസയിലേക്ക് വന്ന തങ്ങളെ സമ്മതമില്ലാതെ ബലമായി ഇസ്രയേലിലേക്ക് കൊണ്ടുപോയതില്‍ ഫ്‌ലോട്ടില സംഘത്തിലെ ചിലര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇവര്‍ ഇസ്രയേല്‍ രേഖകളില്‍ ഒപ്പുവയ്ക്കാനും വിസമ്മതിച്ചു. ഫ്‌ലോട്ടില സംഘത്തിലുള്‍പ്പെട്ടവരെ ഇസ്രയേല്‍ കസ്റ്റഡിയില്‍ എടുത്ത ശേഷം ട്രൈബ്യൂണലിന് മുന്‍പില്‍ ഹാജരാക്കിയ ശേഷമാണ് നാടുകടത്തിയത്. 100 വര്‍ഷത്തേക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നത് വിലക്കി കൊണ്ടാണ് നാടുകടത്തുന്നത്.
കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകളെ നാടുകടത്തുമെന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും ആരോഗ്യത്തോടെ ഇരിക്കുന്ന വിഡിയോയും പുറത്തുവിട്ടു. അതേസമയം ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധിച്ച് റോം, ഇസ്തംബുള്‍, ആതന്‍സ്, ബ്യൂനസ് ഐറിസ് തുടങ്ങിയ നഗരങ്ങളില്‍ റാലികള്‍ നടന്നു. പലസ്തീനു പിന്തുണയുമായി ഇറ്റലിയിലെ വിവിധ തൊഴിലാളി യൂണിയനുകള്‍ ഇന്നു ദേശീയപണിമുടക്ക് നടത്തും.
https://www.facebook.com/Malayalivartha