കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമം പോലീസും സമരക്കാരും നേർക്കുനേർ, ജലപീരങ്കിയിൽ ചങ്ക് പൊളിഞ്ഞു ,നോക്കി നിന്നവർക്കും കിട്ടി!!!

സംഘപരിവാർ അജണ്ഡ സിപിഎമ്മിന്റെ കൂട്ട് പിടിച്ച് കേരളത്തിൽ വളർത്താൻ അനുവദിക്കില്ല. പിഎംശ്രീ പദ്ധതിയിൽ ഒപ്പിച്ച് അങ്ങനൊരു മോഹം നടത്താമെന്ന് വ്യാമോഹിക്കുകയും വേണ്ടെന്ന് കെഎസ്.യു. ഇന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ കെ.എസ്.യു മാർച്ചിൽ വലിയ വിമർശനങ്ങളാണ് പ്രവർത്തകർ നടത്തിയത്. കണ്ട് നിൽക്കുന്നവരെ പോലും ഭയപ്പെടുത്തുന്ന തരത്തിൽ അക്രമാസക്തമായ പ്രതിഷേധ സമരമായിരുന്നു. പോലീസിന് നേരെ കയ്യിൽ കിട്ടിയതെല്ലാം വച്ച് എറിഞ്ഞു, ബാരിക്കേഡുകൾ തല്ലിതകർത്ത് പോലീസിന് നേരെ പാഞ്ഞടുത്ത കെ.എസ്.യു പ്രവർത്തകരെ പ്രതിരോധിക്കാൻ പോലീസും ഒട്ടും പിറകിലായിരുന്നില്ല.
അതേ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സർക്കാർ നടപടിയെ എതിർത്ത് പ്രതിപക്ഷ നേതാവ് ഇന്ന് രംഗത്ത് എത്തിയിരുന്നു. ആരോടും പറയാതെയാണ് പി.എം ശ്രീയിൽ ഒപ്പിട്ടത്. കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ പി.എം ശ്രീയിൽ ഒപ്പിടാൻ കേരളം സന്നദ്ധത അറിയിച്ചെന്നാണ് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി ഇന്നലെ പറഞ്ഞത്. 2024 ഫെബ്രുവരി എട്ടിനാണ് കേന്ദ്ര സർക്കാരിനെതിരെ കേരളം ഡൽഹിയിൽ സമരം ചെയ്തത് എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കേന്ദ്ര അവഗണയ്ക്ക് എതിരെയുള്ള സമരത്തിൽ മറ്റ് ചില മുഖ്യമന്ത്രിമാരും പങ്കെടുത്തു.
ഫെബ്രുവരി എട്ടിന് സമരം നടത്തിയിട്ട്, എല്ലാവരേയും കബളിപ്പിച്ച് മാർച്ചിൽ പി.എം ശ്രീയിൽ ഒപ്പിടാൻ സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും അമിത്ഷായേയും കണ്ടതിന് ശേഷം ആരും അറിയാതെ കരാർ ഒപ്പിട്ടു. അത് തുറന്നു പറയണം. ബിജെപിയും സി.പി.എമ്മും തമ്മിൽ അവിഹിതമായ ഒരു ബന്ധമുണ്ട്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിലെല്ലാം ഇവർ തമ്മിൽ പരസ്പര സഹായമുണ്ട്. ഇപ്പോൾ വന്നിരിക്കുന്ന വിവരങ്ങൾ അതിന് അടിവരയിടുന്നു. സി.പി.ഐ അപമാനിക്കപ്പെട്ടു എന്നത് സത്യമാണ്. ഏത് സി.പി.ഐയെന്നും ചോദിച്ചു. ഒപ്പ് വച്ചതിന് ശേഷം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭയിൽ മിണ്ടാതിരുന്നു.
എന്ത് മാത്രം കബളിപ്പിക്കലാണ്. എന്താണ് ഇതിന് പിറകിലുള്ള ദുരൂഹത? എന്താണ് ഗൂഡാലോചനയെന്ന് വ്യക്തമാകണം. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞു. സ്വർണ കൊള്ളയിൽ ഇപ്പോഴത്തെ ബോർഡും പ്രതികളാകും. ഇവരുടെ നിയമലംഘനം കോടതി വിധിയിൽ വ്യക്തമാണ്. എന്നിട്ടും ബോർഡിന് കാലാവധി നീട്ടി കൊടുക്കാനാണ് നീക്കമെങ്കിൽ വലിയ നേതാക്കളും കൊള്ളയിൽ പങ്ക് പറ്റിയിട്ടുണ്ടെന്നാണ് അർഥം. വ്യവസായ ആവശ്യങ്ങൾക്ക് സർക്കാരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിച്ച ഭൂമി വ്യവസായം നടത്താതെ മറിച്ചു വിറ്റു എന്നതാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് എതിരായ ആരോപണം, ആരോപണത്തിന് രാജീവ് ചന്ദ്രശേഖർ മറുപടിപറയണം എന്നും പ്രതിപക്ഷനേതാവ് ആവിശ്യപ്പെട്ടു.
എന്താണ് പിഎം ശ്രീ സ്കൂൾ പദ്ധതി -
പിഎം ശ്രീ സ്‌കൂള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. 14500ല്‍ അധികം സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വികസിപ്പിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എന്‍ഇപി) മികവ് പ്രദര്‍ശിപ്പിക്കുന്നതാണ് പദ്ധതി.
2023-27 വര്‍ഷത്തേക്ക് വിഭാവനം ചെയ്ത പദ്ധതിയാണിത്. ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂള്‍ പിഎം ശ്രീയായി വികസിപ്പിക്കും. ആര്‍എസ്എസ് അജന്‍ഡയും മറ്റും ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം പദ്ധതി നടപ്പാക്കിയിരുന്നില്ല.
ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപയാണ് ചെലവഴിക്കുക. കേന്ദ്ര-സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാകും ചെലവ് വഹിക്കുക. അതിനാല്‍ കേരളം പണംമുടക്കി വികസിപ്പിച്ച സ്‌കൂള്‍ കേന്ദ്ര ബ്രാന്‍ഡിങ്ങിനായി വിട്ടു കൊടുക്കണമോയെന്നാണ് സിപിഐയുടെ ചോദ്യം. പദ്ധതി നടപ്പാക്കാനുള്ള ശുപാര്‍ശ മുമ്പ് മന്ത്രിസഭയിലെത്തിയപ്പോള്‍ സിപിഐ എതിര്‍ത്തതിനാല്‍ മുന്നോട്ടുപോയില്ല. തമിഴ്നാടിനെപ്പോലെ സുപ്രീംകോടതിയില്‍ പോകാന്‍ ആലോചന വന്നെങ്കിലും സമയം പാഴാക്കലാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാദം.
എന്നാല്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതംവാങ്ങി, പിഎം-ശ്രീ നടപ്പാക്കാനുള്ള നടപടികളെടുക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. ഇതോടെയാണ് വിഷയം വിവാദമാകുന്നതും സിപിഐ പരസ്യപ്രതികരണവുമായി രംഗത്തെത്തുന്നതും. കേന്ദ്രം പണം തരാതിരിക്കാന്‍ നോക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പദ്ധതി നടപ്പാക്കാനുള്ള ന്യായമായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്.
'1466 കോടി രൂപ എന്തിനു വെറുതേ കളയണം? അതു വാങ്ങി കുട്ടികള്‍ക്കു പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വിദ്യാഭ്യാസത്തിന് എതിരായ എന്തെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കാം. സിപിഐക്കു എതിര്‍പ്പുണ്ടെന്നു തോന്നുന്നില്ല. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളൊക്കെ കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലേ' മന്ത്രി വാദിച്ചു.
പിഎം ശ്രീ ഒരു സിപിഎം-സിപിഐ തര്‍ക്കമല്ലെന്നും ഏതാനും ലക്ഷങ്ങളുടെ പേരില്‍ ആശയപരമായ വിട്ടുവീഴ്ച പാടില്ലെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി.
'തിരഞ്ഞെടുപ്പ് വരാനിരിക്കേ, ഇങ്ങനെയൊരു പദ്ധതിയില്‍ പങ്കാളിയാവുന്നത് ഇടതുസര്‍ക്കാരിന് ഭൂഷണമല്ല. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നല്‍കാത്തതില്‍ കേന്ദ്രത്തെ തുറന്നുകാട്ടി സമീപിച്ചാല്‍ ആ പണം ജനങ്ങള്‍ തരും. ബംഗാളില്‍ വികസനപദ്ധതിക്കായി രക്തം ശേഖരിച്ച പാര്‍ട്ടിയാണ് സിപിഎം' എന്നും ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസ് തീട്ടൂരത്തിനു വഴങ്ങി രാഷ്ട്രീയനിലപാടും നയവും ഇടതുസര്‍ക്കാര്‍ ബലികഴിക്കരുതെന്ന് സിപിഐ മുഖപത്രത്തില്‍ ലേഖനവും വന്നു.
സിപിഐ നിലപാട് കടുപ്പിച്ചതോടെ, പിഎം-ശ്രീ സ്‌കൂള്‍ നടപ്പാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ഇടതുമുന്നണി ചര്‍ച്ചചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. സിപിഐയുടെ എതിര്‍പ്പ് അവഗണിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും പറയുകയുണ്ടായി. മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടേ മുന്നോട്ട് പോകൂ എന്നായിരുന്നു ബേബിയുടെയും വാദം.
എതിർപ്പ് ദേശീയ വിദ്യാഭ്യാസ നയത്തിനോട്
പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേരാണ് പി.എം. ശ്രീ. ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയവും കേന്ദ്രസിലബസും നടപ്പിലാക്കേണ്ടിവരും. ഇതിനൊപ്പം പി.എം ശ്രി സ്‌കൂള്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്‌കൂളില്‍ സ്ഥാപിക്കണം. ഇതില്‍ ബ്രാന്‍ഡിങ്ങിനോടും ദേശീയ വിദ്യാഭ്യാസ നയത്തിനോടുമാണ് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുണ്ടായിരുന്നത്.
ദേശീയ വിദ്യാഭ്യാസ നയം ആര്‍എസ്എസ് അജണ്ടയാണെന്നാണ് മുമ്പ് സിപിഎമ്മും സിപിഐയുമൊക്കെ നിലപാടെടുത്തിരുന്നത്. ഈ സ്‌കൂളുകളില്‍ സംസ്ഥാന സിലബസിന് പകരം എന്‍സിആര്‍ടിയുടെ സിലബസ് അനുസരിച്ചാകും പഠനം നടത്തേണ്ടത്.
ആര്‍എസ്എസ് സങ്കല്‍പ്പത്തിലുള്ള ദേശീയത അടിച്ചേല്‍പ്പിക്കുക, ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുക, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങള്‍ കേന്ദ്രനിയന്ത്രണത്തിലേക്ക് പോകും തുടങ്ങിയവയാണ് ഇതിനെതിരെ ഉയരുന്ന ആരോപണങ്ങള്‍.
ഇതിന് പുറമെ സ്‌കൂളിന്റെ ഘടനയിലും മാറ്റമുണ്ടാകും. കേന്ദ്രനയമനുസരിച്ച് പ്രീസ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസുവരെയാണ് ആദ്യ ഘട്ടം, മൂന്നുമതല്‍ അഞ്ചാം ക്ലാസുവരെ രണ്ടാം ഘട്ടം. ആറുമുതല്‍ എട്ടുവരെ മൂന്നാം ഘട്ടം. ഒമ്പതുമുതല്‍ 12-ാം ക്ലാസുവരെ നാലാം ഘട്ടം. 5+3+3+4 എന്ന രീതിയാണ് കേന്ദ്രനയത്തില്‍ പറയുന്നത്. ഇത് കേരളം അംഗീകരിച്ച വിദ്യാഭ്യാസ നയവുമായി ചേര്‍ന്നുപോകുന്നതല്ല.
https://www.facebook.com/Malayalivartha






















