പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതം

പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു എം എസ് എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെ എസ് യു പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് നിരവധി പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ തെന്നിവീണ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പൊലിസിനു നേരെ കല്ലേറുണ്ടായി. സെക്രട്ടറിയേറ്റിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സെക്രട്ടറിയേറ്റിന്റെ സമര ഗേറ്റിലേക്കായിരുന്നു എം എസ് എഫ് മാര്‍ച്ച്. ബാരിക്കേഡിനു മുകളില്‍ കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സംഘിവത്കരണത്തിന് വിട്ടുകൊടുക്കില്ലെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. എന്ത് നയ വ്യതിയാനമാണ് സി പി എമ്മിന് ഉണ്ടായതെന്ന് ചോദിച്ച കെ എസ് യു അധ്യക്ഷന്‍, കാവി കാണുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിന് പ്രേമമാണെന്നും പരിഹസിച്ചു. സംസ്ഥാനത്തെ ഏതെങ്കിലും സ്‌കൂളിനു മുന്നില്‍ പി എം ശ്രീ ബോര്‍ഡ് വെക്കാന്‍ വന്നാല്‍ അത് പിഴുതെറിയുമെന്നും അലോഷ്യസ് സേവ്യര്‍ പ്രഖ്യാപിച്ചു.
പി എം ശ്രീ പദ്ധതിയില്‍ കൈകൊടുത്ത കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒന്നിച്ച് പോരാടാന്‍ സി പി ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ ഐ എസ് എഫിനെ ക്ഷണിക്കുകയും ചെയ്തു. ഈ സമരമുഖത്തേക്ക് എ ഐ എസ് എഫിനെ പരസ്യമായി ക്ഷണിക്കുന്നുവെന്നാണ് അലോഷ്യസ് സേവ്യര്‍ പറഞ്ഞത്. പി എം ശ്രീ പദ്ധതിക്കെതിരെ തെരുവില്‍ പ്രതിഷേധമുയര്‍ത്തുന്ന എ ഐ എസ് എഫ്, പിണറായി വിജയന്റെ കണ്ണുരുട്ടലില്‍ വീഴാതെ ഇരിക്കട്ടെയെന്നും കെ എസ് യു അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha






















