തിരുവനന്തപുരത്ത് വെണ്‍പാലവട്ടം മേല്‍പാലത്തിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി മേല്‍പാലത്തിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് വീണ് മരിച്ച സംഭവം.... മേല്‍പ്പാലത്തിന്റെ കൈവരി ഉയരം കൂട്ടാന്‍ നിര്‍ദേശം......

ലുലുമാളിന് സമീപമുള്ള വെണ്‍പാലവട്ടം മേല്‍പാലത്തിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി മേല്‍പാലത്തിന്റെ കൈവരിയുടെ പൊക്കക്കുറവ് കാരണം സര്‍വീസ് റോഡിലേക്ക് വീണ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൈവരിയുടെ പൊക്കംകൂട്ടണമെന്നതുള്‍പ്പെടെയുള്ള റോഡ് സുരക്ഷാ കമ്മീഷണറുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ .
കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനായിരുന്നു സംഭവം. മേല്‍പാലത്തില്‍ വച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍നിന്നു താഴേക്ക് പതിച്ചാണ് കോവളം വെള്ളാര്‍ സ്വദേശി സിമി (35) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ക്കും സഹോദരിക്കും പരിക്കേറ്റു.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി കൈവരിയില്‍ തട്ടുകയും 20 അടിയോളം താഴെയുള്ള സര്‍വീസ് റോഡിലേക്കു മൂവരും വീഴുകയുമായിരുന്നു. സര്‍വീസ് റോഡിനോടു ചേര്‍ന്നുള്ള ഓടയില്‍ തലയിടിച്ചാണു സിമിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്.
സിമിയുടെ ശരീരത്തിലേക്കാണ് മകള്‍ പതിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിമി അല്‍പസമയത്തിനു ശേഷം മരിച്ചു. അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് അന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha

























