ശബരീനാഥനെ തലസ്ഥാനത്തിറക്കി കോൺഗ്രസ്സിന്റെ അടാർ നീക്കം ആര്യ രാജേന്ദ്രന്റെ കസേര തെറിക്കും

കെ.എസ്.ശബരീനാഥനെ ഉയർത്തിക്കാട്ടി തിരുവനന്തപുരം കോർപറേഷനിൽ കരുത്തുകാട്ടാൻ കോൺഗ്രസിൽ ധാരണ. ഇന്ന് ഡിസിസി ഓഫിസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരിയെ കളത്തിലിറക്കുന്നത്. കവടിയാർ വാർഡിൽ നിന്നാകും ശബരി മത്സരിക്കുക. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ മത്സരിക്കുന്നത്. തിരുവനന്തപുരം കോർപറേഷന്റെ ചുമതലയുള്ള കെ.മുരളീധരൻ ഇക്കാര്യം മനോരമ ഓൺലൈനോടു സ്ഥിരീകരിച്ചു. കെപിസിസി ഭാരവാഹികളും കെഎസ്‌യു, യൂത്ത് കോൺഗ്രസ് ഭാരവാഹികളും കോർപറേഷനിൽ മത്സരിക്കുമെന്നും മുരളീധരൻ പറഞ്ഞു.
മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം കോർപറേഷനിൽ പരമാവധി സീറ്റുകൾ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരിയെ പോലൊരു മുൻ എംഎൽഎയെ കോൺഗ്രസ് കളത്തിലിറക്കുന്നത്. ശബരിയെ മുൻനിർത്തിയുള്ള പ്രചാരണത്തിന് നഗരത്തിലെ യുവാക്കളെ അടക്കം ആകർഷിക്കാനാകും എന്നാണ് വിലയിരുത്തൽ. കണ്ടുപഴകിയ മുഖങ്ങൾക്കു പകരം പൊതു സ്വീകാര്യതയാണ് പാർട്ടി പ്രധാനമായും പരിഗണിച്ചത്. ഭാവി തിരുവനന്തപുരത്തെപ്പറ്റി സംസാരിക്കുന്ന ശബരിയിലൂടെ വിദ്യാസമ്പന്നരുടെ അടക്കം വോട്ട് ആകർഷിക്കാം എന്നാണ് കണക്കുക്കൂട്ടൽ.
പരമാവധി യുവാക്കൾക്ക് സീറ്റു നൽകിയാകും സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക. ഇതിനൊപ്പം മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ള പരിചയ സമ്പന്നരെയും പരിഗണിക്കും. ഘടകക്ഷികൾക്ക് കൊടുക്കേണ്ടെന്ന് ഉറപ്പുള്ളതും തർക്കമില്ലാത്തതുമായ 48 വാർഡുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമായി എന്നാണ് വിവരം. ചില സീറ്റുകളിൽ കൂടി സ്ഥാനാർഥികളെ തീരുമാനിച്ച ശേഷം ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ പുറത്തുവിടും.
2005ൽ സിഇടിയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശബരീനാഥൻ, പിതാവ് ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. 2015ലെ ഉപതിരഞ്ഞെടുപ്പിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ എം. വിജയകുമാറിനെ 10,128 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016ലും വിജയം ആവർത്തിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം കെപിസിസി പുനസംഘടനയിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി.
തിങ്കളാഴ്ച, കെ.മുരളീധരൻ നയിക്കുന്ന വാഹചനപ്രചാരണ ജാഥ ആരംഭിക്കുന്നതിനു മുന്നേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ നീക്കം. 101 വാർഡുകളിലൂടെയും കടന്നുപോകുന്ന ജാഥയിൽ എല്ലാ വാർഡുകളിലും പൊതുയോഗങ്ങൾ സംഘടിപ്പിക്കും. വീണ എസ്. നായർ, എം.എസ്. അനിൽ കുമാർ, ജി.വി. ഹരി എന്നിവരോട് അടക്കം മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. നിലവിൽ യുഡിഎഫിന് 10 സീറ്റുകൾ മാത്രമാണ് സ്വന്തമായുള്ളത്. 8 സീറ്റുകൾ കോൺഗ്രസിനും 2 സീറ്റുകൾ ഘടകക്ഷികൾക്കുമാണ്.
https://www.facebook.com/Malayalivartha

























