ബിഹാറില്‍ ആദ്യഘട്ടത്തില്‍ മികച്ച പോളിങ്; ജനം ജംഗിള്‍ രാജിനെതിരെ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി

ബിഹാറിലെ ആദ്യഘട്ടവോട്ടിങ്ങില്‍ വൈകിട്ട് മൂന്നു മണിവരെ 53.77 ശതമാനം പോളിങ് രേഖപ്പെടുത്തി. ബിഹാറില്‍ വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടപ്പോള്‍, ജനം ജംഗിള്‍ രാജിനെതിരെ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു
പാട്‌ന: ബിഹാറില്‍ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ്. വൈകിട്ട് മൂന്നു മണിവരെ 53.77 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തില്‍ 55.68 ശതമാനം ആയിരുന്നു ആകെ പോളിങ്. വൈകിട്ട് മൂന്നുമണി പിന്നിടുമ്പോഴേക്കും കഴിഞ്ഞ തവണത്തേ പോളിങ് ശതമാനം മറികടക്കുമെന്ന നിലയിലെത്തി. ബിഹാറില്‍ വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടപ്പോള്‍, ജനം ജംഗിള്‍ രാജിനെതിരെ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വാശിയേറിയ പ്രചാരണം വോട്ടിംഗിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ബിഹാറില്‍ നിന്നും കാണുന്നത്. രണ്ടുമണി പിന്നിടുമ്പോള്‍ 2020 ലേതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളില്‍ എത്തുന്നുണ്ട്. ബെഗുസരായ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. പോളിങ് നടക്കുന്നതിനിടെ ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയുടെ കാറിനു നേരെയാണ് കല്ലെറുണ്ടായത്. ബിഹാറിലെ ലക്കിസറായിലാണ് അതിക്രമമുണ്ടായത്.
വോട്ടെടുപ്പ് ദിവസം ബിഹാറിലെ അരാരിയയില്‍ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലാലുപ്രസാദ് യാദവിന്റെ ജംഗിള്‍ രാജാണ് ബിഹാറിന്റെ വികസനത്തെ പിന്നോട്ടടിച്ചതെന്ന് കുറ്റപ്പെടുത്തി. ബിഹാറിനെ ആര്‍ജെഡിയുടെ കാട്ടുഭരണം തകര്‍ത്തുവെന്നും ഇതില്‍ നിന്നും ബിഹാറിനെ രക്ഷിച്ചുവെന്നും ജനം ജംഗിള്‍ രാജിനെതിരെ വിധിയെഴുതുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍, തങ്ങള്‍ ജയിക്കുമെന്നും അതിലൂടെ ബിഹാറിലെ ജനങ്ങളും ബിഹാറും വിജയിക്കുമെന്നും എല്ലാവര്‍ക്കും ഒപ്പം നമ്പര്‍ വണ്‍ ബിഹാര്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 20 വര്‍ഷമായി ഇരട്ട എഞ്ചിന് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ബിഹാറിലെ യുവാക്കള്‍ക്ക് എതിരായാണ് പ്രവര്‍ത്തിച്ചതെന്നും മിസ ഭാരതി എംപി കുറ്റപ്പെടുത്തി. അതേസമയം, ജന്‍സുരാജ് പാര്‍ട്ടിയുടെ മുംഗേറിലെ സ്ഥാനാര്‍ത്ഥി സഞ്ജയ് സിംഗിനെ ഇന്നലെ ബിജെപിയില്‍ ചേര്‍ത്തതിനെ പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ രൂക്ഷമായി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha

























