സങ്കടക്കാഴ്ചയായി... അവധിക്കുശേഷം ജോലിയിൽ തിരികെ പ്രവേശിക്കാനെത്തിയ ഓഫീസർ കുഴഞ്ഞ് വീണു മരിച്ചു

ആകാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി.... ഒരുമാസത്തെ അവധിക്കുശേഷം ജോലിയിൽ തിരികെ പ്രവേശിക്കാനെത്തിയ വിഴിഞ്ഞം സബ്ട്രഷറിയിലെ ജൂനീയർ സൂപ്രണ്ട് ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു.
പാറശ്ശാല കരുമാനൂർ കോട്ടവിള അരുൾ ഭവനിൽ വി. അരുൾ (53) ആണ് മരിച്ചത്. ഓഫീസിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജീവനക്കാരുടെ നേത്യത്വത്തിൽ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ പത്തോടെ വിഴിഞ്ഞത്തെ സബ്ട്രഷറി ഓഫീസിലായിരുന്നു സംഭവം.
വലതുകണ്ണിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട ചികിത്സയുമായി അരുൾ ഒരുമാസത്തോളം അവധിയിലായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ ഓഫീസിലെത്തിയെങ്കിലും ശാരിരീക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാർ 108 ആംബുലൻസ് വിളിച്ചുവരുത്തി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ 10.50 ഓടെ മരിച്ചതായി ജേഷ്ഠനും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച വി.അനിൽ പറഞ്ഞു.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ 12 വർഷമായി ശ്രീചിത്രയിൽ ഹൃദയ സംബന്ധിയായ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. വിഴിഞ്ഞം പോലീസ് കേസെടുത്തു. ഭാര്യ; ജീന സേവിയർ ( അധ്യാപിക നെല്ലിമൂട് സെന്റ് ക്രിസ്റ്റോസ്റ്റംസ് ഗേൾസ്. എച്ച്.എസ്.എസ് ) . മക്കൾ: അനശ്വര, അമീലിയ. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും.
"https://www.facebook.com/Malayalivartha


























