പിതാവിന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

ഉളി യാഴ്ത്തുറ വട്ടക്കരിക്കകം ജംഗ്ഷന് സമീപത്ത് താമസിച്ചിരുന്ന രാജൻ എന്ന് വിളിക്കുന്ന രാജപ്പൻ നായരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉളിയാഴ്ത്തുറ അരുവിക്കോണം ചിറ്റൂർ പൊയ്ക വീട്ടിൽ നിന്നും പൗഡിക്കോണം വട്ടക്കരിക്കകം ഇടവിളാകത്തു വീട്ടിൽ താമസക്കാരനായ ജയസൂര്യ എന്ന് വിളിക്കുന്ന രാജേഷിനെ (40) ആണ് ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ പി. അനിൽ കുമാർആണ് വിചാരണക്കൊടുവിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2015 ആഗസ്റ്റ് 6 നാണ് സംഭവം നടന്നത്.
ചെമ്പഴന്തി അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോർപ്പറേറ്റ് സൊസൈറ്റി ഞാണ്ടൂർക്കോണം ബ്രാഞ്ചിൽ പണയപ്പെടുത്തി കിട്ടിയ 15000 രൂപയിൽ നിന്നും പ്രതിക്ക് കൊടുത്ത വിഹിതം കുറഞ്ഞു പോയതിൽ വച്ചുള്ള വിരോധത്താൽ രാജപ്പൻ നായരെ ഏത് വിധേനയും ദേഹോദ്രവം ഏൽപ്പിച്ച് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി രാത്രി 8 മണിക്ക് വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗം മുറ്റത്തോട് ചേർന്നുള്ള റബ്ബർ പുരയിടത്തിൽ വച്ച് റബ്ബർ കമ്പു കൊണ്ട് രാജപ്പൻ നായരുടെ തലയുടെ ഇടതു ഭാഗം മുകളിലായി ഒന്ന് അടിച്ചു ഗുരുതരമായി ആഴത്തിൽ പരിക്കേൽപ്പിച്ചും സ്ഥലത്ത് നിന്ന് പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിച്ച രാജപ്പൻ നായരെ പ്രതി പിന്തുടർന്ന് വീടിന്റെ തെക്ക് കിഴക്ക് മാറിയുള്ള ഭാഗത്ത് വച്ച് മറ്റൊരു റബ്ബർ കമ്പുകൊണ്ട് ഇടത് ചെവിയുടെ മുകളിൽ തലഭാഗത്തും ശരീരത്തിന്റെ പല ഭാഗത്തും തുരുതുരെ അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു വാരി എല്ലുകൾക്ക് പൊട്ടൽ സംഭവിപ്പിച്ചു. പരുക്കു കളുടെ കാഠിന്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാത്രി 10. 40 മണിക്ക് കൊല്ലപ്പെട്ടുവെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.
തലയ്ക്ക് ഏറ്റ ശക്തമായ മുറിവാണ് മരണകാരണം ആയത്.
സംഭവം കണ്ടുനിന്ന ദൃക് സാക്ഷികളായ പ്രതിയുടെ അമ്മ വിചാരണയിൽ കൂറു മാറുകയും, സഹോദരൻ ഭാഗികമായി പ്രോസിക്യൂഷൻഭാഗത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തിലും മറ്റും പ്രോസിക്യൂഷൻ കേസ് തെളിയിക്കാൻ കഴിഞ്ഞതും ആണ് കേസിൽ നിർണ്ണായകമായത്.
https://www.facebook.com/Malayalivartha



























