ഡിറ്റ്‍വ ചുഴലിക്കാറ്റും തുടർന്നുണ്ടായ പ്രളയവും... കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടിഡോളറിന്റെ സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ

ഡിറ്റ്‍വ ചുഴലിക്കാറ്റും തുടർന്നുണ്ടായ പ്രളയവും കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടി ഡോളറിന്റെ(4034 കോടി രൂപ) സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ദൂതനായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ നടത്തിയ ശ്രീലങ്കാ സന്ദർശനത്തിനിടെയാണ് സഹായപ്രഖ്യാപനം. അതിൽ 35 കോടി ഡോളർ ഇളവോടുകൂടിയ ലൈൻ ഓഫ് ക്രെഡിറ്റായും(എൽഒസി) 10 കോടി ഡോളർ മറ്റ് ഗ്രാന്റുകളായുമാണ് നൽകുക.
ശ്രീലങ്കൻ സർക്കാരുമായി കൂടിയാലോചിച്ച് പാക്കേജിന് അന്തിമാംഗീകാരം നൽകുകയും ചെയ്യും. ഒരു നിശ്ചിത തുക വരെ ആവശ്യമുള്ളപ്പോൾ കടമെടുക്കാനും തിരിച്ചടയ്ക്കാനും കഴിയുന്ന വായ്പാസൗകര്യമാണ് എൽഒസി. തിരിച്ചടച്ച തുക വീണ്ടും കടമെടുക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകതയായുള്ളത്.
പ്രളയത്തിൽ തകർന്ന റോഡ്, റെയിൽവേ, പാലങ്ങൾ എന്നിവയുടെ പുനർനിർമാണം, വീടുകളുടെ പുനർനിർമാണവും കുടുംബങ്ങളുടെ പുനരധിവാസവും, ആരോഗ്യ-വിദ്യാഭ്യാസമേഖലയ്ക്കുള്ള പിന്തുണ, കൃഷി, ഭാവി ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കം എന്നീ അഞ്ച് മേഖലകളിലാണ് സഹായം വിനിയോഗിക്കുക.
ശ്രീലങ്ക പ്രതിസന്ധി നേരിടുമ്പോൾ സഹായവുമായി മുന്നോട്ടുവരുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് സ്വാഭാവിക നടപടിയാണെന്നും അതിൽ അഭിമാനമുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























