കുടുംബശ്രീ തെരഞ്ഞെടുപ്പ് ഈ മാസം 17 മുതൽ .... കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ഇനി കുടുംബശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല....

കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ഇനി കുടുംബശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഈ മാസം 17-മുതൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് (പുനഃസംഘടന) തുടങ്ങുന്നതിന്റെ ഭാഗമായി നിബന്ധനകൾ കർശനമാക്കി.
സർക്കാർ, അർധ സർക്കാർ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ, അങ്കണവാടി എന്നിവയിലെ സ്ഥിരം ജീവനക്കാർക്കും മത്സരിക്കാനാവില്ല. കുടുംബശ്രീയിൽ അയൽക്കൂട്ടം, ഇതിനുമുകളിൽ എഡിഎസ്, സിഡിഎസ് എന്നിങ്ങനെ ത്രിതല ഭരണസംവിധാനമാണുള്ളത്. ഇതിൽ സിഡിഎസ്(കമ്യൂണിറ്റി ഡിവലപ്മെന്റ് സൊസൈറ്റി) ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സിഡിഎസ് അംഗം, എഡിഎസ്(ഏരിയ ഡിവലപ്മെന്റ് സൊസൈറ്റി) ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവർക്കാണ് നിബന്ധന ബാധകമാകുന്നത്.
കുടുംബശ്രീ സംഘടനാസംവിധാനത്തിൽ നിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, സിഡിഎസിൽനിന്നുള്ള വായ്പ എന്നിവയിൽ കുടിശ്ശിക വരുത്തിയവർക്ക് മത്സരിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പിനുമുന്നോടിയായി എല്ലാവർഷവും ഡിസംബറിനു മുൻപ് കുടുംബശ്രീയിൽ ഓഡിറ്റ് പൂർത്തിയാക്കാറുണ്ട്.
ഒരാൾക്ക് രണ്ടുതവണ മാത്രമേ സിഡിഎസ് ചെയർപേഴ്സൺ ആവാൻ കഴിയൂയെന്നും നിബന്ധനയുണ്ട്. അതുപോലെ ഒരു അയൽക്കൂട്ട അംഗത്തിന് തുടർച്ചയായി മൂന്നുതവണയിൽ കൂടുതൽ സിഡിഎസ് അംഗമാകാനും കഴിയില്ല.
മാത്രവുമല്ല ആശ വർക്കർമാർ, ജനപ്രതിനിധികൾ തുടങ്ങി നിലവിൽ ഏതെങ്കിലും ശമ്പളമോ ഓണറേറിയമോ കൈപ്പറ്റുന്നവർ, വിവിധ ചുമതലകളിലേക്ക് സർക്കാർ നിയോഗിച്ചവർ, കുടുംബശ്രീ സംവിധാനത്തിൽനിന്ന് പ്രതിമാസ ഓണറേറിയമോ ശമ്പളമോ കൈപ്പറ്റുന്നവർ തുടങ്ങിയവർക്കും മത്സരിക്കാൻ കഴിയില്ല.
https://www.facebook.com/Malayalivartha
























