ഹൈക്കോടതിയിൽ എത്തിച്ചത് തുന്നി ചെറുതാക്കി കൊച്ചു കുട്ടികളുടേതാക്കിയ അടിവസ്ത്രം..എന്താണ് ആൻ്റണി രാജുവിൻ്റെ തൊണ്ടിമുതൽ കേസ്?

തൊണ്ടിമുതൽ കേസിൽ മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് അഭിഭാഷകനായിരുന്ന ആൻറണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കണ്ടെത്തിയത്.കേസിന്റെ നാൾവഴികൾ പരിശോധിക്കാം..1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആൻഡ്രൂ സാൽവദോർ സർവലിയ എന്ന ഓസ്ട്രേലിയൻ പൗരനാണ് ആൻ്റണി രാജുവിനെ വർഷങ്ങൾക്ക് ശേഷം പ്രതിക്കൂട്ടിൽ നിർത്തിയതെന്ന് പറയാം.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 61 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ആൻഡ്രൂ പിടിയിലായതാണ് കേസിൻ്റെ ആദ്യ സംഭവം. ഹാഷിഷ് ഒളിപ്പിക്കാൻ ഉപയോഗിച്ച അടിവസ്ത്രം ആയിരുന്നു കേസിലെ പ്രധാന തൊണ്ടിമുതൽ. കേസിൽ പ്രതിക്കായി വാദിച്ചത് പ്രശസ്ത അഭിഭാഷകയായ സെലിൻ വിൽഫ്രഡാണ്. മാസങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിൽ കേസിൽ കോടതിയിൽ നിന്ന് സെലിന് തിരിച്ചടിയുണ്ടായി. കേസ് പരാജയപ്പെട്ടു. ആൻഡ്രൂവിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം സെഷൻസ് ജഡ്ജി കെവി ശങ്കരനാരായണൻ ആണ് ഉത്തരവിറക്കിയത്.
ഈ സമയം, സെലിന്‍റെ ജൂനിയർ അഭിഭാഷകനായിരുന്നു നിയമ ബിരുദം നേടിയ ആന്റണി രാജു .കേസിൽ തിരിച്ചടിയുണ്ടായതോടെ അധികം വൈകാതെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. എന്നാൽ വിദേശ പൗരൻ ആൻഡ്രൂവിനായി ഇത്തവണ വക്കാലത്തെടുത്തത് കുഞ്ഞിരാമ മേനോൻ ആണ്. വാദ പ്രതിവാദങ്ങൾക്കൊടുവിൽ ഹാഷിഷ് കടത്തിയെന്ന കേസിൽ ഹൈക്കോടതി ആൻഡ്രൂവിനെ വെറുതേവിട്ടു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. ഇവിടെ പ്രതിക്ക് നേട്ടമായത് പോലീസ് ഹാജരാക്കിയ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രമാണ്.
ഈ അടിവസ്ത്രം ആൻഡ്രൂവിൻ്റെ അല്ലെന്ന വാദം കോടതിയിൽ വിജയിക്കുകയായിരുന്നു. അടിവസ്ത്രം പ്രതിക്ക് ഇടാൻ കഴിയില്ലെന്ന് കോടതി നേരിട്ട് ഉറപ്പാക്കി. കോടതി വെറുതെ വിട്ടതോടെ വൈകാതെ ആൻഡ്രൂ രാജ്യം വിട്ടു.ആൻഡ്രൂ ജയിലിലായി നാല് മാസം കഴിഞ്ഞപ്പോള്‍ പോള്‍ എന്നൊരു ബന്ധു കോടതിയിലെത്തിയതോടെയാണ് കേസിൻ്റെ അട്ടിമറി ആരംഭിക്കുന്നത്. ആവശ്യമില്ലാത്ത സ്വകാര്യ വസ്തുക്കൾ കൈമാറണമെന്ന ഹർജിയിൽ പോളും ആന്‍റണി രാജുവും സ്വകാര്യവസ്തുക്കള്‍ക്കൊപ്പം കേസിലെ നിർണായക തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി.
തുടർന്ന് അടിവസ്ത്രം മുറിച്ച് ചെറുതാക്കി പഴയതുപോലെ തുന്നിപ്പിടിപ്പിച്ച് വിചാരണയ്ക്ക് തൊട്ട് മുൻപ് കോടതിയിൽ തിരികെ സമർപ്പിച്ചു. ഈ അടിവസ്ത്രമാണ് പ്രതിക്ക് ഹൈക്കോടതിയിൽ അനുകൂലമായത്.ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, Received എന്നും Returned എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. (പകർപ്പ് ഒപ്പം ചേർക്കുന്നു) . വിചാരണ നടന്നാൽ പ്രതികൾ രണ്ടുപേരും അഴിയെണ്ണുമെന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന തെളിവാണീ രേഖ.
https://www.facebook.com/Malayalivartha
























