ഇലക്ട്രിക് ബസ് കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രമേ സര്‍വ്വീസ് നടത്താന്‍ പാടുള്ളുവെന്ന നിര്‍ബന്ധ വ്യവസ്ഥയില്ല; വരുന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യും

കെഎസ്ആര്‍ടിസിക്ക് കോര്‍പ്പറേഷന്‍ വാങ്ങി നല്‍കിയ ഇലക്ട്രിക് ബസ് വിവാദത്തില്‍ പിന്നോട്ടില്ലാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വിവി രാജേഷും മന്ത്രി കെബി ഗണേഷ് കുമാറും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ചതിനുപിന്നാലെയുള്ള ആദ്യ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയാക്കാനാണ് ബിജെപിയുടെ നീക്കം. വിവി രാജേഷാണ് ഇലക്ട്രിക് ബസിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്ത് ബസ് ഓടിക്കുന്നത് കരാര്‍ ലംഘനമാണെന്നാണ് മേയറുടെ വാദം. എന്നാല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നാണ് ഗണേഷ് കുമാര്‍ മറുപടി നല്‍കിയത്.
നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാന്‍ സ്മാര്‍ട് സിറ്റി ഫണ്ട് ഉപയോഗിച്ച് കെഎസ്ആര്‍ടിസിക്ക് കോര്‍പ്പറേഷന്‍ വാങ്ങി നല്‍കിയ ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നാണ് വിവി രാജേഷിന്റെ നിലപാട്. കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടാല്‍ സ്മാര്‍ട്‌സിറ്റി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 113 ബസുകളും തിരികെ നല്‍കാന്‍ തയ്യാറാണെന്നും പിന്നീട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ബസുകള്‍ തിരിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും വരുന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നുമാണ് മേയര്‍ പറയുന്നത്.
എന്നാല്‍, നഗരത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഇലക്ട്രിക് ബസുകള്‍ ഓടിക്കാമെന്ന് കരാറില്‍ പറയുന്നുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രമേ സര്‍വ്വീസ് നടത്താന്‍ പാടുള്ളുവെന്ന നിര്‍ബന്ധ വ്യവസ്ഥയില്ല. ലാഭവിഹിതം കോര്‍പ്പറേഷന് നല്‍കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും അതിനായി ഉന്നതതല സമിതി രൂപീകരിക്കണമെന്നാണ് കരാര്‍. ഈ സമിതി നിലവില്‍ രൂപീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha





















