നിർണായക തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണസംഘം; ശബരിമലയിലെ സ്വർണ്ണമാണോ എന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധനാഫലം 8ന് ലഭിക്കും: അനുകൂലമായാൽ, സ്വർണ്ണം വീണ്ടെടുക്കൽ ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾക്ക് നിർണായക വഴിത്തിരിവാകും; ശങ്കർദാസ് അതീവ ഗുരുതരാവസ്ഥയിലെന്ന് സൂചന...

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചതോടെ, നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കുന്നതുൾപ്പെടെ നിർണായക തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) തയ്യാറെടുക്കുകയാണ്. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി നാലാമത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അതിന് മുൻപായി ശബരിമലയിൽ നിന്ന് നഷ്ടമായ സ്വർണ്ണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കേസിലെ പ്രതി ഗോവർധന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ സ്വർണ്ണം ശബരിമലയിലെതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാഫലം ഈ മാസം എട്ടിന് ലഭിക്കുമെന്നാണ് വിവരം. പരിശോധനാഫലം അനുകൂലമായാൽ, സ്വർണ്ണം വീണ്ടെടുക്കൽ ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾക്ക് അത് നിർണായക വഴിത്തിരിവാകുമെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ.
ഇത് ശബരിമലയിലെ തത്തുല്യമായ സ്വർണം ആണെന്നാണ് ഗോവർദ്ധന്റെ മൊഴി. കേസിൽ 10 പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും സ്വർണ്ണം വീണ്ടെടുക്കാൻ ആയി എന്ന് എസ്ഐടിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ കെ പി ശങ്കരദാസിനെതിരെയുള്ള അന്വേഷണവും കൂടുതൽ ശക്തമാകാനാണ് സാധ്യത.
ആരോഗ്യകാരണങ്ങൾ പറഞ്ഞ് നേരത്തെ ശങ്കരദാസിന്റെ അറസ്റ്റ് വൈകിപ്പിച്ചിരുന്നു എന്ന ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്. നിലവിൽ ശങ്കർദാസ് അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് സൂചനകൾ. കഴിഞ്ഞ ആഴ്ചഴ്‌ച പക്ഷാഘാതം വന്നിരുന്നു. ഈ സാഹചര്യത്തിൽ അറസ്റ്റ് നടപടിക്രമങ്ങളിൽ മാത്രമൊതുങ്ങും. കൊച്ചി കമ്മീഷണർ ഹരിശങ്കറിന്റെ അച്ഛനാണ് ശങ്കരദാസ്.
https://www.facebook.com/Malayalivartha






















