ഞെട്ടലോടെ കോണ്‍ഗ്രസ്... നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീഗ്; സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥ വേണമെന്നും ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ മുസ്ലീം ലീഗ് പണി തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി മുസ്ലിം ലീഗ്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇക്കാര്യങ്ങൾ മുന്നണി യോഗത്തിൽ അവതരിപ്പിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകും. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥയും മാനദണ്ഡം ആക്കണമെന്ന ആവശ്യം കോഴിക്കോട്ട് ഇന്ന് ചേർന്ന് ലീഗ് നേതൃയോഗത്തിൽ ഉയർന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ മത്സരിക്കുകയും 15 വിജയിക്കുകയും ചെയ്ത മുസ്ലിം ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂടുതൽ നിയമസഭാ സീറ്റുകൾ എന്നാവശ്യം ഉന്നയിക്കാൻ ഒരുങ്ങുന്നത്. മുന്നണി യോഗത്തിൽ ഈ കാര്യം ഉന്നയിക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ന് കോഴിക്കോട് ചേർന്ന് നേതൃയോഗത്തിന് മുമ്പായി പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ജയ സാധ്യതയ്ക്ക് ആയിരിക്കണം മുഖ്യപരിഗണന എന്നും യുവാക്കൾക്കും വനിതകൾക്കും ഉൾപ്പെടെ അർഹമായ പരിഗണന നൽകണമെന്നും നേതൃയോഗത്തിൽ ആവശ്യം ഉയർന്നു. സാഹചര്യം അനുകൂലമാണ് എങ്കിലും ജയം ഉറപ്പാക്കാൻ സ്ഥാനാർത്ഥിയെ നിർണയത്തിൽ ടേം വ്യവസ്ഥ മാനദണ്ഡം ആക്കണമെന്ന ആവശ്യവും യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചു.
തുടർച്ചയായി തോൽവി ഏറ്റുവാങ്ങുന്ന തിരുവമ്പാടി ഉൾപ്പെടെയുള്ള സീറ്റുകള്‍ കോൺഗ്രസുമായി വച്ച് മാറുന്ന കാര്യവും ചർച്ചകളിലുണ്ട്. എസ്ഐആറിനെതിരായ പ്രക്ഷോഭ പരിപാടികളും ശക്തമാക്കാനും നേതൃയോഗം തീരുമാനിച്ചു. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട വരെ കണ്ടെത്താനായി ഈ മാസം 10 ന് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും മുസ്ലിം ലീഗ് പ്രവർത്തകർ ഭവന സന്ദർശനം നടത്തുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന വി ശിവൻകുട്ടി പറഞ്ഞത് ശരിയല്ലെന്ന് എം വി ഗോവിന്ദന്‍. നേമത്ത് മത്സരിക്കില്ലെന്നും ഉണ്ടെന്നും പറഞ്ഞതൊന്നും ശരിയല്ല. സീറ്റ് നിര്‍ണയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വി ഡി സതീശന്റെ 100 സീറ്റ് അവകാശവാദത്തെയും ഗോവിന്ദൻ പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു വിസ്മയവും ഉണ്ടാക്കാൻ പോകുന്നില്ല. സതീശൻ ബോംബ് പൊട്ടും എന്ന് പണ്ട് പറഞ്ഞില്ലേ. നൂറ് സീറ്റും ബോംബ് പോലെ പൊട്ടുമെന്നാണ് പരിഹാസം. ആന്റണി രാജുവിന്റെ കേസ് പതിറ്റാണ്ടുകൾക്ക് മുൻപുള്ളത്. അതിൽ ഞങ്ങൾക്കെന്ത് തിരിച്ചടിയാണ് ഉള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു. തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കുന്നതിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേമത്ത് മത്സരിക്കാനില്ലെന്ന വി ശിവൻകുട്ടിയുടെ തുറന്ന് പറച്ചിൽ തലസ്ഥാന സിപിഎമ്മിലുണ്ടാക്കിയത് വലിയ ആശയക്കുഴപ്പമാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടത് പാര്‍ട്ടിയെന്ന് പിന്നീട് തിരുത്തിയെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വലിയ ചര്‍ച്ചയായി. ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് നേമം. ഇവിടെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഇറങ്ങി നിൽക്കുന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. നേമത്ത് ശിവൻകുട്ടിയല്ലാതെ മറ്റാരെന്ന് സിപിഎമ്മിന് ഒരു സംശയവും ഇല്ലെന്നിരിക്കെയാണ് മത്സരിക്കാൻ ഇല്ലെന്ന പ്രഖ്യാപനം. മത്സരത്തിന് ഒരുക്കാൻ അനൗദ്യോഗിക നിര്‍ദ്ദേശം പാര്‍ട്ടി നൽകിയിട്ടും ചുമതലക്കാരെ റോസ് ഹൗസിലേക്ക് വിളിച്ച് വരുത്തി മന്ത്രി മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടും ചുരുങ്ങിയത് ഒരുമാസമെങ്കിലുമായി. നേമത്തെ വോട്ടര്‍മാരുടെ എസ്ഐആര്‍ നടപടി ക്രമങ്ങളിലൊക്കെ മന്ത്രിയോട് അടുത്ത വൃത്തങ്ങൾ സജീവമായി ഇടപെടുന്നുണ്ട്. ബിജെപിയുമായി മത്സരം ഭയന്ന് ഇടത് നേതാക്കൾ കൂട്ടത്തോടെ പിൻമാറുമെന്നും അതിന്‍റെ തുടക്കമാണ് ശിവൻകുട്ടി പറഞ്ഞതെന്നും പ്രതിപക്ഷ നേതാക്കൾ വരെ ഏറ്റുപിടിച്ചതോടെയാണ് അബദ്ധം മനസിലാക്കി മണിക്കൂറൊന്ന് തികയും മുമ്പേ മന്ത്രി തിരുത്തിയത്.
അതേസമയം തൊണ്ടിമുതൽ കേസിൽ കോടതി വിധിയോടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായ ആന്‍റണി രാജുവിന് പകരം തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്ന ചര്‍ച്ച സിപിഎമ്മിൽ സജീവമാണ്. നേമത്ത് നിന്ന് വി ശിവൻകുട്ടിയുടെ പിൻമാറ്റ പ്രഖ്യാപനം ആ അര്‍ത്ഥത്തിൽ വരെ ചര്‍ച്ചയുമായി. എന്ത് വിലകൊടുത്തും ബിജെപിയെ പ്രതിരോധിക്കുകയെന്ന പ്രഖ്യാപിത നയം നിലനിൽക്കെ അവധാനതയില്ലാത്ത പ്രതികരണങ്ങളിൽ പാര്‍ട്ടി നേതൃത്വത്തിനും അതൃപ്തിയുണ്ട്.
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറക്കിയിരുന്നു. നെടുമങ്ങാട് കോടതി 3 വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയായത്. 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്‍റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായത്.
കോടതി വിധി വിശദമായി പരിശോധിച്ച ശേഷം നിയമസഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമപ്രകാരം ജനപ്രതിനിധിക്ക് സ്വയം ഒഴിയാനുള്ള അവസരം നഷ്ടമാകും. ഇത്തരത്തിൽ അയോഗ്യത നേരിടുന്ന കേരളത്തിലെ ആദ്യ ജനപ്രതിനിധി കൂടിയാണ് ആന്‍റണി രാജു. വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ആന്‍റണി രാജുവിന് കഴിയില്ല. മേൽ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനിൽക്കും. തിരുവനന്തപുരം സെന്‍ട്രലിലെ എംഎല്‍എയായിരുന്നു ആന്‍റണി രാജു.
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. ആന്‍റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കും. അടുത്ത കൗൺസിൽ വിഷയം പരിഗണിച്ച് അച്ചടക്ക സമിതിക്ക് വിടുമെന്ന് ബാർ കൗൺസിൽ പ്രസിഡന്‍റ് അഡ്വ ടി എസ് അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. നടപടികളുടെ ഭാഗമായി ആൻ്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുക. കോടതിയിലുള്ള തെളിവിൽ അട്ടിമറി നടത്തിയ ആൻ്റണി രാജുവിന്റെ നടപടി ഗുരുതരമെന്നും, നാണക്കേടെന്നുമാണെന്ന് ബാർ കൗൺസിലിൻ്റെ വിലയിരുത്തൽ. കേസിൽ മൂന്ന് വർഷം തടവിനാണ് ആൻ്റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്
അതേസമയം അവിശ്വാസികളെ ദേവസ്വം ബോർഡ് ഏൽപ്പിച്ചതിന്‍റെ പരിണിതഫലമാണ് കേരളം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ശബരിമലയിലെ സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട് ശക്തമായ തുടർ സമരപരമ്പരകൾക്ക് കോൺഗ്രസ് സംസ്ഥാനത്ത് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൈവഭയമില്ലാത്തവർ ദൈവത്തിന്‍റെ സ്വത്ത് സ്വന്തം സ്വത്താണെന്ന് കരുതി കൊള്ളയടിക്കുന്ന സാഹചര്യം മാർക്സിസ്റ്റ് ഗവൺമെന്‍റ് സൃഷ്ടിച്ചു. ഈ കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സുപ്രീം കോടതിയും നടത്തിയ നിരീക്ഷണങ്ങൾ അതീവ ഗൗരവതരമാണ്.
എസ്ഐടിയിൽ പോലും വിശ്വാസമില്ലായ്മ പ്രകടിപ്പിക്കുന്ന തരത്തിലാണ് കോടതിയുടെ ഇടപെടലുകൾ. രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ഈ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മാർക്സിസ്റ്റ് പാർട്ടിയും ഗവൺമെന്‍റും സ്വീകരിക്കുന്നത്. ഇതിനെതിരായി ശക്തമായ ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ശബരിമലയില്‍ നടന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കൊള്ളയാണ്. അന്താരാഷ്ട്ര ബന്ധങ്ങള്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ കൂടുതല്‍ സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് കണ്ടുകൊണ്ടിരിക്കുകയാല്ലേ? എസ്ഐടിയെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ എങ്ങനെ ശ്രമിക്കുന്നു എന്നതിന്‍റെ തെളിവാണ് ഹൈക്കോടതിയുടെ ഓരോ നിരീക്ഷണങ്ങളും ഇടപെടലും. ഇപ്പോള്‍ സുപ്രീംകോടതിയുടെ നിരീക്ഷണവും വളരെ വ്യക്തമാണ്. രാജ്യത്തെ തന്നെ ഞെട്ടിച്ച ശബരിമലയിലെ സ്വർണ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മും സര്‍ക്കാരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 2019ലും ഇവര്‍ വിവാദമുണ്ടാക്കി. ശബരിമലയെ വിവാദകേന്ദ്രമാക്കി മാറ്റിയെടുക്കുകയെന്നത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമാണ്. ഇപ്പോള്‍ കൊള്ളയുടെ കേന്ദ്രവുമാക്കി ഇപ്പോള്‍ മാറ്റിയിരിക്കുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കൂടുതൽ ജാഗ്രതയോടും കരുതലോടും കൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കർമ്മപരിപാടികളാണ് ദ്വിദിന ലീഡർഷിപ്പ് സമ്മിറ്റ് ആവിഷ്കരിച്ചിരിക്കുന്നതെന്നും കെ സി പറഞ്ഞു. വരും ദിവസങ്ങളിൽ വ്യക്തമായ ക്യാമ്പയിനുകളും പ്രചാരണ പരിപാടികളും സമരങ്ങളും ഇതിന്‍റെ ഭാഗമായി ഉണ്ടാകും. സ്ഥാനാർത്ഥി നിർണയത്തിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ മധുസൂദൻ മിസ്ത്രി ചെയർപേഴ്സണായ സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻ തന്നെ കേരളം സന്ദർശിക്കും. കേരളത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യും.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്.ഐ.ടി ഹൈക്കോടതിയിൽ. രേഖകൾ മറച്ചുവെക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും, സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടി സംഘത്തിന് കഴിഞ്ഞുവെന്നും കോടതിയുടെ നിരീക്ഷണം. നിർഭയമായി അന്വേഷണം മുന്നോട്ടു പോകണമെന്നും ഹൈക്കോടതി. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്.ഐ.ടി സംഘത്തലവന് ഉൾപ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
മാധ്യമ വിചാരണയ്‌ക്കെതിരെയും ഹൈക്കോടതിയുടെ പരാമർശം. അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എസ് ഐ ടി. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കേവലം സങ്കൽപ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായും തോന്നുന്നു. അന്വേഷണ പുരോഗതി പരിഗണിക്കാതെയാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നത്. ഇത് അന്വേഷണത്തെ ദുർബലപ്പെടുത്താൻ അന്വേഷണസംഘത്തിലുള്ള വിശ്വാസം നഷ്ടമാക്കാനും കാരണമാകും എന്നും കോടതി. ഊഹാപോഹങ്ങളും മറ്റും അന്വേഷണത്തെ ദുർബലപ്പെടുത്തും. മാധ്യമ വിചാരണയുടെ കീഴിൽ കേസന്വേഷണം നടത്താനാകില്ലെന്നും കോടതി പറഞ്ഞു.
അതേസമയം കോൺഗ്രസ് പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര്‍ എംപി. 17 വർഷം പാർട്ടിക്കൊപ്പം പ്രവർത്തിച്ച തന്നെക്കുറിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി. എല്‍ കെ അദ്വാനിക്ക് ജന്മദിനാശംസ നേർന്നത് പ്രായമായ ഒരാളെ ബഹുമാനിച്ചു എന്നതെ ഉള്ളൂ. തൻ്റെ അഭിപ്രായങ്ങളിൽ നിന്ന് ചില വാക്കുകൾ അടർത്തിയെടുത്ത് മാധ്യമങ്ങൾ വിവാദമാക്കിയെന്ന് പറഞ്ഞ തരൂര്‍, മോദിയെ താന്‍ പുകഴ്ത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും തരൂര്‍ വ്യക്തമാക്കി. ഓരോ വ്യക്തികളുടെ ഇഷ്ടപ്രകാരം ആയിരിക്കും എംപിമാർക്ക് മത്സരിക്കാൻ കഴിയുക, അതിൽ പാർട്ടി കണ്ടിഷൻസ് വെച്ചേക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ലീഡേഴ്‌സ് ക്യാമ്പില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കമില്ലെന്നും അത്തരം പ്രചരണം സിപിഎമ്മിന്‍റെ തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്‍റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്നും വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ സതീശൻ അഭിപ്രായപ്പെട്ടു. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്‍ഫോം ഉയരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അതേസമയം അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി. ഹിയറിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്‍റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.
പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്‍ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം തന്നെ നിയമനം നടത്തണമെന്നും നിർദ്ദേശിച്ചു. ഇ ആർ ഒ എ ഇ ആർ ഒ, അഡീഷണൽ എ.ഇ.ആർ.ഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തുകയും, പകരം ആളെ നിയമിക്കുന്ന മുറയ്ക്ക് മാത്രം എൽപിഎആർ (വിരമിക്കുന്നതിനു മുൻപുള്ള അവധി) അനുവദിക്കുകയും ചെയ്യേണ്ടതാണ്.
ഇക്കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്താൻ പാടില്ല. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്. കരട് പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനായുളള ബോധവത്ക്കരണം നടത്തും. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുകയാണെങ്കില്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുവാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.
ക്യാമ്പുകളില്‍ ഒരു കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്ക് സജ്ജമാക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുകയും ആവശ്യമായ നടപടികൾക്ക് ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അർഹരായ മുഴുവൻ ആളുകൾക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്‍റെ നയം. എസ്ഐആർ പ്രക്രിയ അർഹതയുള്ള എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം എന്ന് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. എന്നാൽ അതിന് അനുകൂലമായ തീരുമാനങ്ങളല്ല ഉണ്ടായത്. അർഹരായ എല്ലാവർക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്. വോട്ടർ പട്ടികയിൽ നിന്ന് വിട്ടുപോയ മുഴുവൻ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു എന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും ശ്രീലേഖ കുറിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി നേരത്തെ ശ്രീലേഖ തുറന്ന് പറഞ്ഞിരുന്നു.
ശ്രീലേഖ ആദ്യം പറഞ്ഞത് ഇതാണ്. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണെന്നും ആര്‍ ശ്രീലേഖ തുറന്നടിച്ചു. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ താനായിരിക്കും കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്നാണ് കരുതിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയാണ് താൻ. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തിൽ പാര്‍ട്ടി പറഞ്ഞത് അംഗീകരിക്കുകയായിരുന്നു. താനാണ് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്നാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതും. ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത്.
എന്നാൽ, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി. വിവി രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് തന്‍റെ കണക്കുകൂട്ടൽ. നേതൃത്വത്തിന്‍റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ തന്നെ ഉണ്ടാകുമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആര്‍ ശ്രീലേഖ അതൃപ്തി തുറന്നുപറഞ്ഞത്. ഇത് വാർത്തയായതിന് പിന്നാലെ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയാണ് ഇപ്പോൾ ശ്രീലേഖ രംഗത്ത് വന്നിട്ടുള്ളത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. ഡെപ്യൂട്ടി മേയർ ജിഎസ് ആശാനാഥും ഒന്നിച്ച് മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചുവെന്ന് വി വി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കോർപറേഷന്‍റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ പിന്തുണ തേടിയെന്നും വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തുവെന്നും വി വി രാജേഷ് പറഞ്ഞു. സംസ്ഥാന തലസ്ഥാനങ്ങളിലെ കോർപറേഷനുകളിലേക്കുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകുവാനുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുവാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും വി വി രാജേഷ് കൂട്ടിച്ചേർത്തു.
നേരത്തെ, മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്ന വാർത്തകൾ ഏറെ ചര്‍ച്ചയായിരുന്നു. പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് എത്തി. വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ഓഫീസ് ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാവിലെ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റന്‍റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാമെന്ന് പിഎ അറിയിച്ചു. അതുകഴിഞ്ഞ് പിഎ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു.
താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ- അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്നും വാർത്ത തിരുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ കുറിപ്പിൽ പറയുന്നു. താനാണ് മുഖ്യമന്ത്രിയെ അങ്ങോട്ട് വിളിച്ചതെന്ന് വി വി രാജേഷും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha





















