മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു;പൂനെ നഗരത്തിന്റെ വികസനത്തിന് നിർണായക പങ്ക് വഹിച്ചയാൾ എന്ന് കോൺഗ്രസ്

പൂനെ മുൻ എംപിയും കേന്ദ്ര റെയിൽവേ സഹമന്ത്രിയുമായ സുരേഷ് കൽമാഡി ഇന്ന് അന്തരിച്ചു. 81 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അദ്ദേഹം. നവി പേട്ടിൽ ഇന്നു വൈകുന്നേരം 3.30 ന് സംസ്കാരം നടക്കും.
ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായി കൽമാഡി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ 2010ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അന്വേഷണത്തിനു വിധേയനാവുകയും 2011 ഏപ്രിലിൽ അറസ്റ്റിലാവുകയും ചെയ്തു. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
1980-ൽ കോൺഗ്രസ് (എസ്) എംപിയായി കൽമാഡി ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1986-ൽ അദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയും 1992-ൽ അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കൽവാഡി ആദ്യമായി 1996 ലും പിന്നീട് 2004 ലും 2009 ലും ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.
"കുംഭകോണവുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. ഒരു കേസ് മാത്രമേ ഇനി വിചാരണയിലുള്ളൂ," കോൺഗ്രസ് നഗര വക്താവ് രമേശ് അയ്യർ പറഞ്ഞു. പൂനെ നഗരത്തിന്റെ വികസനത്തിന് സുരേഷ് കൽമാഡി പ്രധാനമായും നിർണായക പങ്ക് വഹിച്ചതായി കോൺഗ്രസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























