ആലപ്പുഴയില്‍ അപകടത്തില്‍ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിലെ സമ്പാദ്യം കണ്ട് ഞെട്ടി പൊലീസ്

ആലപ്പുഴ നൂറനാടും പരിസരത്തും ചുറ്റിത്തിരിഞ്ഞു നടന്നിരുന്ന ഭിക്ഷാടകന്റെ സഞ്ചിയില്‍ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങളുടെ നോട്ടുകള്‍. സ്‌കൂട്ടര്‍ ഇടിച്ചു മരിച്ച ഭിക്ഷാടകന്‍ മരിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സഞ്ചിയില്‍ നിന്നും നാലര ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്. നിരോധിച്ച രണ്ടായിരത്തിന്റെ നോട്ടുകളും സൗദി റിയാലും ഉള്‍പ്പെടെയാണ് ഭിക്ഷാടകന്റെ സഞ്ചിയില്‍ നിന്ന് കണ്ടെത്തിയത്. ആലപ്പുഴ നൂറനാട്, ചാരുമൂട് ഭാഗങ്ങളില്‍ ചുറ്റിത്തിരിയുന്ന ഭിക്ഷാടകന് തിങ്കളാഴ്ച്ച രാത്രിയാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് പരിക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ആരോടും പറയാതെ ആശുപത്രിയില്‍ നിന്ന് ഇറങ്ങി പോയി.
ചൊവ്വാഴ്ച രാവിലെ ചാരുംമൂട് കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സഞ്ചികള്‍ നൂറനാട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നു പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ അടങ്ങിയ പേഴ്‌സുകളും ടിന്നുകളും കണ്ടത്. പഞ്ചായത്തംഗത്തെയടക്കം വിളിച്ചുവരുത്തി നോട്ടുകള്‍ തരംതിരിച്ച് എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ പൊലീസും ജനപ്രതിനിധിയും ഞെട്ടി. 4,52,207 രൂപയാണ് ഉണ്ടായിരുന്നത്. അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ടുകള്‍ അടുക്കി സെല്ലോടേപ്പ് ഒട്ടിച്ചാണ് സഞ്ചിയില്‍ സൂക്ഷിച്ചിരുന്നത്. അനില്‍ കിഷോര്‍, കായംകുളം എന്നാണ് ഭിക്ഷാടകന്‍ ആശുപത്രിയില്‍ നല്‍കിയ മേല്‍വിലാസം. ബന്ധുക്കളായി ആരും ഇതുവരെ എത്തിയിട്ടില്ല. കണ്ടെത്തിയ പണം കോടതിക്ക് കൈമാറും.
https://www.facebook.com/Malayalivartha
























