75 രാജ്യങ്ങളിലുള്ളവര്‍ക്ക് കുടിയേറ്റ വിസകള്‍ താല്‍ക്കാലികമായി തടഞ്ഞ് അമേരിക്ക

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ (ഇമിഗ്രന്റ്) വിസകളുടെ പ്രോസസിംഗ് അനിശ്ചിതകാലത്തേക്ക് അമേരിക്കന്‍ ഭരണകൂടം നിര്‍ത്തിവച്ചു. ജനുവരി 21 മുതലാകും തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. അമേരിക്കയിലേക്കുള്ള നിയമപരമായ കുടിയേറ്റ പ്രവേശന പാതകള്‍ നിയന്ത്രിക്കുന്നതിനായി ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ഏറ്റവും വിപുലമായ ശ്രമങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ് മേഖലകളിലെ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സൊമാലിയ, റഷ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ബ്രസീല്‍, നൈജീരിയ, തായ്‌ലാന്‍ഡ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. യുഎസില്‍ സ്ഥിരതാമസത്തിനും ജോലിചെയ്യുന്നതിനുമായ അപേക്ഷിക്കുന്നവര്‍ക്കാണ് നിയന്ത്രണം ബാധകമാകുന്നത്. ടൂറിസ്റ്റ്, ബിസിനസ്, താല്‍ക്കാലിക ജോലി വിസകള്‍ക്ക് ഇത് ബാധകമല്ല. വിദേശികള്‍ക്ക് കര്‍ശന പരിശോധനാ നടപടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ട്രംപ് ഭരണകൂടം ശക്തമാക്കിയിരുന്നു. ദേശീയതയുടെ അടിസ്ഥാനത്തില്‍ കുടിയേറ്റ വിസകള്‍ നിര്‍ത്തിവയ്ക്കാന്‍ നിലവിലെ നിയമ അധികാരം ഉപയോഗിക്കുകയാണെന്ന് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു.
'അമേരിക്കന്‍ ജനങ്ങളുടെ സമ്പത്ത് ചൂഷണം ചെയ്യുന്നതരത്തിലുള്ള കുടിയേറ്റ സംവിധാനത്തിന്റെ ദുരുപയോഗം അവസാനിപ്പിക്കുകയാണ് ലക്ഷ്യം' സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റിന്റെ വക്താവ് ടോമി പിഗോട്ട് പറഞ്ഞു. നടപടി എന്നുവരെ നിലനില്‍ക്കും എന്നതിനുള്ള സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല. കുടുംബ അധിഷ്ടിത കുടിയേറ്റത്തെയാകും നടപടി കൂടുതലായും ബാധിക്കുന്നത്. യുഎസ് ഭര്‍ത്താക്കന്മാരുടെ ഭാര്യാഭര്‍ത്താക്കന്മാര്‍, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരെയാണ് പ്രധാനമായും ബാധിക്കുന്നത്.
ഇതിനിടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടിയേറ്റക്കാര്‍ ദുരുപയോഗം ചെയ്യുന്നതായുള്ള ട്രംപിന്റെ വാദത്തെ തള്ളിക്കളയുന്ന പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം പതിനായിരത്തിലധികം വിസകള്‍ റദ്ദാക്കിയതായി സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. കഴിഞ്ഞ മാസം മാത്രം 6.05 ലക്ഷം പേരെ നാടുകടത്തിയതായും 25 ലക്ഷം പേര്‍ സ്വമേധയാ രാജ്യം വിട്ടതായും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























