വസ്ത്രങ്ങളില്‍ അഴുക്ക് പറ്റിയതിന് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ആറ് വയസ്സുകാരിയെ മര്‍ദ്ദിച്ചുക്കൊന്നു

വസ്ത്രങ്ങള്‍ അഴുക്കായതിന്റെ പേരില്‍ ആറ് വയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്നു. പിതാവായ അക്രം, രണ്ടാനമ്മ നിഷ എന്നിവരാണ് മകള്‍ ഷിഫയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ദസ്‌നയിലാണ് ദാരുണ സംഭവം. അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മരിച്ചുപോയ തരാന എന്ന സ്ത്രീയുടെയും അക്രത്തിന്റെയും മൂന്ന് മക്കളില്‍ ഒരാളായിരുന്നു ഷിഫ. തരാനയുടെ മരണത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് അക്രം നിഷയെ വിവാഹം കഴിച്ചത്.
കഴിഞ്ഞ ഞായറാഴ്ച റോഡില്‍ കളിച്ചുകൊണ്ടിരുന്ന ഷിഫ അബദ്ധത്തില്‍ അഴുക്കുചാലിലേക്ക് വഴുതി വീഴുകയായിരുന്നു. വസ്ത്രങ്ങളില്‍ അഴുക്ക് പറ്റിയത് കണ്ടപ്പോള്‍ അക്രവും നിഷയും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് കഠിനമായ തണുപ്പില്‍ വീടിന്റെ പുറത്ത് ഉപേക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ഷിഫ മരിച്ചത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ വാരിയെല്ല് ഒടിവുകള്‍, രക്തച്ചൊരിച്ചില്‍ എന്നിവയുള്‍പ്പെടെ 13 മുറിവുകള്‍ കണ്ടെത്തിയതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ (എസിപി) പ്രിയ ശ്രീ പാല്‍ അറിയിച്ചു. സംഭവത്തില്‍ അക്രമിനെയും നിഷയെയും പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























