നാട്ടുകാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് ആറരക്കോടി രൂപ തട്ടിയെടുത്ത ദമ്പതികള്‍ കൊടുങ്ങല്ലൂരില്‍ പിടിയിലായി

നാട്ടുകാരുടെ പക്കല്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് ആറരക്കോടി രൂപ തട്ടിയെടുത്ത ദമ്പതികള്‍ തൃശൂര്‍ കൊടുങ്ങല്ലൂരില്‍ പിടിയിലായി. തട്ടിയെടുത്ത പണവുമായി വിവിധ സംസ്ഥാനങ്ങളില്‍ ഉല്ലാസ ജീവിതം നയിക്കുമ്പോഴാണ് പ്രതികള്‍ അറസ്റ്റിലായത്.
കൊടുങ്ങല്ലൂരിലെ ചെന്ത്രാപ്പിന്നി താനത്ത് പറമ്പില്‍ ഹാരിസും ഭാര്യ ഹസീനയുമാണ് നാട്ടുകാരെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്തത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്ന ഹസീന ആ പരിചയം ഉപയോഗിച്ചാണ് നാട്ടുകാരില്‍ നിന്ന് സ്വര്‍ണവും പണവും പലിശക്ക് നിക്ഷേപമായി സ്വീകരിച്ച് തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബര്‍ വരെ ഇവര്‍ നിക്ഷേപകര്‍ക്ക് കൃത്യമായി പലിശ നല്‍കിയിരുന്നു. ഈ സമയം വരെ നാല് കോടി രൂപയും 1285 പവന്‍ സ്വര്‍ണവും അടക്കം 6. 29 കോടി രൂപയുടെ നിക്ഷേപം ഇവര്‍ കൈക്കലാക്കി. പിന്നീട് ഭാര്യയും ഭര്‍ത്താവും ഒളിവില്‍ പോയി. നിക്ഷേപകര്‍ ഒന്നിച്ച് പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ ഇവര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നതോടെ കണ്ടെത്താനായില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലുള്ള ബന്ധുവീട്ടില്‍ ഇവരെത്തുന്നതായി വിവരം ലഭിച്ചതോടെ നടത്തിയ രഹസ്യനീക്കമാണ് അറസ്റ്റിലേക്ക് നയിച്ചത്. കബളിപ്പിച്ച് സ്വന്തമാക്കിയ പണവുമായി തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് നാട്ടില്‍ ഭൂമിയും സ്വന്തമാക്കുകയും ആധുനിക ബ്യൂട്ടി പാര്‍ലറുകള്‍ ആരംഭിക്കുകയും ചെയ്തതായി കണ്ടെത്തി. ഇവര്‍ പണയം വച്ച 200 പവന്‍ സ്വര്‍ണം കണ്ടെടുത്തു. ബാക്കി പണത്തിനും സ്വര്‍ണത്തിനുമായി അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എസ്.ടി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ സി.ഐ സിബി ടോം, എസ്.ഐ. ബി.രാജഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha