മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. നഗരസഭാ ഭരണം അങ്ങേയറ്റം ദുസ്സഹമാണെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
മാലിന്യ നീക്കം വെറും ഫോട്ടോ ഷൂട്ടായി മാറി. നഗരത്തിലെ തെരുവ് വിളക്കുകള്‍ കത്തുന്നില്ല. കുടിവെള്ള പ്രശ്‌നത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന മേയറുടെ വാദം പരിഹാസ്യമാണെന്നും മന്ത്രി പറഞ്ഞു.
മുന്‍ ഡിജിപിമാരായ ടി.പി. സെന്‍കുമാറിനെയും ആര്‍. ശ്രീലേഖയെയും മന്ത്രി രൂക്ഷമായി പരിഹസിച്ചു. പോലീസിനെതിരെ 'പോടാ പുല്ലേ' എന്ന മുദ്രാവാക്യത്തിന് മുന്‍കൂര്‍ പ്രാബല്യം ഉണ്ടോ എന്നാണ് മന്ത്രി ചോദിച്ചത്.
ഇവര്‍ സര്‍വീസിലിരുന്നപ്പോള്‍ എടുത്ത നടപടികള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേനല്‍ച്ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ ജോലി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പല തൊഴിലുടമകളും പാലിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























